ചെന്നൈ: ഹിന്ദി ദേശീയ ഭാഷയാക്കണമെന്ന വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയ ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സ്റ്റൈല്‍മന്നന്‍ രജനീകാന്തും രംഗത്തെത്തി. ഹിന്ദി വാദത്തിനെതിരെ തമിഴ് നാട്ടിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. രാഷ്ട്രീയ നേതാക്കളും സിനിമ പ്രവർത്തകരും അടക്കം പ്രസ്താവനകളുമായി രംഗത്തുണ്ട്.
‘ഇന്ത്യക്ക് മാത്രമല്ല ഏത് രാജ്യത്തിനും ഒരു പൊതുഭാഷ അതിന്റെ ഐക്യത്തിനും പുരോഗതിക്കും നല്ലതാണ്. എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ നമ്മുടെ രാജ്യത്ത് ഒരു പൊതുഭാഷ കൊണ്ടുവരാന്‍ ഒരാള്‍ക്കും കഴിയില്ല. അതുകൊണ്ട് തന്നെ ഒരു ഭാഷയും അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല. ഹിന്ദി അടിച്ചേല്‍പിച്ചാല്‍ തമിഴ്‌നാട്ടില്‍ മാത്രമല്ല മറ്റ് തെന്നിന്ത്യന്‍ സംസ്ഥാനങ്ങളും അത് അംഗീകരിക്കില്ല. മാത്രമല്ല പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും അത് അംഗീകരിക്കില്ലെന്നും’ രജനി പറഞ്ഞു.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സ്‌കൂള്‍ വിദ്യാർഥികള്‍ക്ക് ഹിന്ദി പഠനം നിര്‍ബന്ധമാക്കണമെന്ന നിർദേശവുമായി ജൂലൈയില്‍ ദേശീയ വിദ്യാഭ്യാസ നയത്തിന്‌റെ കരട് പുറത്തിറങ്ങിയ സമയത്ത് വിമര്‍ശനവുമായി കമല്‍ഹാസന്‍ രംഗത്തെത്തിയിരുന്നു. 2017ലെ ജെല്ലിക്കെട്ട് പ്രതിഷേധങ്ങളെക്കാള്‍ കഠിനമായി തമിഴ്‌നാട് ഇതിനെതിരെ പോരാടുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.