കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്നു മാറി നേമത്ത് മത്സരിക്കാനുള്ള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നീക്കത്തിന് പിന്നിൽ തോൽവി ഭയം. ഇക്കുറി പുതുപ്പള്ളിയിൽ മത്സരിക്കാനിറങ്ങിയാൽ വൻ തോൽവി ഉമ്മൻചാണ്ടി മുന്നിൽ കാണുന്നുണ്ട്. ഇത് ഒഴിവാക്കുന്നതിനു വേണ്ടിയാണ് ഇക്കുറി ഇദ്ദേഹം നേമത്ത് കൂടി മത്സരിക്കുന്നതിനു ലക്ഷ്യമിടുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ പുതുപ്പള്ളി നിയോജക മണ്ഡലത്തിലുണ്ടായ വൻ തിരിച്ചടിയാണ് ഇപ്പോൾ ഉമ്മൻചാണ്ടിയെ മറിച്ചു ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട പുതുപ്പള്ളി, വാകത്താനം, പാമ്പാടി, മണർകാട്, അയർക്കുന്നം, കൂരോപ്പട, അകലക്കുന്നം, മീനടം എന്നീ പഞ്ചായത്തുകളാണ് ഉള്ളത്. ഇതിൽ അയർക്കുന്നവും, മീനടവും ഒഴികെയുള്ള എല്ലാ പഞ്ചായത്തുകളും ഭരിക്കുന്നത് ഇടതു മുന്നണിയാണ്.
മുൻ വർഷങ്ങളിൽ ഉമ്മൻചാണ്ടിയ്ക്ക് മൃഗീയ ഭൂരിപക്ഷം നൽകിയിരുന്ന പഞ്ചായത്തുകളാണ് ഇതെല്ലാം. ഉമ്മൻചാണ്ടിയുടെ വീട് ഇരിക്കുന്ന പുതുപ്പള്ളി പഞ്ചായത്ത് പോലും സി.പി.എം തിരിച്ചു പിടിക്കുന്നതാണ് തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിലുണ്ടായത്. ഇത് തന്നെയാണ് ഇപ്പോൾ സി.പി.എമ്മിന് മണ്ഡലത്തിൽ ഏറെ പ്രതീക്ഷ നൽകുന്ന ഘടകവും. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലുണ്ടായ വൻ മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കാൻ സാധിക്കുമെന്നാണ് സി.പി.എം പ്രതീക്ഷിക്കുന്നത്.
ഈ അടിയൊഴുക്കുകളെ ഭയന്നാണ് ഉമ്മൻചാണ്ടി ഇക്കുറി നേമം സീറ്റിൽ മത്സരിക്കുന്നതിനു തയ്യാറെടുക്കുന്നതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന സൂചനകൾ. നേമത്തും പുതുപ്പള്ളിയിലും മത്സരിക്കുന്നതിനു ഹൈക്കമാൻഡ് ഉമ്മൻചാണ്ടിയ്ക്ക് അനുമതി നൽകിയിട്ടുണ്ട്. ഈ ധൈര്യത്തിലാണ് ഇക്കുറി ഉമ്മൻചാണ്ടി മത്സര രംഗത്തേയ്ക്കിറങ്ങുന്നത്. എസ്.എഫ്.ഐ മുൻ സംസ്ഥാന പ്രസിഡന്റും, ഡിവൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗവുമായ ജെയ്ക് സി.തോമസാണ് ഇക്കുറിയും പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ എതിർ സ്ഥാനാർത്ഥി.
കഴിഞ്ഞ തവണ ഉമ്മൻചാണ്ടിയ്‌ക്കെതിരെ മത്സരിച്ച ജെയ്ക് ഇദ്ദേഹത്തിന്റെ ഭൂരിപക്ഷം കുറയ്ക്കുകയും, മികച്ച മത്സരം കാഴ്ച വയ്ക്കുകയും ചെയ്തിരുന്നു. ഇത് തന്നെയാണ് ഇക്കുറിയും പ്രതീക്ഷിക്കുന്നത്.