തിരുവനന്തപുരം : ഡിസിസി അധ്യക്ഷന്‍മാരുടെ പ്രഖ്യാപനത്തില്‍ ആഞ്ഞടിച്ച് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും. ഡിസിസി പട്ടികയില്‍ കേരളത്തില്‍ ഫലപ്രദമായ ചര്‍ച്ച നടന്നിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ചര്‍ച്ച നടത്തിയിട്ടില്ലെന്ന് മാത്രമല്ല ചര്‍ച്ച നടന്നുവെന്ന് വരുത്തി തീര്‍ക്കാനും ശ്രമം നടന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ചെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
കേരളത്തില്‍ മതിയായ ചര്‍ച്ച നടന്നില്ലെന്ന് ചെന്നിത്തലയും പ്രതികരിച്ചു . പരസ്യപ്രതികരണവുമായി കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയതോട പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കവും തമ്മില്‍ തല്ലും രൂക്ഷമായി.അതേസമയം, സസ്‌പെന്‍ഷന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ ശിവദാസന്‍ നായരും രംഗത്തെത്തി. സ്വന്തം നോമിനികളെപ്പറ്റിയായിരുന്നു നേതാക്കളുടെ ചര്‍ച്ചയെന്നും തന്നെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും ശിവദാസന്‍ പ്രതികരിച്ചു.
സംസ്ഥാന തലത്തില്‍ ആവശ്യമായ ചർച്ച നടത്താതെയാണ് പുനസംഘടന നടന്നതെന്നും അത്തരം ചർച്ചകള്‍ നടന്നിരുന്നെങ്കില്‍ ഹെെക്കമാന്‍ഡിന് മുന്നിലുണ്ടായ പ്രതിഷേധങ്ങള്‍ ഒഴിവാക്കാമായിരുന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വിശദമായ ചര്‍ച്ചകള്‍ സംസ്ഥാനതലത്തില്‍ ഇക്കാര്യത്തില്‍ നടത്തേണ്ടതായിരുന്നു. ചര്‍ച്ചകള്‍ നടത്താമെന്നാണ് തനിക്കും ഉമ്മന്‍ചാണ്ടിക്കും വാഗ്ദാനം നല്‍കിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ല. അത്തരം ചര്‍ച്ചകള്‍ കേരളത്തില്‍ നടന്നിരുന്നെങ്കില്‍, ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍ പരമാവധി ഒഴിവാക്കാമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഥാനമാനങ്ങള്‍ കിട്ടുമ്പോള്‍ മാത്രം ഗ്രൂപ്പില്ല എന്ന് പറയുന്ന ഒരു പ്രവണതയോട് യോജിക്കാനാകില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. പട്ടികയിലെ എല്ലാവർക്കും ഗ്രൂപ്പുണ്ട്. കേരളത്തില്‍ ഗ്രൂപ്പിന്റെ ഭാഗമല്ലാത്ത ഒരു കോണ്‍ഗ്രസുകാരുമില്ല. ഒരോ കാലത്ത് ഗ്രൂപ്പുകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ളവരും അതിന്റെ നേതാക്കളായിരുന്നവരും മാനേജര്‍മാരായിരുന്നവരുമാണ് എല്ലാവരുമെന്നും ചെന്നിത്തല പറഞ്ഞു. ഗ്രൂപ്പുകള്‍ക്ക് അതീതമായാണ് തീരുമാനങ്ങളെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷനേതാവ് വി ഡി സതീശനും ആവർത്തിക്കുന്നതിനിടെയാണ് ചെന്നിത്തലയുടെ പ്രതികരണം.
പരസ്യപ്രതികരണം നടത്തിയ കെപി അനില്‍കുമാറിനെയും കെ ശിവദാസന്‍ നായരെയും സസ്‌പെന്‍ഡ് ചെയ്ത നടപടിയോടും ചെന്നിത്തല വിയോജിപ്പ് രേഖപ്പെടുത്തി. അച്ചടക്ക നടപടി സ്വീകരിക്കാന്‍ കെപിസിസി അധ്യക്ഷന് അധികാരമുണ്ട്. എന്നാല്‍ ഭരണഘടനാപരമായി മാത്രമേ അച്ചടക്ക നടപടി എടുക്കാവൂ. എല്ലാ നേതാക്കള്‍ക്കും അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. എല്ലാരെയും യോജിപ്പിച്ച് നിര്‍ത്തി വേണം പാര്‍ട്ടിയെ നയിക്കാനെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്‌റെ ഡിസിസി അധ്യക്ഷന്മാരുടെ പ്രഖ്യാപനത്തെ പൂര്‍ണ്ണമായി അംഗീകരിക്കുന്നെന്നായിരുന്നു ചെന്നിത്തലയുടെ നിലപാട്. പാര്‍ട്ടിയുടെ ഹൈക്കമാന്‍ഡ് എടുക്കുന്ന ഏത് തീരുമാനവും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അംഗീകരിക്കേണ്ടതാണ്. കീഴ് വഴക്കമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കെപിസിസി പുനസംഘടന വരുമ്പോള്‍ മതിയായ പ്രാതിനിധ്യം സ്ത്രീകള്‍ക്കും പട്ടികജാതിപട്ടികവര്‍ഗ വിഭാഗത്തിനും ചെറുപ്പക്കാര്‍ക്കും നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.