ബത്തേരി :എൻ.ഡി.എ. സ്‌ഥാനാർഥിയാവാൻ കോഴ വാങ്ങിയെന്നാരോപണത്തിൽ സി.കെ. ജാനുവിന്റെ ഫോണുകൾ ക്രൈം ബ്രാഞ്ച് പിടിച്ചെടുത്തു. സി കെ ജാനുവിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി. ബിജെപി നേതാക്കളിൽ നിന്ന് കോഴ വാങ്ങിയ കേസിലാണ് പരിശോധന. ജാനുവിന്റെ സമ്പത്തിക ഇടപാടുകളുടെ രേഖകളും അന്വേഷണ സംഘം പരിശോധിച്ചു. ബത്തേരി കോഴക്കേസിൽ ബിജെപി നേതാക്കളെ പ്രതി ചേർക്കാൻ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം തീരുമാനിച്ചതിന് പിന്നാലെയാണ് സി കെ ജാനുവിന്റെ വീട്ടിലെ പരിശോധന.സി.കെ. ജാനു ഉപയോഗിക്കുന്ന രണ്ട്ഫോണുകൾ ഉൾപ്പെടെ മൂന്ന് സ്മാർട്ട് ഫോണുകളാണ് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു.
തന്റെയും, വളർത്തു മകളുടെയും, സഹോദരന്റെയും ഫോണുകളാണ് പിടിച്ചെടുത്തതെന്ന് സി.കെ. ജാനു പറഞ്ഞു. കേസിൽ ഇത് വരെ തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നും ജാനു അറിയിച്ചു.ബത്തേരിയിൽ എൻ.ഡി.എ. സ്ഥാനാർത്ഥിയാകാനായി ജാനുവിന് സുരേന്ദ്രൻ കോഴ നൽകിയെന്ന കേസിലാണ് ക്രൈം ബ്രാഞ്ചിന്റെ നടപടി. കേസിൽ പ്രതിയായ സി.കെ. ജാനുവിന്റെ തിരുനെല്ലി പനവല്ലിയിലെ വീട്ടിൽ ഇന്ന് രാവിലെ 7 മണിയോടെയാണ് ജില്ലാ ക്രൈം ബ്രാഞ്ച് സംഘം റെയ്ഡ് നടത്തിയത്. ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്.
ബിജെപി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം ഗണേഷ്, വയനാട് ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ എന്നിവരാണ് പ്രതികളാകുക. ഫോൺ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്തതിനെത്തുടർന്നാണ് ഇരുവർക്കുമെതിരെ ക്രൈംബ്രാഞ്ച് കേസെടുക്കുന്നത്.
ഫോണുകളെല്ലാം നിർണായക തെളിവുകളാണ് ഈ കേസിൽ. ഇരുവർക്കെതിരെ മൊഴികളുമുണ്ട്. ഇത് മാനന്തവാടി കോടതിയിൽ ഹാജരാക്കിയിട്ടുള്ളതാണ്. തെരഞ്ഞെടുപ്പ് സമയത്ത് ഉപയോഗിച്ച ഫോണുകളാണ് ഹാജരാക്കേണ്ടത്. എന്നാൽ ഗണേഷ് പുതിയ ഫോണാണ് നൽകയിയത്. പഴയ ഫോൺ നശിപ്പിച്ചതായും സംശയമുണ്ട്. പ്രശാന്ത് ഫോൺ ഹാജരാക്കാൻ തയ്യാറായിട്ടില്ല.ഈ സാഹചര്യത്തിലാണ് ഇരുവർക്കുമെതിരെ കേസ്. ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകാനായി ജാനുവിന് സുരേന്ദ്രന്‍ കോഴ നല്‍കിയെന്നായിരുന്നു ആരോപണം. ഇതില്‍ ആദ്യ ഗഡു കൈമാറിയത് തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ചാണെന്ന് ജെആര്‍പി മുന്‍ സംസ്ഥാന ട്രഷറർ പ്രസീതയാണ് വെളിപ്പെടുത്തിയത്.