മുന്‍ റേഡിയോ ജോക്കിയുടെ വധം; മുഖ്യപ്രതി അപ്പുണ്ണി കസ്റ്റഡിയില്‍

തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷ് കൊലക്കേസില്‍ മുഖ്യപ്രതി അപ്പുണ്ണി കസ്റ്റഡിയില്‍. രണ്ട് ആഴ്ചയായി ചെന്നൈയില്‍ ഒളിവിലായിരുന്നു അപ്പുണ്ണി. രാജേഷിനെ അക്രമിച്ചതില്‍ അപ്പുണ്ണിക്ക് നേരിട്ട് പങ്കുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. അപ്പുണ്ണി ഖത്തറിലുള്ള ഒന്നാം പ്രതി സത്താറുമായി ബന്ധപ്പെട്ട് പണം വാങ്ങുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. കൊലയ്ക്കുശേഷം ചെന്നൈയില്‍ എത്തി മുങ്ങിയ അപ്പുണ്ണി ഇന്റര്‍നെറ്റ് കാള്‍ വഴിയാണ് സത്താറുമായി ബന്ധപ്പെട്ടിരുന്നത്. ഒളിവില്‍ കഴിയാന്‍ ആവശ്യമായ പണം അപ്പുണ്ണിക്ക് സത്താര്‍ അയച്ചുകൊടുത്തതിനുള്ള തെളിവുകളും പൊലീസിന് ലഭിച്ചിരുന്നു. കൊലപാതകത്തിന്റെ നാട്ടിലെ സൂത്രധാരനായ അപ്പുണ്ണിക്കായി തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ മൂന്ന് പൊലീസ് സംഘങ്ങള്‍ തെരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്ന് ചെന്നൈയില്‍ വെച്ച് പിടിയിലാകുകയായിരുന്നു. ഒരു കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അപ്പുണ്ണി. നേരത്തെ റേഡിയോ ജോക്കിയായ രാജേഷിന്റെ കൊലപാതക കേസില്‍ മുഖ്യപ്രതിയായ അലിഭായ് എന്ന സാലിഹ് ബിന്‍ ജലാല്‍ കുറ്റസമ്മതം നടത്തിയിരുന്നു. ഇയാളെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ചാണ് പോലീസ് പിടികൂടിയത്. ചോദ്യം ചെയ്യല്ലില്‍ അലിഭായ് എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞിരുന്നു. ഖത്തറിലുള്ള വ്യവസായി സത്താറാണ് രാജേഷ് വധത്തിലെ മുഖ്യആസൂത്രകനെന്നാണ് അലിഭായി പോലീസിനോട് വെളിപ്പെടുത്തി. നൃത്താധ്യാപികയായിരുന്നു സത്താറിന്റെ മുന്‍ഭാര്യ. ഇവര്‍ക്ക് രാജേഷുമായി ബന്ധമുണ്ടായിരുന്നു. ഇതേ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ഇവരുടെ ദാമ്പത്യജീവിതം തകര്‍ക്കുന്നതിലേക്ക് വഴിനയിച്ചു. ഇതിലുള്ള പ്രതികാരം മൂലമാണ് രാജേഷിനെ കൊല്ലാന്‍ സത്താര്‍ തീരുമാനിച്ചത്. ഒന്നാംപ്രതിയായ ഖത്തറിലെ വ്യവസായി സത്താറിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുഖേന റെഡ്‌കോര്‍ണര്‍ നോട്ടീസിലൂടെ നാട്ടിലെത്തിക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്. ഇയാള്‍ക്ക് ഖത്തറില്‍ ലക്ഷങ്ങളുടെ ഇടപാട് തീര്‍ക്കാനുള്ളതിനാല്‍ യാത്രാവിലക്കുണ്ട്. അത് തീര്‍ത്ത് ഇയാളെ നാട്ടിലെത്തിക്കാനാണ് പൊലീസ് ശ്രമം. ഇടപാട് തീര്‍ക്കാന്‍ ഇയാളുടെ ബന്ധുക്കളുടെ സഹായം പൊലീസ് തേടി. കേസിലെ പ്രധാന സാക്ഷിയായ നൃത്താദ്ധ്യാപികയും സത്താറിന്റെ ഭാര്യയുമായിരുന്ന സഫിയയോടും അന്വേഷണവുമായി സഹകരിക്കാന്‍ പൊലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സഫിയയുടെ മൊഴി രേഖപ്പെടുത്താനും തെളിവുകള്‍ ശേഖരിക്കാനുമായി ഇവരോട് നാട്ടിലെത്താന്‍ പൊലീസ് ആവശ്യപ്പെട്ടു.

Top