അലോപ്പതി ചികിത്സ 100% ഫലപ്രദമല്ല : യോഗയും ആയുർവേദവും പരിശീലിക്കുന്നുണ്ട്,തനിക്ക് പ്രതിരോധ കുത്തിവയ്പ്പിന്റെ ആവശ്യമില്ലെന്ന് രാംദേവ്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: അലോപ്പതി നൂറുശതമാനം ഫലപ്രദമല്ലെന്നാണ് കോവിഡ് മൂലമുള്ള മരണങ്ങൾ വ്യക്തമാക്കുന്നതെന്ന് രാംദേവ്.താൻ യോഗയും ആയൂർവേദവും പരിശീലിക്കുന്നുണ്ട്. തനിക്ക് പ്രതിരോധ കുത്തിവയ്പ്പിന്റെ ആവശ്യമില്ലെന്നും രാംദേവ് പറയുന്നു.

പതിറ്റാണ്ടുകളായി ഞാൻ യോഗയും ആയൂർവേദവും അഭ്യസിക്കുന്നു. അതിനാൽ പ്രതിരോധ കുത്തിവയ്പ്പ് എടുക്കേണ്ട ആവശ്യകത ഉണ്ടെന്ന് തോന്നിയില്ല. ഇന്ത്യയിലെയും വിദേശത്തെയും നൂറ് കോടിയിലധികം ആളുകൾക്ക് വേണമെങ്കിൽ ഈ പുരാതന ചികിത്സയുടെ ഫലം അനുഭവിച്ചറിയാവുന്നതാണെന്നും രാംദേവ് പറയുന്നു.

ആയൂർവേദം ആഗോളതലത്തിൽ അംഗീകരിക്കപ്പെടും. പുരാതന ഇന്ത്യൻ സമ്പ്രദായത്തെ അപകീർത്തിപ്പെടുത്തുന്നതിനുളള സമഗ്രമായ പ്രചാരം നടക്കുന്നുണ്ടെന്നും രാംദേവ് പറഞ്ഞു. ആധുനിക അലോപ്പതി മരുന്നുകൾ വിഡ്ഢിത്തവും അലോപ്പതി എന്നത് പരാജയപ്പെട്ട ചികിത്സാരീതിയുമാണെന്ന പരിഹാസവുമായി രാംദേവ് നേരത്തെ രംഗത്തെത്തിയിരുന്നു.

എന്നാൽ ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷ് വർദ്ധന് പരാതിയും നൽകിയിരുന്നു. സംഭവം വിവാദമായതോടെ രാംദേവ് പ്രസ്താവന പിന്നീട് പിൻവലിച്ചിരുന്നു.

Top