
തിരുവനന്തപുരം:മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനുമായ ആര്‍ ബാലകൃഷ്ണപിള്ള അന്തരിച്ചു. 86 വയസായിരുന്നു. ഏറെ നാളുകളായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പുലര്‍ച്ചെ 4.50 തോട് കൂടിയാണ് അന്ത്യം.മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായിരുന്നു. കൊട്ടാരക്കര വിജയാസ് ആശുപത്രിയിലാണ് അന്ത്യം. വെന്‍റിലേറ്ററിലായിരുന്ന ഇദ്ദേഹത്തിന്‍റെ ആരോഗ്യ നില വഷളായത് കഴിഞ്ഞ ദിവസമാണ്.
ശ്വാസതടസ്സത്തെ തുടര്‍ന്ന് ദിവസങ്ങൾക്ക് മുൻപ് കൊട്ടാരക്കര വിജയാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഇന്നലെ വൈകിട്ടോടെ മോശമായി. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. രാവിലെ 9 മണി വരെ കൊട്ടാരക്കരയിൽ പൊതുദർശനം. അതിനു ശേഷം വാളകത്തെ തറവാട്ട് വീട്ടിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്കുശേഷം സംസ്കാരം നടക്കും.
നടനും എംഎൽഎയുമായ ബി. ഗണേഷ് കുമാറാണ് മകൻ. പത്തനാപുരത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയായ ഗണേഷ് കുമാറിനു വേണ്ടി പ്രചാരണരംഗത്തിറങ്ങിയ ബാലകൃഷ്ണപിള്ളയായിരുന്നു. പരേതയായ ആർ. വത്സലയാണ് ഭാര്യ. ഉഷ മോഹൻദാസ്, ബിന്ദു ബാലകൃഷ്ണൻ എന്നിവർ പെൺമക്കളാണ്. മരുമക്കൾ: കെ.മോഹൻദാസ് (മുൻ കേന്ദ്ര ഷിപ്പിങ് സെക്രട്ടറി), ബിന്ദു ഗണേഷ് ( ദുബായ്), ടി.ബാലകൃഷ്ണൻ ( മുൻ അഡീഷണൽ ചീഫ് സെക്രട്ടറി).
കേരള കോൺഗ്രസ് സ്ഥാപക നേതാക്കളിൽ ഒരാളാണ് ആർ ബാലകൃഷ്ണ പിള്ള. തൊണ്ണൂറുകൾ വരെ മധ്യകേരളത്തിലും തെക്കൻ കേരളത്തിലും ഏറ്റവും സ്വാധീനമുള്ള നേതാവായിരുന്നു. നിരവധി തവണ മന്ത്രിയുമായി. ഒരേ സമയം മന്ത്രിയും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും വഹിച്ചിരുന്നു.
1982-87 കാലത്തെ കരുണാകരൻ മന്ത്രിസഭയിൽ നിന്ന് ‘പഞ്ചാബ് മോഡൽ ‘ എന്ന വിവാദ പ്രസംഗത്തിന്റെ പേരിൽ രാജിവെക്കേണ്ടി വന്നു. 1985 ൽ വൈദ്യുതി മന്ത്രിയായിരിക്കേ എറണാകുളം രാജേന്ദ്ര മൈതാനിയിൽ നടന്ന കേരളാകോൺഗ്രസ് സമരപ്രഖ്യാപന സമ്മേളനത്തിൽ നടത്തിയ പ്രസംഗമാണ് വിവാദമായത്. പാലക്കാട്ട് അനുവദിക്കാമെന്നേറ്റ കോച്ച് ഫാക്‌ടറി പഞ്ചാബിലേക്ക് കൊണ്ടുപോയതിനെ പറ്റിയായിരുന്നു പരാമർശം. പഞ്ചാബിനെ പ്രീതിപ്പെടുത്താൻ രാജീവ് ഗാന്ധിയുടെ നീക്കമാണെന്നായിരുന്നു ആരോപണം. കേരളത്തോടുള്ള അവഗണന തുടർന്നാൽ കേരളത്തിലെ ജനങ്ങളും പഞ്ചാബിലെ ജനങ്ങളെ പോലെ സമരത്തിന് നിർബന്ധിതരാകുമെന്ന് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.
കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കപ്പെട്ട ആദ്യ നിയമസഭാ സാമാജികനുമാണ് ഇദ്ദേഹം. ഇടമലയാർ അഴിമതി കേസിൽ സുപ്രീംകോടതി ഒരു വർഷം തടവു ശിക്ഷക്ക് വിധിച്ചിരുന്നു. അഴിമതി കേസിൽ ശിക്ഷിക്കപ്പെടുന്ന കേരളത്തിലെ ആദ്യത്തെ മന്ത്രിയുമാണ് ആർ. ബാലകൃഷ്ണപ്പിള്ള. ശിക്ഷാകാലാവധി പൂർത്തിയാകുന്നതിനു മുൻപ് കേരളപ്പിറവിയോടനുബന്ധിച്ച് മറ്റ് 138 തടവുകാർക്കൊപ്പം രോഗാവസ്ഥ പരിഗണിച്ച് ശിക്ഷായിളവ് നൽകി അദ്ദേഹത്തെ വിട്ടയച്ചു.
1934 ആഗസ്റ്റ് 25 ന് കീഴൂട്ട് രാമൻ പിള്ള, കാർത്ത്യായനിയമ്മ ദമ്പതികളുടെ മകനായി കൊട്ടാരക്കരയിലായിരുന്നു ജനനം. വിദ്യാർത്ഥിയായിരിക്കെ ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെയാണ് സജീവ രാഷ്ട്രീയപ്രവർത്തകനായി മാറുന്നത്.
1980ൽ ഇടതുമുന്നണിയുടെ ഭാഗമായി ജനവിധി തേടിയ അദ്ദേഹത്തിന് കിട്ടിയ 37,000 വോട്ടിന്റെ ഭൂരിപക്ഷം നിയമസഭയിലെ ചരിത്രം കുറിച്ച റെക്കോർഡായി കുറെ കാലം നിലനിന്നു. ഇ കെ നായനാരുടെ ആദ്യമന്ത്രിസഭയിൽ പിള്ളയുമുണ്ടായിരുന്നു. 1982 ലാണ് വീണ്ടും യുഡിഎഫിലെത്തിയത്. 2018 ൽ ബാലകൃഷ്ണപിള്ളയുടെ കേരള കോൺഗ്രസ്(ബി) വീണ്ടും എൽഡിഎഫിലെത്തി.
സിനിമയിലും ഒരുകൈ നോക്കിയിട്ടുണ്ട് ആർ. ബാലകൃഷ്ണപിള്ള. ‘ഇവളൊരു നാടോടി’ എന്ന ചിത്രത്തിലൂടെയാണ് ബാലകൃഷ്ണപിള്ള സിനിമയിൽ മുഖം കാണിക്കുന്നത്. കലാനിലയം കൃഷ്ണൻ നായർ നിർമിച്ച ‘നീലസാരി’യിലും ചെറിയ വേഷത്തിലെത്തി. 1980ൽ നാൽപ്പത്തിയഞ്ചാം വയസ്സിൽ കെ എ ശിവദാസ് സംവിധാനം ചെയ്ത് സുകുമാരൻ നായകനായ ‘വെടിക്കെട്ടി’ലൂടെ വീണ്ടും വെള്ളിത്തിരയിലെത്തി. ‘വെടിക്കെട്ടി’ൽ അഭിനയിക്കുന്നതിനിടെ വൈദ്യുതി മന്ത്രിയായി. അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷമാണ് ചിത്രത്തിലെ ചില രംഗങ്ങൾ ചിത്രീകരിച്ചത്. പിന്നീടും സിനിമയിൽ നിന്നും സീരിയലുകളിൽ നിന്നും അവസരങ്ങൾ തേടിയെത്തിയെങ്കിലും രാഷ്ട്രീയത്തിൽ ഉറച്ചുനിൽക്കാനായിരുന്നു തീരുമാനം.
‘പ്രിസണർ 5990’ എന്ന പേരിൽ ആത്മകഥ എഴുതിയിട്ടുണ്ട്. മാധ്യമം വാരികയിൽ പ്രസിദ്ധീകരിച്ച ഖണ്ഡശഃ ഡിസി ബുക്സ് പുസ്തകരൂപത്തിൽ പുറത്തിറക്കുകയായിരുന്നു. ആത്മകഥയുടെ പ്രസിദ്ധീകരണത്തിനായുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് ഇടമലയാർ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നത്. പൂജപ്പുര സെൻട്രൽ ജയിലിൽ 5990 ാം തടവുപുള്ളിയായിരുന്നു. ഇതാണ് ആത്മകഥയ്ക്ക് പേരായി നൽകിയതും.