കൊച്ചി : മുന്‍ റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊന്ന കേസില്‍ ഗള്‍ഫിലുള്ള നൃത്താധ്യാപികയ്ക്കും മുന്‍ ഭര്‍ത്താവ് അബ്ദുള്‍ സത്താറിനും രാജേഷിന്റെ കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് സൂചന.എന്നാല്‍ ഇവര്‍ കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്.പോലീസ് അറസ്റ്റ് ചെയ്ത മുഹമ്മദ് യാസിനില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി പോലീസ്. കൊലപാതകത്തെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും യാസിന് അറിയാമെന്നാണ് സൂചന. ഇയാള്‍ക്കെതിരെ ഗുരുതര കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കേസില്‍ അറസ്റ്റിലാവുന്ന രണ്ടാമത്തെയാളായിരുന്നു യാസിന്‍. അതേസമയം കേസില്‍ ഇനിയും കുറേ കാര്യങ്ങള്‍ ചുരുളഴിയാന്‍ ഉള്ളതായി പോലീസ് പറയുന്നു. നേരത്തെ അറസ്റ്റിലായ സനുവും യാസിനുമാണ് കൊലപാതകത്തിന് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തു കൊടുത്തതെന്നാണ് സൂചന. പോലീസും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. സംഭവത്തില്‍ വേറെയും ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല.
അറസ്റ്റിലായ യാസിന്‍ ചില്ലറക്കാരനല്ലെന്ന് പോലീസ് പറയുന്നു. രാജേഷിനെ കൊല്ലാനുള്ള ഗൂഢാലോചന നടത്തിയതില്‍ പ്രധാനി യാസിനാണ്. ഇയാള്‍ ബംഗളൂരുവില്‍ വച്ചാണ് മറ്റ് പ്രതികളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയത്. കൂടുതല്‍ വിവരങ്ങള്‍ ഇയാളില്‍ നിന്ന് ചോദിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. അതേസമയം എത്രയും പെട്ടെന്ന് ഗൾഫിലുള്ള യുവതിയെ ചോദ്യം ചെയ്യണമെന്നാണ് പോലീസ് പറയുന്നത്. ഇതിനായി ഖത്തറിലേക്ക് പോകാന്‍ ഒരുങ്ങുകയാണ് അന്വേഷണ സംഘം. സര്‍ക്കാരില്‍ നിന്ന് അന്വേഷണ സംഘം അനുമതി തേടിയിട്ടുണ്ട്. യുവതിയെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് സാധിക്കില്ല. ഇവര്‍ക്ക് യാത്രാവിലക്കുള്ളതിനാല്‍ ഖത്തര്‍ പോലീസിന്റെയും കോടതിയുടെയും സഹായം പോലീസ് സംഘം തേടേണ്ടിവരും. പണമിടപാടും….. മുഖ്യപ്രതിയുമായി യാസിന് പണമിടപാടുകള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.
കൊലപാതകത്തിന് പ്രതികള്‍ കാര്‍ ബെംഗളൂരുവില്‍ എത്തിച്ചിരുന്നു. ഈ കാര്‍ അടൂരിലെത്തിച്ച് ഒളിപ്പിച്ചതും യാസിനാണ്. ഇതിന് പുറമേ മുഖ്യപ്രതിക്ക് പണമിടപാട് നടത്താന്‍ സുഹൃത്തിന്റെ എടിഎം കാര്‍ഡും ഇയാള്‍ നല്‍കിയിരുന്നു. മറ്റൊരു പ്രതിയെ ചെന്നൈയില്‍ കൊണ്ടുപോയി താമസിപ്പിക്കുകയും യാസിന്‍ ചെയ്തിരുന്നെന്ന് പോലീസ് പറയുന്നു. എല്ലാ പ്രതികളെയും ഒത്തുചേര്‍ത്തതും ഇവര്‍ക്ക് വേണ്ട എല്ലാ സഹായവും ചെയ്തത് ഇയാളാണ്. സനുവിനും ഇതില്‍ വലിയ രീതിയിലുള്ള പങ്കുണ്ടായിരുന്നു. അതേസമയം യാസിന്‍ വിദ്യാസമ്പന്നാണെന്ന് പോലീസ് പറയുന്നു. ഇയാള്‍ക്ക് ബിടെക് വിദ്യാഭ്യാസമുണ്ട്. എങ്ങനെയാണ് ഇവര്‍ തമ്മിലുള്ള ബന്ധം എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
അതേസമയം ഖത്തറിലുള്ള സത്താറുമായും അലിഭായിയുമായും ഇയാള്‍ക്ക് ആത്മബന്ധമുള്ളതായി സൂചനയുണ്ട്. അതാണ് നാട്ടില്‍ എല്ലാവിധ സഹായവും നല്‍കാന്‍ ഇയാളെ പ്രേരിപ്പിച്ചതെന്നാണ് സൂചന. നേരിട്ട് പങ്കില്ല കൊലപാതകത്തില്‍ യാസിന് നേരിട്ട് പങ്കില്ലെന്ന് പോലീസ് പറയുന്നു. എന്നാല്‍ കൊലയാളികള്‍ കൃത്യം നടത്തുന്നതിന് മുമ്പ് യാസിന്റെ അടുത്ത എത്തിയിരുന്നു. ഇതോടെ ഗൂഢാലോചനയ്ക്ക് ഇയാള്‍ നേതൃത്വം നല്‍കുകയായിരുന്നു. നാട്ടിലെ സാഹചര്യങ്ങള്‍ കൃത്യമായി അറിയുന്നതും ഇയാള്‍ ഉപയോഗപ്പെടുത്തി. ഇവര്‍ ആസൂത്രണത്തിന് ശേഷം സാനുവിന്റെ വീട്ടിലാണ് താമസിച്ചത്. ഇവിടെ നിന്നുകൊണ്ടാണ് കൊലപാതകം നടത്തിയതും. സാനു ഇതിന് വേണ്ടി എല്ലാസഹായവും നല്‍കിയിരുന്നു. അതേസമയം കൊലപാതകത്തിന് ഉപയോഗിച്ച കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തെന്നാണ് സൂചന. എന്നാല്‍ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന. സംഭവത്തില്‍ തൊടുപുഴയില്‍ നിന്ന് ചിലരെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. എന്നാല്‍ ഇതും പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ക്വട്ടേഷന്‍ സംഘവും സത്താറും തമ്മില്‍ വാട്‌സാപ്പിലൂടെ ബന്ധപ്പെട്ടിരുന്നുവെന്ന് പോലീസ് പറയുന്നു. എന്നാല്‍ സംഭവത്തിന് ശേഷം ഇവര്‍ വാട്‌സാപ്പ് ഉപയോഗിച്ചിട്ടില്ല.