ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് കമ്പനിയുടെ ഡയരക്ടറാണെന്നും ബ്രിട്ടീഷ് പൗരനാണെന്ന് സ്വയം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ആരോപിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. രാഹുലിന്റെ ഇന്ത്യന്‍ പൗരത്വം എടുത്തൊഴിവാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍കൈയെടുക്കണമെന്നും സ്വാമി ആവശ്യപ്പെട്ടു. സ്വാമിയുടെ വാദഗതി തള്ളിക്കളഞ്ഞ കോണ്‍ഗ്രസ്, ഇത് അന്ധമായ ദുരാരോപണം മാത്രമാണെന്നും ബിഹാറിലെ നാണംകെട്ട തോല്‍വി, നേതാക്കള്‍ക്കിടയിലെ ഭിന്നിപ്പ്, മോദി ഭരണം ചോദ്യം ചെയ്യപ്പെടുന്നത് എന്നിവ കാരണമുണ്ടായ നിരാശയും മരവിപ്പും മറച്ചുപിടിക്കലാണ് ആരോപണത്തിനു പിന്നിലുള്ള താത്പര്യമെന്നും വ്യക്തമാക്കി.
ബ്രിട്ടനില്‍ 2003ല്‍ ബാക്കോപ്‌സ് ലിമിറ്റഡ് എന്നപേരില്‍ രാഹുല്‍ ഗാന്ധി ഒരു കമ്പനി സ്ഥാപിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രിക്ക് എഴുതിയ കത്തില്‍ സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചു. കമ്പനിയുടെ ആകെ ഓഹരികളില്‍ 65 ശതമാനവും രാഹുലിന്റെ പേരിലാണ്. 2006 ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ വാര്‍ഷിക റിട്ടേണ്‍സില്‍ ഇക്കാര്യം രാഹുല്‍ ഗാന്ധി ആവര്‍ത്തിക്കുന്നുമുണ്ട്- കത്തില്‍ പറയുന്നു. ഇത് ചട്ടലംഘനവും ഭരണഘടനാപരമായ സ്ഥാനദുരുപയോഗവുമാണെന്ന് സ്വാമി വാദിച്ചു. വിഷയം പഠിക്കാന്‍ ഒരു സമിതി രൂപീകരിക്കണമെന്നും രാഹുലിന്റെ പാര്‍ലമെന്റ് അംഗത്വം ഒഴിവാക്കണമെന്നും ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജനോട് സ്വാമി ആവശ്യപ്പെട്ടു.
ഇതിനോടു പ്രതികരിച്ച കോണ്‍ഗ്രസ്, ബിഹാറിലെ നാണംകെട്ട തോല്‍വിയിലും മുതിര്‍ന്ന നേതാക്കള്‍ക്കിടയിലെ മൂപ്പെത്തിയ ആഭ്യന്തര കലഹങ്ങളിലുമുണ്ടായ നിരാശയാണ് ഇതിനു പിന്നിലെന്ന് തിരിച്ചടിച്ചു.’ആഭ്യന്തര കലഹങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതടക്കമുള്ള നയങ്ങളും ഭരണവും എല്ലായിടത്തും ചോദ്യം ചെയ്യപ്പെടുന്നതിലെ മരവിപ്പും മറച്ചുപിടിക്കലാണ് ആരോപണത്തിനു പിന്നിലെ ഏക ലക്ഷ്യം.
2012 ഒക്ടോബറില്‍ അഹ്്മദാബാദിലും ഡല്‍ഹിയിലും പത്രസമ്മേളനത്തിലൂടെ നടത്തിയതുള്‍പ്പെടെയുള്ള വ്യക്തത കൈവന്ന ആരോപണങ്ങള്‍ വീണ്ടും എടുത്തുയര്‍ത്തുക മാത്രമാണ് സ്വാമിയും ബി.ജെ.പിയും ചെയ്യുന്നത്. അര്‍ഹിക്കുന്ന അവജ്ഞയോടെ വാദം തള്ളിക്കളയുന്നതായും കോണ്‍ഗ്രസ് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.രണ്‍ദീപ് സിങ് സുര്‍ജവാല നേതൃത്വം നല്‍കുന്ന വാര്‍ത്താവിനിമയ വിഭാഗമാണ് മറുപടി നല്‍കിയത്. ജനിച്ചതു മുതല്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യന്‍ പൗരത്വമാണുള്ളതെന്നും രണ്‍ദീപ് വ്യക്തമാക്കി.