നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാകുന്നു. ഇടുക്കി എസ് പിയുടെ അറിവോടെയാണ് രാജ്കുമാറിനെ അനധികൃതമായി കസ്റ്റഡിയില്‍ വെച്ചിരുന്നതെന്ന് സൂചന. രാജ് കുമാര്‍ അവശനാണെന്ന സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് അവഗണിച്ചു. എസ്പിയും ഡിവൈഎ്പിയും സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെ തിരിഞ്ഞു നോക്കിയില്ലെന്നും ആരോപണമുണ്ട്.
രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ കസ്റ്റഡി മര്‍ദ്ദനം ഉണ്ടായിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. സ്റ്റേഷന്‍ രേഖകളും സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചതില്‍ നിന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. പ്രത്യേക സംഘം മൂന്നായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.
ഇതുസംബന്ധിച്ച് പൊലീസുകാര്‍ക്ക് ഗുരുതര വീഴ്ച പറ്റിയെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഡോക്ടമാര്‍ക്കും വീഴ്ച പറ്റിയെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. ഈ രണ്ട് കാര്യങ്ങളും ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും. രാജ്കുമാറിനെ 18, 19 തിയ്യതികളിലാണ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. 19ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ച രാജ്കുമാറിനെ ഒ.പി ഇല്ലാത്തതിനാല്‍ പരിശോധിപ്പിക്കാതെ പൊലീസുകാര്‍ തിരിച്ച് കൊണ്ടുപോയി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
എന്നാല്‍, ജൂണ്‍ 19ന് രാജ്കുമാറിന്റെ പേര് മെഡിക്കല്‍ കോളേജിലെ ഒരു രജിസ്റ്ററിലുമില്ല. ഒ.പിയില്‍ പരിശോധിച്ച ശേഷം പൊലീസുകാരുടെ ആവശ്യപ്രകാരം വിട്ടയക്കുകയായിരുന്നു. ഇതിനിടെ, പൊലീസുകാര്‍ മര്‍ദ്ദിച്ചെന്ന് മരിച്ച രാജ്കുമാര്‍ പറഞ്ഞതായി കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി. ഇടുക്കി തൂക്കുപാലത്തെ വായ്പ തട്ടിപ്പ് കേസില്‍ പീരുമേട് ജയിലില്‍ റിമാന്‍ഡിലായിരുന്ന ഇടുക്കി കോലാഹലമേട് സ്വദേശി രാജ്കുമാര്‍ ജൂണ്‍ 21നാണ് മരിച്ചത്.
രാജ്കുമാറിന് മര്‍ദ്ദനമേറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരണം ഉണ്ടായിരുന്നു. കേസില്‍ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം ശാസ്ത്രീയ പരിശോധനകള്‍ ഇന്ന് തുടങ്ങും.രാജ്കുമാറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് പൊലീസില്‍ നിയന്ത്രണമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൊലീസ് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.