ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിര്‍ത്തും. രാഹുൽ ഗാന്ധി ഒഴിയുന്ന വയനാട് മണ്ഡലത്തിൽ പകരം പ്രിയങ്കയെത്തും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയില്‍ ചേർന്ന യോഗത്തിനുശേഷമാണ് തീരുമാനം. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, കെ.സി.വേണുഗോപാൽ, പ്രിയങ്കാ ഗാന്ധി എന്നിവർ യോഗത്തിൽ പങ്കെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് തീരുമാനം അറിയിച്ചത്. തലമുറകളായി ഗാന്ധി കുടുംബത്തില്‍ നിന്നുള്ളവര്‍ മത്സരിക്കുന്ന മണ്ഡലമാണ് റായ്ബറേലിയെന്നും, രാഹുല്‍ റായ്ബറേലി നിലനിര്‍ത്തുന്നതാണ് ഉചിതമായ തീരുമാനമെന്നുമാണ് പാര്‍ട്ടി വിലയിരുത്തല്‍ എന്ന് ഖര്‍ഗെ പറഞ്ഞു.
രാഹുലിന് വയനാട്ടിലെ ജനങ്ങളുടെ സ്‌നേഹം ലഭിച്ചു. ദുഃഖത്തോടെയാണ് വയനാട് രാജി നല്‍കാന്‍ തീരുമാനിക്കുന്നതെന്നും ഖര്‍ഖെ പറഞ്ഞു. അതേസമയം രാഹുലിന് പകരം വയനാട്ടില്‍ ജനറല്‍ സെക്രട്ടറിയും സഹോദരിയുമായ പ്രിയങ്കാ ഗാന്ധി വദ്ര മത്സരിക്കും.
ഇന്ദിരാ ഗാന്ധിയും പിന്നീട് സോണിയാ ഗാന്ധിയും നിലനിര്‍ത്തിയ റായ്ബറേലി മണ്ഡലത്തിൽ ഇത്തവണ രാഹുൽ 3.9 ലക്ഷത്തിന്‍റെ ഭൂരിപക്ഷമാണു നേടിയത്. ബിജെപി സ്ഥാനാർഥി ദിനേശ് പ്രതാപ് സിങിനെയാണ് പരാജയപ്പെടുത്തിയത്. വയനാട്ടിൽ 3.64 ലക്ഷം വോട്ടിനാണ് രാഹുൽ വിജയിച്ചത്. സിപിഐയിലെ ആനിരാജ രണ്ടാം സ്ഥാനത്തും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മൂന്നാം സ്ഥാനത്തുമായി.
വയനാട്ടിലെ വോട്ടർമാർക്കു നന്ദി പറയാനായി കഴിഞ്ഞയാഴ്ച വയനാട്ടിൽ എത്തിയ രാഹുൽ, മണ്ഡലം ഒഴിയുമോ എന്ന കാര്യത്തിൽ സസ്പെൻസ് നിലനിർത്തുകയായിരുന്നു. എടവണ്ണയിലും കൽപറ്റയിലും നടന്ന പൊതുയോഗങ്ങളിലൊന്നും ഏതു മണ്ഡലമാകും നിലനിർത്തുകയെന്നു വ്യക്തമാക്കിയില്ല. എന്തു തീരുമാനമെടുത്താലും വയനാടിനും റായ്ബറേലിക്കും സന്തോഷത്തോടെ സ്വീകരിക്കാനാകുമെന്നാണു രാഹുൽ ഗാന്ധി പറഞ്ഞത്.വയനാടോ റായ്ബറേലിയോ എന്ന് പല ആളുകളും ഊഹാപോഹം നടത്തുകയാണ്. എനിക്കൊഴികെ എല്ലാവർക്കും അതിന്റെ ഉത്തരമറിയാം.
രാഷ്ട്രീയത്തിൽ എല്ലാവർക്കും എല്ലാമറിയാം. എന്നാൽ, ആ തീരുമാനം എടുക്കേണ്ടയാൾ മാത്രം അത് അറിയണമെന്നില്ല’’– രാഹുൽ ഗാന്ധി കൽപറ്റയിലെ പൊതുയോഗത്തിൽ പറഞ്ഞതിങ്ങനെ. കുടുംബാംഗത്തെപ്പോലെ പരിഗണിച്ചതിനും പ്രതിസന്ധി ഘട്ടങ്ങളിൽ കൂടെ നിന്നതിനും വയനാട്ടിലെ ഓരോ വോട്ടർമാരോടും രാഹുൽ നന്ദിയും പറഞ്ഞിരുന്നു.