രാഹുലിന്റെ വരവ്: സിപിഎം നില പരുങ്ങലിലായി..!! ദേശീയതലത്തില്‍ പുതിയ ബദലിന് നീക്കം

ന്യൂഡല്‍ഹി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസിനെ ഒഴിവാക്കി കൊണ്ടുള്ള മതേതര ദേശീയ മുന്നണിക്ക് രൂപം നല്‍കാന്‍ സി.പി.എം നേതൃത്വം ആലോചന തുടങ്ങിയതായി സൂചന. ബി.എസ്.പി നേതാവ് മായാവതിയെ മുന്‍ നിറുത്തിക്കൊണ്ടുള്ള മതേതര ബദല്‍ രൂപീകരിക്കാനാണ് നീക്കം.

സിപിഎം അടക്കമുളള പ്രതിപക്ഷ കക്ഷികള്‍ ഉയര്‍ത്തിയ എതിര്‍പ്പിനെ മറികടന്നാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനുളള തീരുമാനമെടുത്തിരിക്കുന്നത്. ദക്ഷിണേന്ത്യയില്‍ ആകെ രാഹുല്‍ തംരഗമുണ്ടാക്കുകയും പരമാവധി സീറ്റുകളില്‍ വിജയിക്കുകയുമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്ന് മത്സരിക്കുന്നത് കോണ്‍ഗ്രസിന് വലിയ നേട്ടമുണ്ടാക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതേസമയം സംസ്ഥാനത്ത് സിപിഎമ്മിന്റെയും ബിജെപിയുടേയും തലവര തന്നെ രാഹുല്‍ ഗാന്ധി മാറ്റിയെഴുതിയേക്കും.

ഏത് തിരഞ്ഞെടുപ്പില്‍ ആയാലും മലബാര്‍ എന്നും ഇടത്തോട്ട് ചായുന്നതാണ് കേരളത്തില്‍ പതിവ്. ഇത്തവണ വടകരയും കണ്ണൂരും അടക്കമുളള മണ്ഡലങ്ങളില്‍ സിപിഎമ്മിന് ഭയക്കേണ്ട സാഹചര്യങ്ങളുണ്ട്. എല്ലായിടത്തും കൈവിട്ട കളി കളിക്കാനിറങ്ങിയ തിരഞ്ഞെടുപ്പിലാണ് സിപിഎമ്മിന് ഇരുട്ടടിയായി രാഹുല്‍ ഗാന്ധിയുടെ വരവ്.

ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ നിന്നോ ത്രിപുരയില്‍ നിന്നോ സിപിഎമ്മിന് സീറ്റുകള്‍ ലഭിക്കും എന്നുളള പ്രതീക്ഷകളൊന്നുമില്ല. ആകെയുളള പ്രതീക്ഷ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കേരളത്തിലും തമിഴ്നാട്ടിലുമാണ് സിപിഎമ്മിനുളളത്.

ആ സ്വപ്നത്തിന് മേല മണ്ണ് വാരിയിട്ടാണ് രാഹുല്‍ ഗാന്ധിയുടെ വരവ്. സംസ്ഥാനത്ത് ഇത്തവണ യുഡിഎഫ് തരംഗമുണ്ടാകും എന്നാണ് രാഹുലിന്റെ വരവിന് മുന്‍പ് പുറത്ത് വന്ന സര്‍വ്വേകള്‍ പറയുന്നത്. രാഹുല്‍ വന്നതോട് കൂടി ആ തരംഗം ഇരട്ടിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

ഇത്തവണ തിരിച്ചടി മുന്‍കൂട്ടി കണ്ടാണ് എംഎല്‍എമാര്‍ അടക്കം അതിശക്തരായ സ്ഥാനാര്‍ത്ഥികളെ ഇടതുമുന്നണി രംഗത്ത് ഇറക്കിയത്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ വരവ് മൂലമുണ്ടാകുന്ന തരംഗം എല്ലാ സീറ്റുകളിലും സിപിഎമ്മിന് മത്സരം കടുപ്പമേറിയതാകും. ഉറച്ച മണ്ഡലങ്ങളില്‍ പോലും പേടിക്കേണ്ട അവസ്ഥ

കേരളത്തില്‍ സിപിഎമ്മിനെ എന്നും തുണച്ചിരുന്നത് ന്യനപക്ഷ വോട്ടുകളാണ്. രാഹുല്‍ ഗാന്ധി വരുന്നതോടെ ന്യൂനപക്ഷ വോട്ടുകളും നിഷ്പക്ഷ വോട്ടുകളും കോണ്‍ഗ്രസിലേക്ക് ഒഴുകും. പത്തനംതിട്ട പോലുളള മണ്ഡലങ്ങളില്‍ ക്രിസ്ത്യന്‍ വോട്ടിലേക്ക് നോക്കിയിരിക്കുന്ന സിപിഎം വിയര്‍ക്കാനാണ് എല്ലാ സാധ്യതയും

ഈ അവസരത്തില്‍ പുതിയ ദേശീയ ബദലിനാണ് സിപിഎം ശ്രമിക്കുന്നത്. കോണ്‍ഗ്രസിനെ ഒഴിവാക്കിയും ബിഎസ്പി നേതാവ് മായാവതിയെ മുന്‍നിര്‍ത്തിയും പുതിയ മതേതര ബദലിനാണ് സിപിഎം ശ്രമം നടത്തുന്നത്. ഇതിനെ ഇനി കോണ്‍ഗ്രസ് എങ്ങനെ ചെറുക്കും എന്നത് വരും ദിവസങ്ങളില്‍ കണ്ടെറിയേണ്ടതാണ്.

സിപിഎമ്മിനെ എന്ന പോലെ കേരളത്തില്‍ രാഹുലിന്റെ വരവ് ആശങ്കയിലാഴ്ത്തുന്നത് ബിജെപിയെയുമാണ്. ഇത്തവണ കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കുകയാണ് ബിജെപി. അഞ്ച് മണ്ഡലങ്ങളില്‍ ബിജെപി വിജയ പ്രതീക്ഷയും പുലര്‍ത്തുന്നുണ്ട്.

ശബരിമല വിവാദം മുന്‍നിര്‍ത്തിയാണ് ബിജെപി വോട്ട് പിടിക്കാന്‍ ശ്രമിക്കുന്നത്. രാഹുല്‍ ഗാന്ധി കേരളത്തിലേക്ക് വരുന്നതോടെ ബിജെപിയുടെ അത്തരം ശ്രമങ്ങള്‍ അപ്രസക്തമായി മാറും. എന്ന് മാത്രമല്ല ബിജെപി കേരളത്തിലെ തിരഞ്ഞെടുപ്പ് ചിത്രത്തില്‍ നിന്ന് തന്നെ രാഹുല്‍ തരംഗത്തില്‍ അപ്രത്യക്ഷമാകാനും സാധ്യതയുണ്ട്.

Top