ബസേര: ഗോമാംസം കഴിച്ചുവെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശില്‍ ജനക്കൂട്ടം മര്‍ദ്ദിച്ചുകൊലപ്പെടുത്തിയ മുഹമ്മദ് ഇഖ്ലാഖിന്റെ കുടുംബത്തെ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. ശനിയാഴ്ച വൈകിട്ടോടെയാണ് രാഹുല്‍ ദ്രാദ്രിയിലെ ബസേര ഗ്രാമത്തിലുളള ഇഖ്ലാഖിന്റെ വീട്ടില്‍ എത്തിയത്. ഇഖ്ലാഖിന്റെ കുടുംബാംഗങ്ങളോട് സംസാരിച്ച അദ്ദേഹം സംഭവത്തില്‍ ദു:ഖം രേഖപ്പെടുത്തി.ബസേര ഗ്രാമത്തില്‍ മുന്‍പൊന്നും ഒരു സാമുഹിക സംഘര്‍ഷം ഉണ്ടായിട്ടില്ലെന്നും രാഷ്ട്രീയ കക്ഷികളും നേതാക്കന്മാരും നേട്ടമുണ്ടാക്കിയപ്പോള്‍ ഇഖ്ലാഖിന്റെ കുടുംബത്തിനാണ് നഷ്ടമുണ്ടായതെന്ന് രാഹുല്‍ പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു.
രാഹുലിനെ കൂടാതെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ശനിയാഴ്ച ദാദ്രിയില്‍ എത്തിയിരുന്നു. ഇഖ്ലാഖിന്റെ വീട് സന്ദര്‍ശിക്കാനെത്തിയ കേജ്രിവാളിനെ പൊലീസും നാട്ടുകാരും തടയുകയുണ്ടായി. ഇത് ആംആദ്മി പ്രവര്‍ത്തകര്‍ എതിര്‍ത്തത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. തുടര്‍ന്ന് ഗ്രാമവാസികളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് കേജ്രിവാള്‍ ഇഖ്ലാഖിന്റെ കുടുംബത്തെ സന്ദര്‍ശിച്ചത്.