ദില്ലി: പാര്‍ട്ടിയിലിരുന്ന് ഗ്രൂപ്പ് കളിക്കാമെന്ന് ആരും വിചാരിക്കേണ്ടെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗ്രൂപ്പ് കളിക്കണമെന്നാഗ്രഹിക്കുന്നവര്‍ക്ക് പാര്‍ട്ടി വിട്ട് പോകാമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. കേരള കോണ്‍ഗ്രസിനേറ്റ പരാജയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു രാഹുല്‍.
കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദി ഏതെങ്കിലും ഒരു നേതാവ് മാത്രമല്ലെന്നും രാഹുല്‍ പറഞ്ഞു. സംഘടനാ തെരഞ്ഞെടുപ്പ് കേരളത്തില്‍ മാത്രമായി നടത്താനാകില്ലെന്നും രാഹുല്‍ ഗാന്ധി കേരള നേതാക്കളുടെ യോഗത്തില്‍ അറിയിച്ചു. അതേ സമയം കേരളത്തിലെ കോണ്‍ഗ്രസില്‍ ഐക്യം പുനസ്ഥാപിക്കണമെന്ന് എകെ ആന്റണി ആവശ്യപ്പെട്ടു.
പാര്‍ട്ടിയാണ് എല്ലാത്തിലും വലുതെന്ന പറഞ്ഞ രാഹുല്‍ ഗാന്ധി കെപിസിസി പ്രസിഡന്റ് വിഎം സുധീരനെ പിന്തുണച്ച് രംഗത്തെത്തി. തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം ഒരു വ്യക്തിക്കല്ലെന്നും രാഹുല്‍ പറഞ്ഞു. തോല്‍വിയില്‍ എല്ലാവര്‍ക്കും കൂട്ട ഉത്തരവാദിത്വമുണ്ട്. വ്യക്തിപരമായി ആര്‍ക്കെതിരെയും ആരോപണം ഉന്നയിക്കരുതെന്നും രാഹുല്‍ വ്യക്തമാക്കി.കേരളത്തിലെ ജംബോ കമ്മറ്റികള്‍ പിരിച്ചുവിടുമെന്നും രാഹുല്‍ വ്യക്തമാക്കി. കമ്മറ്റികള്‍ പുനസംഘടിപ്പിക്കുമ്പോള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതം വെപ്പുണ്ടാകരുതെന്നും രാഹുല്‍ നേതാക്കളോട് നിര്‍ദേശിച്ചു.
വിഎം സുധീരന്റെ നിലാപാടുകളാണ് പാര്‍ട്ടിയെ വന്‍ പരാജയത്തിലേക്ക് തളളി വിട്ടതെന്ന് എ, ഐ ഗ്രൂപ്പുകള്‍ ആരോപിച്ചിരുന്നു. കെപിസിസി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിഡി സതീശനും എംഎം ഹസനും രംഗത്ത് എത്തിയിരുന്നു. വിഎം സുധീരന്റെ പ്രസ്താവനകള്‍ പാര്‍ട്ടി വിരുദ്ധനെന്ന തോന്നലുണ്ടാക്കിയെന്ന് കെഎം ബാബുവും പരസ്യമായി പ്രതികരിച്ചിരുന്നു.തോല്‍വിയുടെ ഉത്തരവാദിത്വം ഉമ്മന്‍ചാണ്ടിക്ക് മാത്രമല്ല സുധീരനും ഉണ്ടെന്നും എംഎം ഹസന്‍ ആരോപിച്ചു. നേതൃമാറ്റം വേണം പുനസംഘടന അനിവാര്യമെന്നും ഹസന്‍ ആവശ്യപ്പെട്ടിരുന്നു.