മടിപിടിച്ച് രാഷ്ട്രീയം കളിച്ച പഴയ ആളല്ല; അഞ്ച് വര്‍ഷത്തിനുള്ളില്‍ പുതിയ മുഖം, പുതിയ രീതികള്‍; പപ്പുവെന്ന് വിളിച്ച് കളിയാക്കിയവരെ ഞെട്ടിച്ച് രാഹുല്‍

നമ്മളിപ്പോള്‍ കാണുന്നത് രാഹുല്‍ ഗാന്ധി വേര്‍ഷന്‍ 2 ആണ്. നിരന്തരമായ പരാജയങ്ങളില്‍ പതറിനിന്ന മടിച്ചുമടിച്ചെന്നു തോന്നിക്കും വിധം രാഷ്ട്രീയം കളിച്ച പഴയ ആളല്ല. പുതിയ മുഖം, പുതിയ രീതികള്‍ പുതിയ ഉറപ്പുകള്‍. പ്രതിപക്ഷത്തിരുപ്പിന്റെ 5 വര്‍ഷം രാഹുലിനെ അടിമുടി പുതുക്കിപ്പണിതിട്ടുണ്ട്. രാഹുല്‍ തന്നെ പറഞ്ഞ ഒരു കാര്യമുണ്ട്- എതിരാളികള്‍ എന്നെ പപ്പു എന്നു വിളിച്ചാക്ഷേപിച്ചു, പക്ഷേ അതെന്റെ വളര്‍ച്ചയില്‍ സഹായിച്ചു.

അതെ പുതിയ രാഹുലിന്റെ സൃഷ്ടിയില്‍ ബിജെപിക്കുമുണ്ട് ഒരു പങ്ക്. ഗുജറാത്തില്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ എല്ലാ തന്ത്രജ്ഞതയെയും നേരിട്ടു നേടിയ വിജയം പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അവരെ വിരട്ടി വിട്ടത് കര്‍ണാടകയില്‍ തന്ത്രപരമായ സഖ്യനീക്കത്തിലൂടെ സര്‍ക്കാരുണ്ടാക്കിയത്, ഒടുവില്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാന വിജയങ്ങള്‍-തോല്‍ക്കുന്ന നേതാവ് എന്ന ഇമേജ് ഘട്ടംഘട്ടമായി കുടഞ്ഞെറിഞ്ഞ രാഹുല്‍ കളിക്കുന്നതു ജയിക്കാന്‍ തന്നെ എന്ന പ്രതീതിയുണ്ടാക്കിയിരിക്കുന്നു. ശൈലിയില്‍ മോദിയുടെ നേര്‍വിപരീതമാണ് രാഹുല്‍. സൗമ്യമാണ് സംസാരം. ഒറ്റയാനല്ല, ആളുകള്‍ക്കൊപ്പമാണ് എപ്പോഴും. അവരോടു സംസാരിക്കാനും ചോദ്യങ്ങള്‍ക്കും മറുപടി പറയാനും മടിയേയില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാത്രമല്ല, അതൊരു ആയുധമാക്കാനുള്ള മിടുക്കും കാട്ടുന്നു. രാഹുല്‍ ഓരോ തവണ മാധ്യമങ്ങളോടു സംസാരിക്കുമ്പോഴും പറയാതെ പറയുന്ന ചോദ്യം, പ്രധാനമന്ത്രി ഈ 5 വര്‍ഷം എത്ര പത്രസമ്മേളനം നടത്തി, എത്ര ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി എന്നതു തന്നെയാണ്. റഫാല്‍ വിവാദം ഒന്നാം നാള്‍ മുതല്‍ വിടാതെ പിടികൂടി പിന്തുടര്‍ന്ന രാഹുല്‍, മോദിക്കെതിരെ രാഷ്ട്രീയപ്പോരിനു തന്നെയാണ് തുനിഞ്ഞിറങ്ങിയിരിക്കുന്നത്. രാജ്യമാകെ രാഷ്ട്രീയകൂട്ടുകെട്ടുകള്‍, പ്രത്യേകിച്ചും യുവ നേതാക്കളുമായി കെട്ടിപ്പടുക്കുന്നതില്‍ രാഹുല്‍ കാട്ടിയ മിടുക്ക്, വിശ്വസിക്കാവുന്ന നേതാവ് എന്ന പ്രതിഛായയും അദ്ദേഹത്തിനു നല്‍കുന്നു. സ്വന്തം പാര്‍ട്ടിക്കുള്ളിലാകട്ടെ മുതിര്‍ന്നവരുടെയും ചെറുപ്പക്കാരുടെയും സമന്വയം സാധ്യമാക്കി പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകുന്നു.

മറ്റു പ്രതിപക്ഷ കക്ഷികളിലെ മുതിര്‍ന്ന തലമുറ- മായാവതിയും മമതയും മുതല്‍ ശരത് പവാര്‍ വരെ-അതിനെ സൂചനയായി കാണുമെന്ന് രാഹുല്‍ പ്രതീക്ഷിക്കുന്നുണ്ടാകും. തിരഞ്ഞെടുപ്പുകാലത്തും ശേഷവുമുള്ള സഖ്യസാധ്യതകളില്‍ അതു പ്രധാനമാണ്. പുതിയ രാഹുല്‍ ഗാന്ധി തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പോരാട്ടത്തിനിറങ്ങുകയാണ് ഇനിയുള്ള ദിവസങ്ങളില്‍. ഒരുപക്ഷേ, തന്റെ ഏറ്റവും വലിയ എതിരാളിയോട്.

Top