വയനാട്ടില്‍ വിജയ സാധ്യതയും മങ്ങുന്നു..! കേന്ദ്രത്തില്‍ ഇടപെട്ടത് സഖ്യ കക്ഷികള്‍; ഗ്രൂപ്പ് പോര് നഷ്ടപ്പെടുത്തിയത് അണികളുടെ ആവേശം

തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതു പ്രതിപക്ഷ സഖ്യത്തെ ബാധിക്കുമെന്ന സന്ദേശം കോണ്‍ഗ്രസിനെ അറിയിച്ച് യുപിഎ സഖ്യകക്ഷി നേതാക്കള്‍. മത്സര നീക്കത്തില്‍ ഇടതുപക്ഷത്തിനുള്ള നീരസം ശരദ് പവാറും, ശരദ് യാദവും രാഹുല്‍ ഗാന്ധിയെയും സോണിയ ഗാന്ധിയെയും അറിയിച്ചു. ഇതാണ് കോണ്‍ഗ്രസ് പ്രഖ്യാപനം വൈകാന്‍ കാരണം.

രാഹുല്‍ ഗാന്ഘി വയനാട്ടില്‍ എത്തില്ലെന്ന് ഉറപ്പായിരിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിലെ പോര് മൂര്‍ച്ഛിക്കുകയാണ്. രാഹുലിന്റെ പേരില്‍ ആവേശംകൊണ്ടവര്‍ സീറ്റിനായുള്ള കടിപിടിയും തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. രാഹുല്‍ എത്തിയില്ലെങ്കില്‍ ടി സിദ്ദിഖിന് തന്നെയാകും സീറ്റ് ലഭിക്കുക.

വയനാട്ടില്‍ രാഹുല്‍ വരുമെന്ന് ഉറപ്പു പറഞ്ഞ കേരള നേതാക്കള്‍ ഇതോടെ മുന്‍ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞു തുടങ്ങി. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വയനാട്ടില്‍ മത്സരിക്കണമെന്ന നിര്‍ദ്ദേശം വയ്ക്കുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നുമാണ് ഉമ്മന്‍ ചാണ്ടി ഇന്നലെ വിശദീകരിച്ചത്. ഗ്രൂപ്പ് പോരിന്റെ പേരില്‍ ഉറച്ച മണ്ഡലം കളഞ്ഞ് കുളിച്ചെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

വയനാട്, വടകര സ്ഥാനാര്‍ത്ഥികളെ ഇന്നലത്തെ ഡല്‍ഹി യോഗത്തിനു ശേഷം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതും ഉണ്ടായില്ല. രാഹുല്‍ ഇല്ലെങ്കില്‍ വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിക്കണമെന്ന് കേരള നേതാക്കള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്.

കാര്യങ്ങള്‍ ഇങ്ങനെ കുഴഞ്ഞു മറിഞ്ഞതില്‍ യു. ഡി. എഫ് ഘടകകക്ഷികളിലും അതൃപ്തിയുണ്ട്. പത്രികാ സമര്‍പ്പണം തുടങ്ങിയിട്ടും ഒരു മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിയുടെ അഖിലേന്ത്യാ അദ്ധ്യക്ഷന്റെ പേരില്‍ അനിശ്ചിതത്വത്തിലാവുന്നത് ആദ്യമാണ്. രാഹുല്‍ സ്ഥാനാര്‍ത്ഥി ആയില്ലെങ്കില്‍ അതുളവാക്കുന്ന രാഷ്ട്രീയപ്രത്യാഘാതങ്ങളും ചര്‍ച്ചാവിഷയമാണ്. വയനാടിന്റെ പേരില്‍ വടകരയിലും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നീളുന്നതിലും പാര്‍ട്ടിയില്‍ മുറുമുറുപ്പുണ്ട്.

അതേസമയം, രാഹുല്‍ സ്ഥാനാര്‍ത്ഥിയായില്ലെങ്കില്‍ അത് തിരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാനുള്ള നീക്കം യു.ഡി.എഫില്‍ ആരംഭിച്ചു. അണികളിലെ നിരാശയാണ് വെല്ലുവിളി. തീവ്രമായ പ്രചാരണത്തിലൂടെ അത് മറികടക്കാമെന്നാണ് പ്രതീക്ഷ. ജയസാദ്ധ്യത മാത്രമാണ് മാനദണ്ഡമെന്ന് പറഞ്ഞിട്ട് അന്തിമ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഗ്രൂപ്പുകള്‍ക്ക് മേല്‍ക്കൈ വന്നതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ഒരു വിഭാഗം ചിന്തിക്കുന്നു. പ്രചാരണം മൂര്‍ദ്ധന്യത്തിലേക്ക് നീങ്ങുമ്പോള്‍ വിഷയങ്ങള്‍ കുത്തിപ്പൊക്കി വഷളാക്കേണ്ടെന്നാണ് ധാരണ.

വയനാട്ടില്‍ രാഹുല്‍ എത്തുമെന്ന പ്രതീക്ഷ അണികളിലുളവാക്കിയ ആവേശം വലുതാണ്. രാഹുല്‍ പിന്മാറിയാലുണ്ടാകുന്ന നിരാശ അതിനെക്കാള്‍ വലുതായിരിക്കും. അത് വടക്കന്‍ജില്ലകളില്‍ പ്രചാരണത്തെ ബാധിക്കുമെന്നും ആശങ്കയുണ്ട്. അതുണ്ടാകാതെ നോക്കേണ്ടത് കോണ്‍ഗ്രസിന്റെ ഉത്തരവാദിത്വമാണെന്നാണ് ലീഗിന്റേതടക്കം നിലപാട്. നിലവില്‍ ഒരു ഉറച്ച സീറ്റ് കളഞ്ഞ് കുളിച്ച അവസ്ഥയിലാണ് ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

Top