തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം സുരക്ഷിതമായി മത്സരിക്കാനുള്ള സീറ്റുകള്‍ തിരയുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. ഇതില്‍ പ്രധാനി പ്രതിപക്ഷ നേതാവായിട്ടുള്ള രമേശ് ചെന്നിത്തലയാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സിറ്റിംഗ് സീറ്റായ ഹരിപ്പാട് മണ്ഡലത്തില്‍ നിന്നും മാറി മറ്റൊരു സുരക്ഷിത താവളം തേടുകയാണ് ചെന്നിത്തല.
തിരുവനന്തപുരം ജില്ലയിലെ ഒരു നിയമസഭാ മണ്ഡലത്തില്‍ നിന്ന് അദ്ദേഹം മത്സരിക്കുമെന്നാണ് വിവരം. ജില്ലയിലെ സുരക്ഷിത മണ്ഡലത്തിലേക്ക് മാറാനുളള നീക്കം പ്രതിപക്ഷ നേതാവ് തുടങ്ങിയതായി കോണ്‍ഗ്രസ് നേതാക്കള്‍ സൂചിപ്പിച്ചു. ഹരിപ്പാട് നിന്നുളള എം.എല്‍.എയാണ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസിന്റെ സുരക്ഷിത സീറ്റല്ലാത്ത ഹരിപ്പാട് മണ്ഡലത്തിലെ സാമുദായിക സമവാക്യങ്ങള്‍ അടക്കമുളള കാര്യങ്ങള്‍ ഇത്തവണ അനുകൂലമാകില്ലെന്ന് മുന്നില്‍ കണ്ടാണ് ചെന്നിത്തലയുടെ നീക്കമെന്നാണ് സൂചന.
പ്രതിപക്ഷ നേതാവിന്റെ മണ്ഡലം മാറ്റം സംബന്ധിച്ചുളള അനൗദ്യോഗിക ചര്‍ച്ചകള്‍ കഴിഞ്ഞ കുറച്ചു നാളുകളായി നടക്കുന്നുണ്ടെന്നാണ് ഐ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നത്. കോട്ടയം ജില്ലയിലെ ഏതെങ്കിലുമൊരു മണ്ഡലമാണ് ആദ്യം പരിഗണിച്ചിരുന്നതെങ്കിലും പിന്നീട് തിരുവനന്തപുരത്ത് നിന്ന് ചെന്നിത്തല മത്സരിക്കട്ടെ എന്ന തീരുമാനത്തിലേക്ക് എത്തിച്ചേരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, മണ്ഡലം മാറ്റം പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നും തീരുമാനം ആത്മഹത്യാപരമായിരിക്കും എന്ന് വാദിക്കുന്നവരുമുണ്ട്.