അധ്യക്ഷ സ്ഥാനത്തു നിന്നും രാഹുൽ ഗാന്ധി രാജിവച്ചതിന് പിന്നാലെ കോൺഗ്രസ് നൂലില്ലാത്ത പട്ടം പോലെയാണ് പാറുന്നത്. സോണിയ ഗാന്ധിക്ക് മാറുന്ന രാഷ്ട്രീയ കാലത്ത് ശക്തമായ തീരുമാനങ്ങൾ കൈക്കൊള്ളാനാകുന്നില്ല എന്നാണ് പല സംഭവങ്ങളും തെളിയിക്കുന്നത്. മഹാരാഷ്ട്രയിൽ സഖ്യം തീരുമാനിക്കാൻ ഒരു മാസത്തെ സമയം എടുത്തതും ഇതിന് തെളിവാണ്.
ഇതിനിടെയാണ് കോൺഗ്രസ് നേതാക്കളെയും അണികളെയും സന്തോഷിപ്പിക്കുന്ന ഒരു ശുഭ വാർത്ത എത്തുന്നത്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി തിരിച്ചെത്തിയേക്കുമെന്ന വാർത്തയാണ് ഇപ്പോൾ എത്തുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് ഇക്കാര്യം സൂചിപ്പിച്ചത്. രാഹുല്‍ ഗാന്ധി നേതൃസ്ഥാനത്തേക്ക് തിരിച്ച് വരണം എന്ന് കോണ്‍ഗ്രസിന്റെ എല്ലാ സംസ്ഥാന ഘടകങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇക്കാര്യം രാഹുല്‍ ഗാന്ധിയുടെ പരിഗണനയിലാണ് എന്ന് കെസി വേണുഗോപാല്‍ വ്യക്തമാക്കി. രാഹുല്‍ ഗാന്ധി വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ മടിക്കുന്ന നേതാക്കളുടെ കൂട്ടത്തിലല്ല. രാജ്യത്തെ രണ്ടായി വിഭജിക്കാനുളള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ ഏറ്റവും യോഗ്യനായ നേതാവ് രാഹുല്‍ ഗാന്ധി മാത്രമാണെന്നും കെസി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
മൂന്ന് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി വയനാട് എംപിയായ രാഹുല്‍ ഗാന്ധി സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. കെസി വേണുഗോപാല്‍ അടക്കമുളള നേതാക്കള്‍ രാഹുലിനൊപ്പമുണ്ട്. കോണ്‍ഗ്രസിന്റെ അധ്യക്ഷ പദവിയിലേക്ക് രാഹുല്‍ ഗാന്ധി ഉടന്‍ മടങ്ങിയെത്തും എന്നാണ് താന്‍ വിശ്വസിക്കുന്നത് എന്നും കെസി വേണുഗോപാല്‍ പ്രതികരിച്ചു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജി വെച്ചത്.
ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ തനിക്ക് പകരം നേതൃസ്ഥാനത്തേക്ക് വരണം എന്നായിരുന്നു രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത്. എന്നാല്‍ അത്തരമൊരു നേതാവിനെ കണ്ടെത്താന്‍ കോണ്‍ഗ്രസിനായില്ല. പകരം ഇടക്കാല അധ്യക്ഷയായി ഗാന്ധി കുടുംബത്തിലെ തന്നെ സോണിയ ഗാന്ധിയെ പാര്‍ട്ടി ചുമതലയേല്‍പ്പിച്ചു. സോണിയയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്ര തിരഞ്ഞെടുപ്പിലടക്കം നേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസിനായി. അതേസമയം രാഹുല്‍ ഗാന്ധി വീണ്ടും അധ്യക്ഷ പദവിയിലേക്ക് തിരിച്ച് വരണം എന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമാണ്.