ജയ്പൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി നേരിട്ടതിന് പിന്നാലെ രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ചേരിപ്പോര്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് തന്നെയാണ് പോരിന് തുടക്കം കുറിച്ചത്. തന്റെ മകന്‍ വൈഭവ് ഗെലോട്ടിന്റെ പരാജയത്തിന് പി.സി.സി നേതാവ് സച്ചിന്‍ പൈലറ്റിനെ കുറ്റപ്പെടുത്തി അശോക് ഗലോട്ട് രംഗത്തെത്തി.
ജോധ്പൂര്‍ ലോക്സഭാ സീറ്റില്‍ വൈഭവ് ഗെലോട്ട് പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ എന്ന നിലയില്‍ സച്ചിന്‍ പൈലറ്റിനാണ് ഉത്തരവാദിത്തമെന്ന് ഗെലോട്ട് കുറ്റപ്പെടുത്തി. പ്രമുഖ ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘ജോധ്പൂരില്‍ വലിയ ഭൂരിപക്ഷത്തിന് ജയിക്കുമെന്ന് സച്ചിന്‍ അവകാശപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണം വളരെ മികച്ചതായിരുന്നുവെന്നും സച്ചിന്റ പറഞ്ഞു. അത് കൊണ്ട് ഞാന്‍ കരുതുന്നത് അദ്ദേഹം ആ സീറ്റിന്റെയെങ്കിലും പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നാണ്’-ഗെലോട്ട് പറഞ്ഞു.
അശോക് ഗെലോട്ടിന്റെ ശക്തികേന്ദ്രമായിരുന്നു ജോധ്പൂര്‍. ഈ മണ്ഡലത്തില്‍ നിന്നും അഞ്ചു തവണ ഗെലോട്ട് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. രാജസ്ഥാനില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ച് ആറുമാസത്തിനകമാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി കനത്ത തിരച്ചടി നേരിടുന്നത്. മുഖ്യമന്ത്രി പദത്തിനായി സച്ചിനും ഗെലോട്ടും തമ്മിലുണ്ടായ തര്‍ക്കം ഹൈക്കമാന്‍ഡ് ഇടപ്പെട്ടാണ് പരിഹരിച്ചത്. വൈഭവ് ഗെലോട്ടിന് മത്സരിക്കാന്‍ സീറ്റ് നല്‍കിയതിനെതിരെ സച്ചിന്‍ വിഭാഗ നേതാക്കള്‍ വ്യാപക വിമര്‍ശനമുയര്‍ത്തിയിരുന്നു.