രാഹുല്‍ ഗാന്ധി അടുത്ത മാസം കോണ്‍ഗ്രസ് അധ്യക്ഷനാകും

രാഹുല്‍ ഗാന്ധിയെ അടുത്ത മാസം കോണ്‍ഗ്രസ് അധ്യക്ഷനായി പ്രഖ്യാപിക്കും. ഡിസംബര്‍ നാലിനാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുളള നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി. മറ്റ് പത്രികകളില്ലെങ്കില്‍ അന്നുതന്നെ പ്രഖ്യാപനം ഉണ്ടായേക്കും. ഒന്നാം തീയതി തിരഞ്ഞടുപ്പ് വിഞ്ജാപനം ഇറങ്ങും. മറ്റ് നാമനിര്‍ദേശികപത്രിക ഉണ്ടെങ്കില്‍ ഡിസംബര്‍ 16ന് വോട്ടെടുപ്പ് നടത്തും. തിരഞ്ഞെടുപ്പിന്‍റെ ഒൌദ്യോഗിക ഫലപ്രഖ്യാപനം 19ന് അറിയാം. ദില്ലിയില്‍ ചേര്‍‌ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം. കോണ്‍ഗ്രസിന്‍റെ അധ്യക്ഷയായി ഏറ്റവും കൂടുതല്‍ കാലമിരുന്ന സോണിയാ ഗാന്ധി ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ച് കാലമായി പ്രവര്‍ത്തനരംഗത്ത് സജീവസാന്നിദ്ധ്യമായിരുന്നില്ല. മാത്രമല്ല വരാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പ് പാര്‍ട്ടി പുതുരക്തത്തിന്‍ കീഴില്‍ നേരിടണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായിട്ടുണ്ട്. സംസ്ഥാന തെരഞ്ഞടുപ്പിന് മുന്നോടിയായി രാഹുല്‍ ഗുജറാത്തില്‍ നടത്തിയ പ്രചാരണങ്ങള്‍ പാര്‍ട്ടിക്ക് ഗുണകരമായി തീരുമെന്നാണ് പാര്‍ട്ടി വിലയിലുത്തല്‍. രാഹുലിന് കരുത്തുപകരാന്‍ കോണ്‍ഗ്രസിനെ തലമുതിര്‍ന്ന നേതാക്കളില്‍ ഒരാളെ ഉപാധ്യക്ഷനായി നിയമിക്കുമെന്നും അഭ്യൂഹമുണ്ട്. മന്‍മോഹന്‍ സിങ് രാഹുലിനെ സഹായിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞിരുന്നെങ്കിലും അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി മോശമാണ്. സോണിയാ ഗാന്ധിയുടെ വിശ്വസ്തനും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവുമായി എ.കെ.ആന്‍റണി പാര്‍ട്ടി ഉപാധ്യക്ഷനായി പ്രഖ്യാപിക്കാനും സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.

Top