ജയ്പൂര്‍: ലവ് ജിഹാദ് ആരോപിച്ച് മുസ്ലീം യുവാവിനെ ജീവനോടെ തീകൊളുത്തി കൊന്ന കേസില്‍ വിചിത്ര വാദങ്ങളുമായി രാജസ്ഥാന്‍ പൊലീസ്. പ്രതിയെ ന്യായീകരിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്. കൊലയാളിയായ ശംഭുലാലിന് ഒരു കൈയ്യബദ്ധം പറ്റിയതാണെന്നാണ് അരുംകൊലക്ക് അന്വേഷണ സംഘം നല്‍കിയ ന്യായീകരണം.
രാജസ്ഥാന്‍ പൊലീസ് സൂപ്രണ്ടാണ് വിചിത്രമായ വാദമുയര്‍ത്തി പ്രതിയെ സംരക്ഷിക്കാന്‍ ഒരുങ്ങിയത്. മനപൂര്‍വ്വമല്ല ആളുമാറിയാണ് അഫ്റസൂലിനെ കൊലപ്പെടുത്തിയതെന്നും സൂപ്രണ്ടായ രാജേന്ദര്‍ റാവു പറഞ്ഞു.
അജു ഷെയ്ക്ക് എന്നയാളെയാണ് കൊല്ലാന്‍ തീരുമാനിച്ചതെന്നും ഇയാള്‍ക്ക് ശംഭുലാലിന്റെ സഹോദരിയുമായി ബന്ധമുണ്ടായിരുന്നു എന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍. കൊലപാതകത്തിന് മുമ്പ് ജാല്‍ചക്കി മാര്‍ക്കറ്റിലെത്തിയ ശംഭുലാല്‍ അജു ഷെയ്ക്കിനെപ്പറ്റിയുള്ള വിവരങ്ങള്‍ അന്വേഷിച്ചിരുന്നു.
മറ്റ് തൊഴിലാളികളില്‍ നിന്ന് ഷെയ്ക്കിന്റെ ഫോണ്‍ നമ്പര്‍ ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഷെയ്ക്കിന്റെ നമ്പറിന് പകരം അറിയാതെ അഫ്റസുലിന്റെ നമ്പര്‍ ആണ് തൊഴിലാളികള്‍ ശംഭുലാലിന് നല്‍കിയത്. ഇതാണ് ആളുമാറിയുള്ള കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ഡിസംബര്‍ ആറിനാണ് ലൗജിഹാദ് ആരോപിച്ച് ശംഭുലാല്‍ അഫ്റസൂലിനെ പിക്കാസ് കൊണ്ട് കുത്തിവീഴ്ത്തിയ ശേഷം തീകൊളുത്തി കൊന്നത്.ഇതിനുശേഷം ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.
പശ്ചിമബംഗാളിലെ മാല്‍ഡ സ്വദേശിയാണ് കൊല്ലപ്പെട്ട മുഹമ്മദ് അഫ്റസൂല്‍. രാജസ്ഥാനിലെ രാജ്സമന്തില്‍ കരാര്‍ തൊഴിലാളിയായി താമസിച്ചുവരികയായിരുന്നു. ജോലിയുണ്ടെന്ന് പറഞ്ഞ് അഫ്റസുലിനെ മറ്റൊരു സ്ഥലത്തെത്തിച്ച് മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷം കത്തിക്കുകയും ചെയ്തു.