മഴക്കെടുതിയെ തുടര്‍ന്ന് തകര്‍ച്ചയിലെത്തിയ വയനാടിന് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാഹുല്‍ഗാന്ധിയുടെ കത്ത്. പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചത്.
ഉരുള്‍പൊട്ടലുണ്ടായ മലപ്പുറം ജില്ലയിലെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി താന്‍ സന്ദര്‍ശിച്ചിരുന്നുവെന്നും നിരവധിപേര്‍ക്ക് ജീവനും ഭൂമിയും നഷ്ടപ്പെട്ടിട്ടുണ്ടെന്നും രാഹുല്‍ കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
വയനാട്ടിലെ ജനങ്ങളുടെ പ്രധാന ഉപജീവനമാര്‍ഗം കൃഷിയും കന്നുകാലി വളര്‍ത്തലുമാണ്. എന്നാല്‍ കനത്തമഴയും വെള്ളപ്പൊക്കവും കാരണം കൃഷി നശിച്ചുവെന്നും ഇരുപത് വര്‍ഷത്തിനിടെ ഇവിടെ നിരവധി കര്‍ഷകര്‍ ആത്മഹത്യ ചെയ്തുവെന്നും രാഹുല്‍ കത്തില്‍ സൂചിപ്പിച്ചു.
വനനശീകരണവും പശ്ചിമഘട്ടത്തിലെ ഖനനവും തുടരുകയാണെന്നും ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും ദുരന്തബാധിത മേഖലകള്‍ക്ക് പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നും രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു.
കേരളത്തില്‍ സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ കോഴിക്കോട് കൈതപ്പൊയ്യിലാണ് ആദ്യം എത്തിയത്.
ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയപ്പോള്‍ ആളുകള്‍ പ്രധാനമായി പറഞ്ഞത് വീടുകള്‍ പുനര്‍നിര്‍മിക്കുന്നതിനെ കുറിച്ചാണ്. വീടുകളിലേക്ക് മടങ്ങുമ്പോഴുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ബുദ്ധിമുട്ടുകളും പലരും പങ്കുവെച്ചുവെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു.
കനത്ത മഴമൂലം ദുരിതത്തിലായവര്‍ക്ക് പരമാവധി സഹായം ലഭ്യമാക്കാന്‍ ശ്രമിക്കും. കേരളത്തിലെ പ്രളയ ദുരിതത്തെ കുറിച്ച് പ്രധാനമന്ത്രിയുമായും മുഖ്യമന്ത്രിയുമായും ചര്‍ച്ച നടത്തിയെന്നും രാഹുല്‍ പറഞ്ഞിരുന്നു.