ഡല്‍ഹി: കര്‍ഷകരുടെ ആവശ്യങ്ങള്‍ നടപ്പിലാക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിശ്രമിക്കാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സര്‍ക്കാരുകള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടത് എന്നതിന് പ്രധാനമന്ത്രിക്ക് മധ്യപ്രദേശിനെയും ഛത്തീസ്ഗഡിനെയും ഉദാഹരണമാക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഈ രണ്ട് സംസ്ഥാനങ്ങളിലും കര്‍ഷരുടെ പ്രശ്‌നങ്ങളാണ് ആദ്യം പരിഗണിച്ചത്. അവരുടെ കാര്‍ഷിക വായ്പകള്‍ എഴുതിതള്ളിയിരിക്കുന്നു. രാജസ്ഥാനിലും അടുത്ത ദിവസങ്ങളില്‍ സമാനമായ നടപടി ഉണ്ടാവും. നിങ്ങള്‍ക്ക് കാണാം, കോണ്‍ഗ്രസ് പ്രവര്‍ത്തനം തുടങ്ങിയിരുക്കുന്നു. അടുത്തിടെ പാര്‍ട്ടി നേടിയെ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ കര്‍ഷകരുടെ വിജയമാണെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ലമെന്റിന് സമീപം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ കര്‍ഷകര്‍ക്ക് ആശ്വാസം ലഭിക്കുന്ന തരത്തില്‍ പ്രധാനമന്ത്രി നയാ പൈസ പോലും വേണ്ടെന്ന് വെക്കില്ല, എന്നാല്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ പോക്കറ്റിലേക്ക് പോയ 3500 കോടി വേണ്ടെന്നുവയ്ക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ എല്ലാം കര്‍ഷകര്‍ക്ക് അശ്വാസം ലഭിക്കുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവും. കര്‍കരുടെ കടങ്ങള്‍ എഴുതിതള്ളാന്‍ ബിജെപി സര്‍ക്കാരില്‍ കൂടുല്‍ സമ്മര്‍ദം ചെലുത്തും. കര്‍ഷകര്‍ക്ക് ആശ്വാസം ലഭിക്കുന്ന നടപടികള്‍ സ്വീകരിക്കാതെ പ്രധാനമന്ത്രിക്ക് വിശ്രമിക്കാന്‍ അവസരം നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ട് ഇന്ത്യ സൃഷ്ടിക്കാനാണ് മോദി ശ്രമിക്കുന്നതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഇതില്‍ ഒരുവശത്ത് കര്‍ഷകരും, ദരിദ്രരും, യുവാക്കളും, ചെറുകിട വ്യവസായികളും ഉള്‍പ്പെടുമ്പോള്‍ മോദിയുടെ സുഹൃത്തുക്കളായ 15 വന്‍കിട സംരംഭകര്‍മാത്രമാണ് മറുപുറത്തെന്നും അദ്ദേഹം ആരോപിക്കുന്നു. രാജ്യത്ത് നടപ്പാക്കിയ നോട്ട് നിരോധനം ലോകത്തിലെ ഏറ്റവും വലിയ അഴിമതിയാണെന്ന് പറഞ്ഞ രാഹുല്‍ രാജ്യത്തെ പാവപ്പെട്ടവരുടെ പണമാണ് ഇവിടെ കൊള്ളയടിക്കപ്പെട്ടതെന്നും കുറ്റപ്പെടുത്തി. റാഫേല്‍ ഇടപാടില്‍ സംസാരിക്കാന്‍ മോദി തയ്യാറാണെന്ന് അദ്ദേഹം പറയുന്നു, എന്നാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി ഇതിന് തയ്യാറല്ലെന്നും രാഹുല്‍ പരിഹസിച്ചു.