ലോക്ഡൗണ്‍ ലംഘിച്ച് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനിരുന്ന് രമ്യ ഹരിദാസും വി ടി ബല്‍റാമും.യുവാവിനെയും സുഹൃത്തിനെയും ഗുണ്ടകൾ മര്‍ദിച്ചു

പാലക്കാട് : ലോക്ഡൗണ്‍ ലംഘിച്ച് രമ്യ ഹരിദാസ് എം.പി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഭക്ഷണം കഴിക്കാനെത്തി. കോണ്‍ഗ്രസ് നേതാക്കളായ വി.ടി ബല്‍റാം, റിയാസ് മുക്കോളി, പാളയം പ്രദീപ് തുടങ്ങിയവര്‍ക്കൊപ്പമാണ് രമ്യ ഭക്ഷണം കഴിക്കാനെത്തിയത്. ഞായറാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. ലോക്ഡൗണ്‍ ലംഘിച്ച് നേതാക്കള്‍ ഭക്ഷണം കഴിക്കാനിരുന്നത് ഒരാള്‍ ചോദ്യം ചെയ്യുകയും സംഭവത്തിന്റെ വീഡിയോ ചിത്രീകരിക്കുകയുമായിരുന്നു.

രമ്യ ഹരിദാസ് എം പി , വി ടി ബല്‍റാം , റിയാസ് മുക്കോളി തുടങ്ങിയവരാണ് ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചത്. സ്ഥലത്തുണ്ടായിരുന്ന യുവാവ് ചോദ്യം ചെയ്തതോടെ ഇവര്‍ ഭക്ഷണം കഴിക്കാതെ ഇറങ്ങിപ്പോവുകയായിരുന്നു. ഞായറാഴ്ച പകലാണ് സംഭവം. സമ്പൂര്‍ണ ലോക്ഡൗണ്‍ ദിനത്തില്‍ കല്‍മണ്ഡപത്തെ സ്വകാര്യ ഹോട്ടലില്‍ രമ്യഹരിദാസും സംഘവും ഭക്ഷണത്തിനായി കാത്തിരിക്കുന്നത് ശ്രദ്ധയില്‍പെട്ട ഭക്ഷണവിതരണക്കാരനായ യുവാവ് എംപിയോട് കാര്യം തിരക്കി.

താന്‍ ബിരിയാണി പാര്‍സല്‍ ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുകയാണെന്ന് രമ്യഹരിദാസ് മറുപടി നല്‍കി. പാര്‍സലെടുക്കേണ്ടവര്‍ പുറത്താണ് നില്‍ക്കേണ്ടത്, ഞങ്ങള്‍ സാധാരണക്കാര്‍ പുറത്താണ് നില്‍ക്കാറുള്ളതെന്നും എംപിക്കെന്താണ് പ്രത്യേകതയെന്നും യുവാവ് തിരികെ ചോദിച്ചു. കുടുങ്ങിയെന്ന മനസിലായ രമ്യഹരിദാസ് യുവാവിനൊപ്പം പുറത്തേക്ക് നീങ്ങി. ഇതോടെ പാളയം പ്രദീപും സംഘവും പുറത്തെത്തി യുവാവിനെയും സുഹൃത്തിനെയും മര്‍ദിച്ചു. ഫോണ്‍ പിടിച്ചുവാങ്ങാനും ശ്രമിച്ചു. യുവാവിന്റെ വാഹനത്തിന്റെ ഫോട്ടോയെടുത്ത ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വധഭീഷണിമുഴക്കി. യുവാവെടുത്ത വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ചോദ്യം ചെയ്തയാളെ കോണ്‍ഗ്രസ് നേതാക്കള്‍ കയ്യേറ്റം ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കരുതെന്ന കോവിഡ് മാനദണ്ഡം ലംഘിച്ചാണ് ഇവര്‍ ഭക്ഷണം കഴിക്കാനിരുന്നത് എന്നാണ് ആരോപണം. എന്നാല്‍ ഭക്ഷണം കഴിക്കാന്‍ കയറിയതല്ലെന്നും പാഴ്‌സലിനായി കാത്തിരിക്കുകയായിരുന്നു എന്നുമാണ് രമ്യ ഹരിദാസിന്റെ വിശദീകരണം.

Top