തിരുവനന്തപുരം: പല ആരോപണങ്ങളിലും അഭിപ്രായ പ്രകടനങ്ങളിലൂടെയും വിവാദങ്ങളില്‍പ്പെട്ടിട്ടുള്ള നേതാവ് ആര്‍ ബാലകൃഷ്ണപിള്ള. മന്ത്രിസ്ഥാനത്തിനുവേണ്ടി എന്തും വിളിച്ചു പറയുന്ന നേതാവെന്നുള്ള വിശേഷണവുമുണ്ട്. മക്കള്‍ വാശിപിടിച്ചാല്‍ രക്ഷിതാക്കള്‍ കളിപ്പാട്ടം വാങ്ങി കൊടുക്കും. എന്നാല്‍ അതേ ലാഘവത്തോടെയാണ് പിള്ള പാര്‍ട്ടിയെ വിലയ്ക്ക് വാങ്ങുന്നത്.
മകനായ എം.എല്‍.എ കെ.ബി. ഗണേഷ്‌കുമാറിന് മന്ത്രിസ്ഥാനം ഉറപ്പിക്കാന്‍ പാര്‍ട്ടി വിലയ്ക്ക് വാങ്ങാനുള്ള നീക്കമാണ് നടക്കുന്നത്. ഇടതുമുന്നണിയിലുള്ള സ്‌കറിയാതോമസിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസിനെയാണ് ആര്‍. ബാലകൃഷ്ണപിള്ള ഇതിനായി വിലയ്ക്കെടുക്കുന്നത്. സീറ്റ് വില്‍പ്പന മുമ്പ് പല തെരഞ്ഞെടുപ്പുകളിലും നടന്നിട്ടുണ്ടെങ്കിലും ഒരു പാര്‍ട്ടിയെത്തന്നെ വിലയ്ക്കെടുക്കുന്നത് കേരളത്തിന്റെ ചരിത്രത്തില്‍ ഇത് ആദ്യസംഭവമായിരിക്കും.
ഇക്കുറി ഇടതുമുന്നണിയുടെ പിന്തുണയോടെയാണ് പത്തനാപുരത്ത് നിന്ന് ഗണേഷ്‌കുമാര്‍ വിജയിച്ചത്. അദ്ദേഹം വിജയിക്കുകയും ഇടതുമുന്നണി അധികാരത്തില്‍ വരികയും ചെയ്തെങ്കിലും മന്ത്രിസ്ഥാനത്തിന് പരിഗണിച്ചില്ല. ഇടതുമുന്നണിയില്‍ അംഗമായിട്ടുള്ളവരെ മാത്രമേ ഇതിനായി പരിഗണിക്കുകയുള്ളുവെന്നായിരുന്നു അവരുടെ തീരുമാനം. ആര്‍. ബാലകൃഷ്ണപിള്ളയുടെ പാര്‍ട്ടിക്ക് ഇടതുമുന്നണി ഇതുവരെ അംഗത്വം നല്‍കിയിട്ടില്ല. മുന്നണിയുടെ സഹയാത്രികര്‍ മാത്രമാണ്. അതുകൊണ്ടുതന്നെ മന്ത്രിസ്ഥാനം പിള്ളയുടെ പാര്‍ട്ടിക്ക് ലഭിച്ചുമില്ല.
ഈ പ്രശ്നം മറികടക്കാനാണ് സ്‌കറിയാതോമസിന്റെ കീഴിലുള്ള കേരള കോണ്‍ഗ്രസ് പാര്‍ട്ടി വിലയ്ക്കെടുക്കാന്‍ തീരുമാനിച്ചത്. സ്‌കറിയാതോമസിന്റെ പാര്‍ട്ടി ഇപ്പോള്‍ ഇടതുമുന്നണിയില്‍ അംഗമാണ്. ആ സാഹചര്യത്തില്‍ പിള്ളയുടെയും സ്‌കറിയാതോമസിന്റെയും പാര്‍ട്ടികള്‍ ഒന്നായാല്‍ അതിലൂടെ ഗണേഷ്‌കുമാറിനെ മന്ത്രിസ്ഥാനത്ത് എത്തിക്കാം. ഇതാണ് നീക്കം. പാര്‍ട്ടി പൂര്‍ണ്ണമായി വിട്ടുനല്‍കാനായി 50 കോടി രൂപയാണ് ആവശ്യപ്പെട്ടതെന്നാണ് സൂചന. അത് 25 കോടിയില്‍ വരെ എത്തിയിട്ടുണ്ടെന്നും വിശ്വസ്തകേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഈ തുകയ്ക്ക് പാര്‍ട്ടിയുടെ വില്‍പ്പനയ്ക്ക് ധാരണയായിട്ടുണ്ട്. ഇടതുമുന്നണിയുടെ ഒരുറപ്പുകൂടി ലഭിച്ചുകഴിഞ്ഞാല്‍ ഉടന്‍ തന്നെ കരാറുകള്‍ പൂര്‍ത്തിയായി രണ്ടുപാര്‍ട്ടികളും ഒന്നിക്കും.
പാര്‍ട്ടിവില്‍ക്കുന്നെങ്കിലും പുതിയ പ്രസ്ഥാനത്തില്‍ നിന്നും സ്‌കറിയാതോമസിനെ പൂര്‍ണ്ണമായും ഒഴിവാക്കില്ല. രണ്ടും കൂടി ലയിച്ചുവരുന്ന പാര്‍ട്ടിയുടെ ചെയര്‍മാന്‍ ബാലകൃഷ്ണപിള്ള തന്നെയായിരിക്കും. വര്‍ക്കിംഗ് ചെയര്‍മാന്‍ സ്ഥാനം സ്‌കറിയാതോമസിന് നല്‍കും. ബാക്കി സ്ഥാനങ്ങളിലെല്ലാം പിള്ളയുടെ ഉപഗ്രഹങ്ങളെ തന്നെ വയ്ക്കുമെന്നാണ് ധാരണ. ഇത് ഇരുപക്ഷവും അംഗീകരിച്ചിട്ടുണ്ട്. ഗണേഷ്‌കുമാറില്‍ പിള്ളയ്ക്ക് അത്ര വിശ്വാസ്യമില്ലെങ്കിലും പാര്‍ട്ടിക്ക് മന്ത്രിവേണമെന്നതില്‍ നിര്‍ബന്ധമുണ്ട്. അതിനാണ് ഈ നീക്കം. ഇതിന് നേരത്തെ ഇടതുമുന്നണിയിലുള്ള കേരള കോണ്‍ഗ്രസുകളെ മുഴുവന്‍ ഒന്നിപ്പിക്കാന്‍ പിള്ള നീക്കം നടത്തിയിരുന്നു. എന്നാല്‍ അത് സി.പി.എം. തടഞ്ഞു. അതേത്തുടര്‍ന്നാണ് ഇപ്പോള്‍ ഈ നീക്കം.