രാജേഷിന്റെ കൊലപാതകം; മുഖ്യപ്രതി അലിഭായ് പിടിയില്‍

തിരുവനന്തപുരം: യുവഗായകനും റേഡിയോ ജോക്കിയുമായ രാജേഷിന്റെ കൊലപാതക കേസിലെ മുഖ്യപ്രതി അലിഭായി എന്ന് വിളിക്കുന്ന മുഹമ്മദ് താലിഫ് പോലീസ് കസ്റ്റഡിയിലായി. ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതോടെ കേസില്‍ പിടിയലായവരുടെ എണ്ണം നാലായി. കൊലപാതകം നടത്താനായി രഹസ്യമായി നാട്ടിലെത്തിയ അലിഭായ് കൃത്യം നടത്തിയ ശേഷം നേപ്പാള്‍ വഴിയായിരുന്നു രക്ഷപ്പെട്ടത്. മടവൂരിലെ സ്റ്റുഡിയോയിലെത്തി രാജേഷിനെ കൊലപ്പെടുത്തിയ സംഘത്തില്‍ അലിഭായിയും ഉണ്ടായിരുന്നു. മൂന്നംഗ സംഘത്തിലെ അപ്പുണ്ണി രാജേഷിനെ പിടിച്ചു നിര്‍ത്തുകയും അലിഭായിയും ഷന്‍സീറും ചേര്‍ന്ന് വെട്ടുകയുമായിരുന്നു. ശേഷം കൊല്ലാനുപയോഗിച്ച വാളുകള്‍ ഒളിപ്പിച്ചത് ഷന്‍സീറാണെന്നാണ് പോലീസ് പറയുന്നത്. രാജേഷിന്റെ തന്നെ ഉടമസ്ഥതയിലുള്ള മടവൂരിലെ സ്റ്റുഡിയോയില്‍ വെച്ച് കഴിഞ്ഞ മാസം 27 നാണ് രാജേഷ് കൊല്ലപ്പെട്ടത്. കയ്യിലും കാലിലുമായി പതിനഞ്ചു വെട്ടായിരുന്നു ഉണ്ടായിരുന്നത്. രക്തം വാര്‍ന്നായിരുന്നു മരണം സംഭവിച്ചത്. രാജേഷിന് വിദേശത്തുള്ള യുവതിയുമായുണ്ടായിരുന്ന ബന്ധമാണ് കൊലപാതക കാരണമെന്നാണ് പോലീസ് പറയുന്നത്. യുവതിയുടെ ഭര്‍ത്താവാണ് ക്വട്ടേഷന്‍ നല്‍കിയതെന്നതിനുള്ള തെളിവ് ലഭിച്ചതായും പോലീസ് അറിയിച്ചിരുന്നു.

Top