തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ആശ്രയിക്കുന്ന പൊതു ഗതാഗത മാര്‍ഗമാണ് ട്രെയിനുകള്‍. യാത്രക്കാരെ ഏറ്റവും കൂടുതല്‍ വലയ്ക്കുന്നതും റെയില്‍വേ തന്നെ. അശാസ്ത്രീയ സമയപ്പട്ടികയുടെ പേരിലെ വഴിമുട്ടിക്കലിനുപിന്നാലെ കേരളത്തിലോടുന്ന ഏഴ് ട്രെയിനുകളിലെ ലേഡീസ്, ജനറല്‍ കോച്ചുകളടക്കം 11 കമ്പാര്‍ട്ട്മന്റെുകള്‍ റെയില്‍വേ വെട്ടിക്കുറച്ചു. സൂചികുത്താനിടമില്ലാത്തവണ്ണമുള്ള ‘ജനറല്‍ യാത്രകള്‍’ ദുസ്സഹമായി തുടരുന്നതിനിടെയാണ് കാരണം വ്യക്തമാക്കാതെയുള്ള ഈ കൊലച്ചതി. തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് (12696), ധന്‍ബാദ്-ആലപ്പുഴ എക്‌സ്പ്രസ്(13351), ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസ്(13352) എന്നീ ട്രെയിനുകളില്‍ ഒന്നു വീതവും തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്‌സ്പ്രസ് (16791), പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ് (16792) എന്നിവയില്‍ മൂന്നു വീതവും ജനറല്‍ കോച്ചുകളാണ് ഒഴിവാക്കിയത്.
സ്ത്രീസുരക്ഷ സംരംഭങ്ങളെ കുറിച്ച് നിരന്തരം സര്‍ക്കുലറുകളിറക്കുന്നതിനിടെയാണ് കൊച്ചുവേളി-ബംഗളൂരു എക്‌സ്പ്രസ്(16316), ബംഗളൂരു-കൊച്ചുവേളി എക്‌സ്പ്രസ്(16315) ട്രെയിനുകളിലെ ലേഡീസ് കമ്പാര്‍ട്ട്മന്റെ് മുറിച്ചുമാറ്റിയത്. മാത്രമല്ല, ഭിന്നശേഷിക്കാര്‍ക്കുള്ള ഡിസേബിള്‍ഡ് കോച്ചുകളും ഈ ട്രെയിനുകളില്‍ കാണാനില്ലെന്ന് യാത്രക്കാര്‍ പറയുന്നു. ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ കഴിയാത്ത സാധാരണയാത്രക്കാരും സീസണ്‍ ടിക്കറ്റുകാരുമാണ് പ്രധാനമായും ജനറല്‍ കോച്ചുകളെ ആശ്രയിക്കുന്നത്. സാധാരണ 90-100 ഇരിപ്പിടങ്ങളാണ് ജനറല്‍ കോച്ചുകളിലുള്ളത്. എന്നാല്‍, ദിവസവും മൂന്നിരട്ടിയാണ് യാത്രക്കാര്‍. ശരാശരി ഒരു കമ്പാര്‍ട്ട്മന്റെില്‍ നിന്നും ഇരുന്നുമായി യാത്ര ചെയ്യുന്നവരുടെ എണ്ണം 300 ആയി കണക്കാക്കിയാല്‍ തന്നെ കോച്ചുകള്‍ കുറഞ്ഞതോടെ 11 ട്രെയിനുകളിലായി 3300 യാത്രക്കാരാണ് പുറത്തായത്.
ഡിസേബിള്‍ഡ് കോച്ചുകളിലെ കണക്ക് ഇതിനു പുറമെയാണ്. ഇത്രയധികം യാത്രക്കാര്‍ മറ്റ് ജനറല്‍ കോച്ചുകളിലേക്ക് കടക്കുന്നതോടെ ഇവിടങ്ങളിലെ യാത്രയും ദുഷ്‌കരവും അപകടകരവുമാകും. ലേഡീസ് കമ്പാര്‍ട്ട്മന്റെുകള്‍ ഒഴിവാക്കിയ കൊച്ചുവേളി-ബംഗളൂരു എക്‌സ്പ്രസിലെ ജനറല്‍ കോച്ചില്‍ ശ്വാസംമുട്ടിയാണ് യാത്ര.താരതമ്യേന ട്രെയിനുകള്‍ കുറവുള്ള ആലപ്പുഴ വഴി കടന്നുപോകുന്ന ഈ ട്രെയിനില്‍ തന്നെ കൈവെച്ചത് യാത്രക്കാരുടെ വ്യാപക പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. കായംകുളത്തുനിന്ന് ഉച്ചക്ക് ഒന്നിന് പുറപ്പെടുന്ന പാസഞ്ചര്‍ കഴിഞ്ഞാല്‍ പിന്നെയുള്ള ഏക ആശ്രയമാണ് കൊച്ചുവേളി-ബംഗളൂരു ട്രെയിന്‍.
അറ്റകുറ്റപ്പണി, ലോക്കോപൈലറ്റ് ക്ഷാമം എന്നിവയുടെ പേരില്‍ ട്രെയിനുകള്‍ റദ്ദാക്കുന്നതും വൈകുന്നതും യാത്രക്കാരെ വലക്കുന്നു. എറണാകുളം-തൃശൂര്‍ ഭാഗങ്ങളില്‍ നടക്കുന്ന അറ്റക്കുറ്റപ്പണികള്‍ കാരണം കോഴിക്കോട് വഴി പോകുന്ന ട്രെയിനുകളില്‍ പലതും വൈകിയാണെത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കൃത്യത പാലിച്ച ട്രെയിനുകളടക്കം വീണ്ടും താളം തെറ്റി ഓടുകയാണ്. തിങ്കളാഴ്ച വൈകീട്ട് കോഴിക്കോട്ടെത്തിയ മിക്ക ട്രെയിനുകളും മണിക്കൂറുകള്‍ വൈകിയാണെത്തിയത്. വൈകീട്ട് 4.10ന് കോഴിക്കോട്ടെത്തേണ്ട പരശുറാം എക്‌സ്പ്രസ്(16650) രണ്ടേകാല്‍ മണിക്കൂര്‍ വൈകിയാണെത്തിയത്. കോയമ്പത്തൂര്‍-കണ്ണൂര്‍ പാസഞ്ചര്‍(56651) ഒന്നേകാല്‍ മണിക്കൂര്‍ വൈകി. തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍(56603) ഒരു മണിക്കൂര്‍ 20 മിനിറ്റ് വൈകിയാണ് കോഴിക്കോട്ടെത്തിയത്. ഒന്നര മണിക്കൂര്‍ വൈകിയാണ് ഈ ട്രെയിന്‍ കണ്ണൂരിലെത്തിയത്. തൃശൂരിനും ഷൊര്‍ണൂരിനും ഇടയിലാണ് കൂടുതല്‍ വൈകിയത്. രാവിലെ 11.20ന് കോഴിക്കോട്ടെത്തേണ്ട മംഗളൂരു-നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസ്(16605) ഒന്നേകാല്‍ മണിക്കൂറോളം വൈകി 12.35നാണ് എത്തിയത്.
2021-22 കാലത്ത് വൈദ്യുതീകരണം പൂര്‍ത്തിയാകുന്നതോടെ ട്രെയിന്‍ വേഗത ശരാശരി 10 മുതല്‍ 15 ശതമാനം വരെ വര്‍ധിച്ച് യാത്രസമയം കുറയുമെന്ന് റെയില്‍വേ. വൈദ്യുതീകരണത്തിനൊപ്പം ലൈനിന്റെ പ്രവര്‍ത്തനക്ഷമതയും കൂടുമ്പോഴാണ് നേട്ടം കൈവരിക്കാനാകുകയെന്നും റെയില്‍വേ ബോര്‍ഡ് അംഗം ഘന്‍ശ്യാം സിങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതിനകം 29,000 റൂട്ട് കി.മീ കമീഷന്‍ ചെയ്തു. 13,000 കി.മീ ദൂരത്തിന് അംഗീകാരം ലഭിച്ചുകഴിഞ്ഞു. 20,000 കി.മീ പ്രവൃത്തി നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 18 വര്‍ഷമായി ഓടുന്ന ഡീസല്‍ എന്‍ജിനുകള്‍ മാറ്റി വൈദ്യുതീകരിച്ച എന്‍ജിനുകള്‍ ഘടിപ്പിക്കാനും പദ്ധതിയുണ്ട്. പുതിയ എന്‍ജിനുകള്‍ മലിനീകരണ മുക്തമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.