ചെന്നൈ: പ്രണയബന്ധം തകര്‍ന്നതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത് റെയില്‍വേ ഉദ്യോഗസ്ഥര്‍. തമിഴ്‌നാട്ടിലെ റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥരായ ജയലക്ഷ്മിയും(30), സൊക്കലിംഗ പാണ്ഡ്യനുമാണ് ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ച തന്റെ രണ്ട് കുട്ടികള്‍ക്കൊപ്പമാണ് ജയലക്ഷ്മി ട്രെയിനിന് മുന്‍പില്‍ ചാടിയത്. വിവരമറിഞ്ഞ് മണിക്കൂറുകള്‍ക്കകം സൊക്കലിംഗ പാണ്ഡ്യനും ട്രെയിനിന് മുന്‍പില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. മധുരയിലും ചെങ്കോട്ടയിലുമായാണ് ഇരുവരും ജീവനൊടുക്കിയത്.
ആദ്യ വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ജയലക്ഷ്മി മക്കള്‍ക്കൊപ്പം മാറി താമസിക്കുകയായിരുന്നു. കഴിഞ്ഞ ആറുവര്‍ഷമായി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിലെ ഉദ്യോഗസ്ഥനായ സൊക്കലിംഗവുമായി അടുപ്പത്തിലായിരുന്നു. ഇയാളും മുന്‍വിവാഹ ബന്ധം വേര്‍പ്പെടുത്താനുളള നിയമപോരാട്ടത്തിലായിരുന്നു. ഇതിനുശേഷം രണ്ടുപേരും വിവാഹം കഴിക്കാനായി പദ്ധതിയുമിട്ടിരുന്നു.ജയലക്ഷ്മിയില്‍ നിന്നും സൊക്കലിംഗം ലക്ഷക്കണക്കിന് പണവും കാറും വാങ്ങിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
സൊക്കലിംഗത്തിന് വേറൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ജയലക്ഷ്മി കണ്ടെത്തിയതിനെ തുടര്‍ന്ന് ജയലക്ഷ്മി സ്ത്രീയെ ഫോണില്‍ വിളിച്ച് ബന്ധത്തില്‍ നിന്നും പിന്‍മാറണമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഫോണ്‍ കോളുകളുടെ ഓഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ജയലക്ഷ്മി മക്കളുമായി തിരുച്ചിറപ്പളളിയിലേക്ക് മാറി താമസിച്ചുവരികയായിരുന്നു. തുടര്‍ന്ന് ഇവര്‍ മെഡിക്കല്‍ ലീവില്‍ പ്രവേശിച്ചിരുന്നു.
ഇതിനുപിന്നാലെയാണ് ജയലക്ഷ്മി ഒന്‍പതും പതിനൊന്നും പ്രായമുളള മക്കള്‍ക്കൊപ്പം ട്രെയിനിന് മുന്‍പില്‍ ചാടി ആത്മഹത്യ ചെയ്തത്. ജയലക്ഷ്മിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനിടെയാണ് വെളളിയാഴ്ച പുലര്‍ച്ചയോടെ സൊക്കലിംഗവും ആത്മഹത്യ ചെയ്തത്.