തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. തിരുവനന്തപുരത്തും കൊല്ലത്തും മാത്രമാണ് മഴ മുന്നറിയിപ്പുകളില്ലാത്തത്. സംസ്ഥാനത്ത് എല്ലാ താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം ആരംഭിച്ച് കഴിഞ്ഞു. സംസ്ഥാനത്ത് ഇതിനകം 50 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.
മലയോര മേഖലയിലും തീരമേഖലയിലും കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരള തീരത്ത് ഉയര്‍ന്ന തിരമാലക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയുള്ള കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്തെ 11 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, വയനാട്, മലപ്പുറം ജില്ലകളിലും ഇന്ന് അവധിയില്ല. എന്നാല്‍ മലപ്പുറം ജില്ലയില്‍ പൊന്നാനി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്.
എംജി സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. മറ്റുസര്‍വ്വകലാശാല പരീക്ഷകള്‍ക്കും പിഎസ്സി പരീക്ഷകള്‍ക്കും മാറ്റമില്ല. മഴക്കെടുതിയില്‍ സംസ്ഥാനത്ത് ബുധനാഴ്ച മൂന്ന് പേര്‍ മരിച്ചു. മഴയില്‍ രണ്ട് വീടുകള്‍ പൂര്‍ണമായും 135 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വിവിധ ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.
മഴ ശക്തമാകുന്നതിനൊപ്പം എലിപ്പനിയും ഡെങ്കിപ്പനിയും ബാധിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. ബുധനാഴ്ച മാത്രം പനി ബാധിച്ച് ഏഴുപേരാണ് മരിച്ചത്. എച്ച് 1 എന്‍ 1 പനിബാധിച്ച് കഴിഞ്ഞ ദിവസം വയനാട്ടില്‍ വീട്ടമ്മ മരിച്ചിരുന്നു.
സംസ്ഥാനത്താകെ 10,594 പേര്‍ക്കാണ് പനി ബാധിച്ചത്. ഇതില്‍ 56 പേര്‍ക്ക് ഡെങ്കിപ്പനിയും 16 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്.