ന്യൂഡൽഹി:കോൺഗ്രസിൽ അമ്മായി ക്യാമ്പും മകൻ ക്യാമ്പും പോരാട്ടത്തിലെന്നു സോഷ്യൽ മീഡിയ ചർച്ച മുറുകുന്നതിനിടെ രാജസ്ഥാനിൽ സച്ചിൻ പൈലറ്റ് സൃഷ്‌ടിച്ച രാഷ്ട്രീയ അനിശ്ചിതത്വം രാഹുൽ ക്യാമ്പിന്റെ നാടകമാണെന്നും സംശയം !കോൺഗ്രസിലെ മുതിർന്ന നേതാക്കൾ തന്നെയാണ് ഈ സംശയം ഉന്നയിക്കുന്നത് .സോണിയ ഗാന്ധി താൽക്കാലിക പ്രസിഡന്റ് ആയിട്ട് ഇതതുവരെ സ്ഥിരം പ്രസിഡന്റിനെ കണ്ടെത്താൻ ആയിട്ടില്ല .സോണിയ ക്യാമ്പ് വെറും വൃദ്ധ സദനം ആണെന്നും ആരോപണം ശക്തമാണ് .അധികാരം വിട്ടെറിയാൻ ഇവർ കൂട്ടാക്കുന്നുമില്ല .
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടിയിലെ മുതിർന്ന നേതാക്കളെ താക്കോൽ സ്ഥാനങ്ങളിൽ നിന്ന് മാറ്റി യുവനേതാക്കളെ കൊണ്ടുവരണമെന്ന ആവശ്യം രാഹുൽ മുന്നോട്ട് വച്ചിരുന്നു. പല സംസ്ഥാനങ്ങളിലും രാഹുൽ കേന്ദ്രത്തിനെതിരെ ഉയർത്തിക്കാട്ടിയ മുദ്രാവാക്യം ഏറ്റെടുക്കാൻ പോലും അന്ന് മുതിർന്ന നേതാക്കൾ തയ്യാറായിരുന്നില്ല. ഇതായിരുന്നു രാഹുലിനെ ചൊടിപ്പിച്ചത്.
അശോക് ഗലോട്ടും അഹമ്മദ് പട്ടേലും അടക്കമുള്ളവരെ വകവയ്ക്കാതെ രാഹുൽ ക്യാമ്പിൽ നടക്കുന്ന നീക്കങ്ങൾ മുതിർന്ന നേതാക്കളെ വല്ലാതെ അസ്വസ്ഥപ്പെടുത്തിയിരുന്നു. വരുന്ന പത്താം തീയതി സോണിയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തിയിട്ട് ഒരു വർഷം തികയുകയാണ്. വർഷം ഒന്നു കഴിയാറായിട്ടും സ്ഥിരമായി ഒരു അദ്ധ്യക്ഷനെ കണ്ടെത്താത്തത് രാഹുലിനെ ചൊടിപ്പിച്ചുവെന്നാണ് വിവരം. തനിക്ക് അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ച് വരാൻ താത്പര്യമില്ലെന്ന് രാഹുൽ വ്യക്തമാക്കിയെന്ന തരത്തിലുള്ള വാർത്തകൾ ദേശീയമാദ്ധ്യമങ്ങൾ കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്‌തിരുന്നു. മുതിർന്ന നേതാക്കളുടെ ഇപ്പോഴും തുടരുന്ന അപ്രമാദിത്വമാണ് ഇതിന് പ്രധാന കാരണം.
മൂന്ന് മാസത്തിനുള്ളിൽ പുതിയ പാർട്ടി അദ്ധ്യക്ഷനെ കണ്ടെത്താനും എ.ഐ.സി.സി പ്ലീനറി കൂടി പ്രഖ്യാപനം നടത്താനുമായിരുന്നു കോൺഗ്രസ് ലക്ഷ്യമിട്ടത്. എന്നാൽ മുതിർന്ന നേതാക്കളുടെ ഭാഗത്ത് നിന്ന് ഇതിനായി യാതൊരു പരിശ്രമവും നടന്നില്ല. യുവനിര രാഹുലിനെ അദ്ധ്യക്ഷസ്ഥാനത്തേക്ക് കൊണ്ടുവരുന്നതിനായുള്ള ചരടുവലികൾ അപ്പോഴും നടത്തുന്നുണ്ടായിരുന്നു. രാഹുൽ ക്യാമ്പുകളിൽ നിന്ന് പാർട്ടി ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്നുകേട്ട് പേരുകളിലൊന്നായിരുന്നു സച്ചിൻ പൈലറ്റിന്റേത്. രാജസ്ഥാനിൽ നിന്ന് കെ.സി വേണുഗോപാൽ എം.പി ആകുന്ന സമയത്ത് സംഘടന ചുമതല സച്ചിന് നൽകുമെന്നും കോൺഗ്രസ് ക്യാമ്പുകളിൽ അണിയറ സംസാരമുണ്ടായിരുന്നു.
തൊട്ടുപിന്നാലെയാണ് രാജസ്ഥാനിൽ അപ്രതീക്ഷിത നീക്കങ്ങൾ നടക്കുന്നത്. സച്ചിൻ ഇപ്പോഴും രാജസ്ഥാനിലേക്ക് മടങ്ങാതെ ഡൽഹിയിൽ തങ്ങുന്നത് കോൺഗ്രസ് നേതാക്കൾ ഗൗരവത്തോടെയാണ് കാണുന്നത്. സച്ചിന് ദേശീയ നേതൃത്വത്തിൽ കസേര കൊടുത്തു കൊണ്ടുള്ള അപ്രതീക്ഷിത തീരുമാനം എ.ഐ.സി.സിയിൽ നിന്ന് ഉണ്ടാകുമോയെന്നും മുതിർന്ന നേതാക്കൾ ഭയക്കുന്നു. താൻ ബി.ജെ.പിയിലേക്ക് പോകില്ലെന്നും മരിക്കും വരെ കോൺഗ്രസുകാരനായിരിക്കുമെന്നും സച്ചിൻ പൈലറ്റ് ഇന്നലെ ദേശീയ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ബി.ജെ.പിയും സച്ചിനുമായി ഇതുവരെ നേരിട്ട് ബന്ധപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ സച്ചിൻ ബി.ജെ.പിയിലേക്ക് ചേക്കാറാതെ നടത്തുന്ന രാഷ്ട്രീയ അനിശ്ചിതത്വം കോൺഗ്രസിലെ മുതിർന്ന നേതാക്കളുടെ ആശങ്ക വർദ്ധിപ്പിക്കുകയാണ്.
രാജിഭീഷണി മുഴക്കി മുതിർന്ന നേതാക്കളെ തലപ്പത്ത് നിന്ന് മാറ്റാനുള്ള രാഹുലിന്റെ ശ്രമം ഒടുവിൽ എത്തിച്ചേർന്നത് രാഹുലിന്റെ രാജിയിലാണ്. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് അദ്ധ്യക്ഷൻ വരണം എന്ന ആവശ്യം കൂടി ഉയർത്തിയായിരുന്നു രാഹുൽ അന്ന് രാജിവച്ചത്. എന്നാൽ ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരു അദ്ധ്യക്ഷൻ വരുന്നത് പാർട്ടിയെ പിളർപ്പിലേക്ക് നയിക്കുമെന്ന് ചൂണ്ടിക്കാട്ടി മുതിർന്ന നേതാക്കൾ സോണിയഗാന്ധിയെ താത്ക്കാലിക അദ്ധ്യക്ഷയായി തീരുമാനിക്കുകയായിരുന്നു. രാഹുലിന്റെ എതിർപ്പ് അവഗണിച്ചാണ് അന്ന് സോണിയ മൂന്ന് മാസത്തേക്ക് ഇടക്കാല അദ്ധ്യക്ഷയാകുന്നത്.