പൃഥ്വിരാജില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ല; താരത്തിന്റെ പരസ്യ പരാമര്‍ശത്തെ വിമര്‍ശിച്ച് റഹ്മാന്‍

പ്രദര്‍ശനത്തിനെത്തുന്ന എല്ലാ സിനിമകളും തീയറ്ററില്‍ വിജയം കൈവരിക്കണമെന്നില്ല. ചിലത് വിജയമാവാം ചിലത് പരാജയമാവാം പക്ഷേ അതിന്റെ അണിയറ പ്രവര്‍ത്തകരോ നടീ നടന്‍മാരോ ആ പരാജയങ്ങള്‍ ഒരിക്കലും പൊതു വേദികളില്‍ തുറന്നു പറയാറില്ല പ്രത്യേകിച്ച് പ്രദര്‍ശനത്തില്‍ ഇരിക്കുന്ന സിനിമയാകുമ്പോള്‍ അങ്ങനെ ഒട്ടും പറയാന്‍ പാടില്ല. അത് ഒരു പക്ഷേ ആ സിനിമയെ എന്നന്നേക്കുമായി ബാധിച്ചേക്കും.

എന്നാല്‍ സ്വന്തം ചിത്രം തിയറ്ററില്‍ പ്രദര്‍ശനം തുടരുമ്പോള്‍ തന്നെ ചിത്രം പരാജയമാണെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് നടന്‍ പൃഥ്വിരാജ്. പൃഥ്വിരാജിന്റെ പരാമര്‍ശത്തിനെതിരെ ആ സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന നടന്‍ റഹ്മാന്‍ രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍.

പൃഥ്വി നായകനായി അഭിനയിച്ച ‘രണം’ വിജയമായില്ലെന്നു ഒരു പരിപാടിയില്‍ താരം പറഞ്ഞതാണ് വിമര്‍ശനത്തിനു കാരണം. അഞ്ജലി മേനോന്‍ ചിത്രം കൂടെയുടെ ഒരു പ്രചരണപരിപാടിയില്‍ പങ്കെടുക്കവെ സിനിമകളുടെ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ആരാധകന്റെ ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ പൃഥ്വി ഇങ്ങനെ പറഞ്ഞത് ‘കൂടെ പോലെ ചില സിനിമകള്‍ വിജയമാകും. രണം പോലെ ചില സിനിമകള്‍ വിജയിക്കില്ല.’ ഇതറിഞ്ഞുകൊണ്ടാണ് സിനിമകള്‍ തെരഞ്ഞെടുക്കുന്നതെന്നും അതല്ലെങ്കില്‍ കുറേക്കാലം കഴിയുമ്പോള്‍ അത്തരം പരീക്ഷണങ്ങള്‍ നടത്തിയില്ലല്ലോ എന്നോര്‍ത്ത് തനിക്ക് സങ്കടം തോന്നും

എന്നാല്‍ ഈ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. തീയേറ്ററുകളില്‍ ഇപ്പോഴും തുടരുന്ന ചിത്രം പരാജയമാണെന്ന് അതിലെ നായകന്‍ തന്നെ പറഞ്ഞതിന് വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ ചിത്രത്തില്‍ പൃഥ്വിക്കൊപ്പം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച റഹ്മാന്‍ ഇക്കാര്യം നേരിട്ട് പരാമര്‍ശിക്കാതെ പ്രതികരണം രേഖപ്പെടുത്തിയിരിക്കുന്നത്. മോഹന്‍ലാലിന്റെ 1986 ചിത്രം രാജാവിന്റെ മകനിലെ ഹിറ്റ് ഡയലോഗിനെ കൂട്ടുപിടിച്ചാണ് റഹ്മാന്റെ പ്രതികരണം.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

‘ഒരിക്കല്‍ രാജുമോന്‍ എന്നോടു ചോദിച്ചു, അങ്കിളിന്റെ അച്ഛനാരാണെന്ന്. ഞാന്‍ പറഞ്ഞു, ഒരു രാജാവാണെന്ന്. കിരീടവും ചെങ്കോലുമെല്ലാമുള്ള ഒരു രാജാവ്. ആ രാജാവിന്റെ മകനാണ് ഞാന്‍. എനിക്കുള്ള സകലതും എനിക്കു തന്ന സിനിമയെന്ന രാജാവിന്റെ മകന്‍. അന്നും ഇന്നും.

ദാമോദര്‍ ഡിട്രോയ്റ്റിലെ രാജകുമാരനായിരുന്നു. ആദി അയാള്‍ക്കു സ്വന്തം അനുജനെപ്പോലെയായിരുന്നു. പക്ഷേ, ഒടുവില്‍ ആ അനുജന്റെ കുത്തേറ്റു തന്നെ ദാമോദര്‍ വീണു. അതുകണ്ട് കാണികള്‍ കയ്യടിക്കുകയും കരയുകയുമൊക്കെ ചെയ്തതുകൊണ്ടാണ് ‘രണ’മെന്ന രാജാവ് യുദ്ധം ജയിച്ചത്. അതുകൊണ്ടാണ് സിനിമയെന്ന മഹാരാജാവ് എപ്പോഴും വിജയിച്ചു തന്നെ നില്‍ക്കുന്നത്.

അങ്ങനെയുള്ള രാജാവിനെ ആരെങ്കിലും തള്ളിപ്പറഞ്ഞാല്‍. അതെന്റെ കുഞ്ഞനുജനാണെങ്കില്‍ കൂടി, എന്റെ ഉള്ളു നോവും… കുത്തേറ്റവനെ പോലെ ഞാന്‍ പിടയും

Top