നടൻ രാജൻ പി.ദേവിന്റെ മകന്റെ ഭാര്യയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം : സ്്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് ഉണ്ണി പ്രിയങ്കയെ മർദ്ദിച്ചുവെന്ന് ആരോപണം ;യുവതിയെ മർദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്

സ്വന്തം ലേഖകൻ

തിരുവനന്തപുരം : നടൻ രാജൻ പി ദേവിന്റെ മകൻ ഉണ്ണി പി ദേവിന്റെ ഭാര്യയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ കുടുംബം രംഗത്ത്.പ്രിയങ്ക ആത്മഹത്യ ചെയ്തത് ഭർതൃ ഗൃഹത്തിലെ പീഡനത്തെ തുടർന്നാണെന്നാണ് കുടുംബത്തിന്റെ ആരോപണം.

സംഭവത്തിൽ പ്രിയങ്കയുടെ സഹോദരി നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് പ്രിയങ്കയെ വെമ്പായത്തെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് പ്രിയങ്ക വെമ്പായത്തെ സ്വന്തം വീട്ടിലെത്തിയത്. ജീവനൊടുക്കുന്നതിന് തൊട്ടുമുൻപുള്ള ദിവസം ഉണ്ണിക്കെതിരെ പ്രിയങ്ക വട്ടപ്പാറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തിരുന്നു.

സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് ഉണ്ണി തന്നെ നിരന്തരം മർദ്ദിക്കുമായിരുന്നു പ്രിയങ്ക നൽകിയ പരാതിയിൽ പറയുന്നു. സ്ത്രീധനത്തിന്റെ പേരിൽ പ്രിയങ്കയെ ഉണ്ണി മർദ്ദിക്കുന്ന വീഡിയോ കുടുംബം പുറത്തുവിട്ടിരുന്നു.

സംഭവത്തെ കുറിച്ച് നേരത്തെ പൊലീസിൽ പരാതിപ്പെട്ടിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്ന് കുടുംബം പറയുന്നു.

Top