ദിലീപിനെ എഎംഎംഎയില്‍ തിരിച്ചെടുത്തതിനെതിരെ കടുത്ത വിമര്‍ശനവുമായി സംവിധായകന്‍ രാജീവ് രവി. സൂപ്പര്‍ താരങ്ങളെയും അമ്മയെയും തലങ്ങും വിലങ്ങും വിമര്‍ശിച്ചിരിക്കുകയാണ് രാജീവ് രവി. സൂപ്പര്‍ താരങ്ങള്‍ ബഫൂണ്‍സാണ് അവരെന്നാണ് രാജീവ് രവിയുടെ പരിഹാസം. ദുരന്തത്തെ അതിജീവിച്ച നടിയുടെ സഹപ്രവര്‍ത്തകരില്‍ നിന്നുള്ള പ്രതികരണങ്ങള്‍ നിരാശാജനകമാണെന്നും ചെറുപ്പക്കാര്‍ പുറത്തുവന്ന് സംസാരിക്കണം എന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഗീതു മോഹന്‍ദാസും അമ്മയുടെ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു. എഎംഎംഎ സ്ത്രീവിരുദ്ധ സംഘടനയാണെന്ന് അവര്‍ ആരോപിച്ചിരുന്നു. അതേസമയം ദിലീപിനെ തിരിച്ചെടുത്ത തീരുമാനം മുന്‍ ഭരണസമിതിയുടെ തീരുമാനമാണെന്ന് ഇതോടെ വ്യക്തമായിട്ടുണ്ട്. ഇതോടെ ഇപ്പോഴുള്ള വിവാദം വര്‍ധിക്കാനുള്ള സാഹചര്യവും ഉണ്ട്. രാജീവ് രവി ഈ വിഷയത്തില്‍ ആദ്യമായിട്ടാണ് പ്രതികരണം നടത്തുന്നത്. നേരത്തെയുള്ള പ്രതിഷേധക്കുറിപ്പില്‍ രാജീവ് രവി ഒപ്പുവച്ചിരുന്നു.
സൂപ്പര്‍ താരങ്ങളാണെങ്കിലും ചെറുപ്പക്കാരാണെങ്കിലും പൊതുവേ നായകന്‍മാര്‍ സിനിമയില്‍ മാത്രമാണെന്നും ജീവിതത്തില്‍ അവര്‍ ബഫൂണ്‍സാണെന്നും രാജീവ് രവി കുറ്റപ്പെടുത്തി. ഒരു അഭിമുഖത്തിലാണ് അമ്മയ്ക്കെതിരെയും സൂപ്പര്‍ താരങ്ങള്‍ക്കെതിരെയും രാജീവ് രവി തുറന്നടിച്ചത്. സൂപ്പര്‍ താരങ്ങള്‍ക്ക് എല്ലാവരെയും പേടിയാണെന്നും ടിവി ചാനലുകള്‍ വേണ്ടി ഷോ കളിക്കാന്‍ മാത്രമുള്ളതാണ് അവരുടെ സംഘടനയെന്നും അദ്ദേഹം പറഖഞ്ഞു. സ്ത്രീകളെ കാണുന്ന രീതി എന്ത് മോശമാണെന്ന് അവരെ പരിചയപ്പെടുന്നതിലൂടെ മനസിലാവുമെന്നും രാജീവ് പറയുന്നു.
സിനികളിലൂടെ സമൂഹമധ്യത്തിലും സ്വന്തം നിലപാടുകളും വിശ്വാസങ്ങളും തുറന്ന് പറയാന്‍ മലയാള സിനിമയിലെ ചെറുപ്പക്കാര്‍ക്ക് കഴിയം. അത് കാലത്തിന്റെ ആവശ്യമാണ്. ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടിയില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടിയും മറ്റ് മൂന്ന് നടിമാരും രാജിവെച്ചതിനെയും രാജീവ് പുകഴ്ത്തിയിട്ടുണ്ട്. നമ്മുടെ സ്ത്രീകള്‍ ഉഗ്രനാണെന്നും ബോള്‍ഡാണെന്നും എന്ത് റിസ്‌ക് വേണമെങ്കിലും ജീവിതത്തില്‍ എടുക്കാന്‍ തയ്യാറാണ് അവരെന്നും അദ്ദേഹം പറഞ്ഞു. എന്നിട്ടും അമ്മ അത് തിരുത്താന്‍ തയ്യാറായിട്ടില്ല എന്നത് സങ്കടകരമാണെന്നും രാജീവ് പറയുന്നു.
അമ്മയുടെ അധികാര സ്ഥാനങ്ങളിലിരിക്കുന്ന ജനപ്രതിനിധികളോട് വിശദീകരണം തേടേണ്ട എന്ന സിപിഎമ്മിന്റെ നിലപാട് നിരുത്തരവാദിത്തപരമാണെന്ന് രാജീവ് രവി പറഞ്ഞു. മലയാള സിനിമയിലെ സംഘടനകള്‍ ഉന്നതരുടെ വ്യക്തി താല്‍പര്യങ്ങളും ബിസിനസ് താല്‍പര്യങ്ങളും മാത്രം സംരക്ഷിക്കാന്‍ സൃഷ്ടിച്ച ക്ലബ് മാത്രമാണ്. അവരെ സംരക്ഷിക്കാന്‍ ആവശ്യപ്പെടുന്ന സിപിഎം ജനങ്ങളോടുള്ള ഉത്തരവാദിത്തം മറക്കുകയാണ്. അതേസമയം തൊഴിലാളികളുടെ ഒരു താല്‍പര്യവും ഇന്നേ വരെ മലയാള സിനിമ മേഖലയിലുള്ള ഒരു സംഘടനയും സംരക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പൃഥ്വിരാജ് മാത്രമാണ് ചെറുപ്പക്കാരില്‍ ഏന്തെങ്കിലും പറയാന്‍ തയ്യാറായത്. കൂടുതല്‍ ചെറുപ്പക്കാര്‍ പുറത്ത് വന്ന് സംസാരിച്ചിരുന്നുവെങ്കില്‍ നമ്മള്‍ ആഗ്രഹിച്ച് പോകും. സിനിമകളിലൂടെയും അതോടൊപ്പം ജീവിതത്തിലും അത് പ്രകടിപ്പിക്കാന്‍ യുവതാരങ്ങള്‍ തയ്യാറാവണം. ഇനി യുവതാരങ്ങളുടെ തീരുമാനം പക്വതയില്ലായ്മയാണോ കുശാഗ്രബുദ്ധിയാണോ നിസഹായതയാണോ എന്നൊക്കെ സംശയിക്കണം. അതോ അവര്‍ കണ്‍സേര്‍ഡ് അല്ലെയെന്നും രാജീവ് ചോദിക്കുന്നു. അതേസമയം ഈ ഗണേഷ് കുമാറിനെ പോലുള്ളവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സിപിഎമ്മിന് എന്തുകൊണ്ടാണ് ഉണ്ടാവുന്നതെന്നും രാജീവ് ചോദിച്ചു.