യു.ഡി.എഫിനു ബി.ജെ.പി. വോട്ട് മറിച്ചു; കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് ആശങ്ക.

കോട്ടയം: ബി.ജെ.പി. വോട്ടുകള്‍ യു.ഡി.എഫിനു മറിച്ചതായി കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് ആശങ്ക. പാലായില്‍ അടക്കം ബി.ജെ.പി. വോട്ടുകള്‍ യു.ഡി.എഫിലേക്കു വ്യാപകമായി പോയെന്നാണ് ജോസ് വിഭാഗത്തിന്റെ വിലയിരുത്തല്‍. ബി.ജെ.പി. വോട്ടുകള്‍ യു.ഡി.എഫിലേക്കു ചോര്‍ന്നെന്ന ആരോപണം പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണിയാണ് ആദ്യം ഉയര്‍ത്തിയത്. ബി.ജെ.പി. വോട്ട് മറിച്ചെങ്കിലും പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ ജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും എന്തും സംഭവിക്കാമെന്ന അഭിപ്രായം നേതാക്കള്‍ക്കുണ്ട്. വോട്ട് മറിക്കലിനെ ചൊല്ലി എന്‍.ഡി.എയില്‍ ബി.ജെ.പി-ബി.ഡി.ജെ.എസ്. കക്ഷികള്‍ തമ്മില്‍ ഭിന്നത രൂക്ഷമാകുന്നതിനിടെയാണ് കേരള കോണ്‍ഗ്രസ് (എം) രംഗത്തെത്തിയിരിക്കുന്നത്.

മാണി സി. കാപ്പനും ജോസ് കെ. മാണിയും ഏറ്റുമുട്ടിയ പാലായ്ക്കു പുറമെ കേരള കോണ്‍ഗ്രസ് (എം) മത്സരിച്ച കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, പൂഞ്ഞാര്‍, ചങ്ങനാശേരി മണ്ഡലങ്ങളിലാണു ബി.ജെ.പി. വോട്ടുകള്‍ യു.ഡി.എഫിലേക്കു പോയെന്ന ആരോപണം കേരള കോണ്‍ഗ്രസ് (എം) ഉയര്‍ത്തുന്നത്. പാലായില്‍ 5000 മുതല്‍ 7500 വരെ ബി.ജെ.പി. വോട്ടുകള്‍ യു.ഡി.എഫിലേക്കു പോയെന്നാണ് ജോസിന്റെ ആരോപണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏറ്റുമാനൂരില്‍ ബി.ഡി.ജെ.എസ്. വോട്ടുകള്‍ എല്‍.ഡി.എഫിലേക്കു പോയെന്ന പരാതി ബി.ജെ.പിക്കുണ്ട്. പൂഞ്ഞാറില്‍ ബി.ജെ.പി. വോട്ടുകള്‍ ബി.ഡി.ജെ.എസിനു കാര്യമായി കിട്ടിയില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. പൂഞ്ഞാറില്‍ ബി.ജെ.പി. വോട്ടുകള്‍ ലഭിച്ചെന്ന അവകാശവാദവുമായി ജനപക്ഷം സ്ഥാനാര്‍ഥി പി.സി ജോര്‍ജ് രംഗത്തെത്തിയിരുന്നു. മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം മത്സരിച്ച കാഞ്ഞിരപ്പള്ളിയിലും ബി.ജെ.പി. വോട്ട് മറിച്ചെന്ന ആരോപണം കേരള കോണ്‍ഗ്രസ് ഉയര്‍ത്തുന്നു.


അതേസമയം, സി.പി.ഐയുടെ സഹായം കാര്യമായി ലഭിച്ചില്ലെന്ന ആക്ഷേപം ചില നേതാക്കള്‍ക്കുണ്ട്. എന്‍.എസ്.എസ്. നേതൃത്വത്തിനെതിരേ സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുടര്‍ച്ചയായി നടത്തിയ പരാമര്‍ശം നായര്‍ സമുദായത്തിന്റെ പിന്തുണ നഷ്ടമാകുന്നതിനു കാരണമായെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, സി.പി.ഐയുടെ ഭാഗത്തുനിന്നു നല്ല പിന്തുണ ലഭിച്ചെന്നാണ് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി ഇന്നലെ പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റിയില്‍ പറഞ്ഞത്.

കേരളത്തില്‍ എല്‍.ഡി.എഫ് തുടര്‍ഭരണം ഉറപ്പെന്ന് കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി യോഗം വിലയിരുത്തി. ചെയര്‍മാന്‍ ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായാണ് സ്റ്റിയറിംഗ് കമ്മറ്റി ചേര്‍ന്നത്.പ്രതിസന്ധികളില്‍ കേരളത്തെ സധൈര്യം മുന്നോട്ടു നയിച്ച എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയും, വികസന ജനക്ഷേമ പ്രവര്‍ത്തനങ്ങളും, നവകേരളസൃഷ്ടിക്കായുള്ള മുഖ്യമന്ത്രിയുടെ കഠിനമായ പരിശ്രമവും, ഉറച്ച മതേതര നിലപാടുകളും സര്‍ക്കാരിന് അനുകൂലമായ വലിയ തരംഗം സൃഷ്ടിച്ചു.

കേരളത്തെ സാരമായി ബാധിക്കുന്ന രാഷ്ട്രീയ സാമൂഹിക പ്രശ്‌നങ്ങളൊന്നും ചര്‍ച്ച ചെയ്യാന്‍ യു.ഡി.എഫ് തയ്യാറായില്ല. സര്‍ക്കാരിനും, എല്‍.ഡി.എഫ് നേതാക്കള്‍ക്കുമെതിരായ അപവാദപ്രചരങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച യു.ഡി.എഫ് നേതൃത്വം കേരളാ കോണ്‍ഗ്രസ്സ് (എം) സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരായി തരംതാണ കള്ളപ്രചരണങ്ങളും വ്യക്തിഹത്യയും നടത്തുന്നതാണ് തെരെഞ്ഞെടുപ്പില്‍ ഉടനീളം കണ്ടത്.

കേരളാ കോണ്‍ഗ്രസ്സ് (എം) മത്സരിച്ച 12 സീറ്റുകളിലും അഭിമാനകരമായ വിജയം ഉണ്ടാകുമെന്ന് യോഗം വിലയിരുത്തി. കുറ്റ്യാടിയില്‍ മുന്നണിയുടെ ഐക്യവും കെട്ടുറപ്പും കാത്തുസൂക്ഷിക്കാനായി സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും സ്വയം പിന്മാറിയ മുഹമ്മദ് ഇക്ക്ബാലിനെ യോഗം അഭിനന്ദിച്ചു.

കേരളാ കോണ്‍ഗ്രസ്സ് എമ്മിന് വലിയ പിന്തുണയാണ് ഇടതുപക്ഷജനാധിപത്യമുന്നണിയുടെ എല്ലാ ഘടകകക്ഷികളില്‍ നിന്നും ഉണ്ടായത്. എല്ലാ പ്രദേശങ്ങളിലും ഇടതുമുന്നണിയിലെ എല്ലാ ഘടകകക്ഷികളും ഒറ്റക്കെട്ടായി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി അണിനിരന്നതായും യോഗം അഭിപ്രായപ്പെട്ടു.

ചെയര്‍മാന്‍ ജോസ് കെ മാണി അധ്യക്ഷത വഹിച്ച യോഗത്തില്‍ തോമസ് ചാഴിക്കാടന്‍ എം.പി, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ഡോ.എന്‍.ജയരാജ് എം.എല്‍.എ, ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്, പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റുമാര്‍, ഉന്നതാധികാരസമിതി അംഗങ്ങള്‍, ജനറല്‍ സെക്രട്ടറിമാര്‍, പോഷകസംഘടനാ പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Top