കൊച്ചി:കേരളത്തില്‍ യുഡിഎഫിന് ലഭിക്കുന്ന ഏറ്റവും വലിയ ഭൂരിപക്ഷം വയനാട്ടില്‍ രാഹുലിനാകണമെന്ന വാശിയിലാണ് പാര്‍ട്ടി. എന്നാല്‍ തെരഞ്ഞെടുപ്പിന് ഒരാഴ്ച്ച മാത്രം ബാക്കിനില്‍ക്കേ വയനാട്ടില്‍ കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന തിരിച്ചറിവിലാണ് യുഡിഎഫ് നേതൃത്വം.വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് വലിയ ഭൂരിപക്ഷം കിട്ടില്ലെന്ന അഭിപ്രായ സര്‍വേ ഫലങ്ങള്‍ പുറത്തുവന്നതോടെ പ്രചാരണത്തില്‍ കൂടുതല്‍ സജീവമാകാന്‍ കോണ്‍ഗ്രസ് നേതൃത്വം ഒരുങ്ങുന്നു.
ജയം ഉറപ്പാണെങ്കിലും ലക്ഷത്തില്‍ കുറഞ്ഞൊരു ഭൂരിപക്ഷം രാഹുലിന് ക്ഷീണം ചെയ്യും. അതുകൊണ്ട് തന്നെ വയനാട്ടില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന നിര്‍ദേശം ഹൈക്കമാന്‍ഡ് നല്കിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍ നേതാക്കളെ വയനാട്ടിലേക്ക് എത്തിക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. ഇപ്പോള്‍ മറ്റു മണ്ഡലങ്ങളില്‍ ശ്രദ്ധ ചെലുത്തിയിരുന്ന നേതാക്കളെയും വയനാട്ടിലേക്ക് എത്തിക്കും.
വയനാട്ടില്‍ തോല്‍വി ഉറപ്പെങ്കിലും എല്‍ഡിഎഫ് ശക്തമായ പ്രചാരണമാണ് നടത്തുന്നത്. അടിത്തട്ടിലും പ്രവര്‍ത്തനം ശക്തമാണ്. കഴിഞ്ഞദിവസം നടന്ന ഒരു അഭിപ്രായ സര്‍വേയില്‍ രാഹുലിന് 47 ശതമാനം വോട്ടു മാത്രമാണ് പ്രവചിച്ചത്. ഇടതുസ്ഥാനാര്‍ഥി സുനീറിന് 39 ശതമാനവും. അതായത് രാഹുലിന്റെ ഭൂരിപക്ഷം 60,000ത്തില്‍ താഴെ മാത്രം.എ.ഐ ഷാനവാസ് 2009ല്‍ ഒരുലക്ഷത്തിലധികം വോട്ടുകള്‍ക്ക് ജയിച്ച മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അതില്‍ താഴെ മാത്രം ഭൂരിപക്ഷത്തില്‍ ജയിച്ചാല്‍ ക്ഷീണം കോണ്‍ഗ്രസിനാണ്, കേരള നേതൃത്വത്തിനും. അതുകൊണ്ട് തന്നെയാണ് വയനാട്ടിലേക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ നേതൃത്വം തയാറെടുക്കുന്നത്.
അതേസമയം രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. രാത്രിയോടെ തിരുവന്തപുരത്ത് എത്തുന്ന അദ്ദേഹം 16, 17 തീയതികളിൽ കേരളത്തിൽ പര്യടനം നടത്തും. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.
ഏപ്രിൽ 15 ന് തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം 16 ന് രാവിലെ പത്തനാപുരത്തും, പത്തനംതിട്ടയിലും, വൈകുന്നേരം ആലപ്പുഴയിലും, തിരുവനന്തപുരത്തും നടക്കുന്ന പൊതു പരിപാടികളിൽ പ്രസംഗിക്കും. തുടർന്ന് അദ്ദേഹം കണ്ണൂരിലേക്ക് പുറപ്പെടും. 17 ന് രാവിലെ 7.30ന് കണ്ണൂർ സാധു ആഡിറ്റോറിയത്തിൽ വച്ച് കാസർഗോഡ്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള യു.ഡി.എഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും . തുടർന്ന് വയനാടിലേക്ക് തെരഞ്ഞെടുപ്പ് പര്യടനത്തിനായി പോകുന്ന രാഹുൽ ഗാന്ധി രാവിലെ ബത്തേരിയിലും, തിരുവമ്പാടിലും, വൈകുന്നേരം വണ്ടൂരും, തൃത്താലയും നടക്കുന്ന പൊതു പരിപാടികളിൽ പ്രസംഗിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.