മാനഭംഗപ്പെടുത്തിയശേഷം തീവച്ചു; മനോധൈര്യം കൈവിട്ടില്ല; യുവാവ് പൊള്ളലേറ്റു മരിച്ചു

ബംഗാളില്‍ യുവതിയെ മാനഭംഗപ്പെടുത്തിയശേഷം തീവച്ചു കൊല്ലാന്‍ ശ്രമിച്ച യുവാവ് അതേ തീയില്‍ പൊള്ളലേറ്റു മരിച്ചു. തീപടരുന്നതിനിടെ യുവതി വിടാതെ പിടിച്ചതോടെ രക്ഷപ്പെടാന്‍ കഴിയാതെ ഇയാള്‍ അഗ്‌നിക്കിരയാകുകയായിരുന്നു. മുഖത്തും കൈയ്യിലും പൊള്ളലേറ്റ യുവതി ചികില്‍സയിലാണ്. യുവാവിന്റെ വീട്ടില്‍നിന്ന് 35 കിലോമീറ്റര്‍ അകലെയാണ് സ്ത്രീയുടെ വീട്. ഇയാള്‍ ഇത്രദൂരം സഞ്ചരിച്ചെത്തിയത് എന്തിനാണെന്നു പരിശോധിക്കുകയാണെന്നു പൊലീസ് അറിയിച്ചു. ഇയാള്‍ സ്ഥിരമായി ഇവിടെ വരാറുണ്ടായിരുന്നുവെന്നു നാട്ടുകാരും പറയുന്നു. ഭര്‍ത്താവു മരിച്ചശേഷം രണ്ടു പെണ്‍മക്കള്‍ക്കൊപ്പം കഴിഞ്ഞിരുന്ന യുവതിയെ മുപ്പത്തിയഞ്ചുകാരന്‍ നിരന്തരം ശല്യപ്പെടുത്താറുണ്ടായിരുന്നു. തിങ്കളാഴ്ച വൈകിട്ട് യുവതി വീട്ടില്‍ ഒറ്റയ്ക്കുള്ളപ്പോള്‍ അതിക്രമിച്ചു കയറിയ യുവാവ് ഇവരെ മാനഭംഗപ്പെടുത്തിയശേഷം തീവയ്ക്കുകയായിരുന്നു. എന്നാല്‍ മനോധൈര്യം കൈവിടാതിരുന്ന യുവതി ഇയാളെ കടന്നുപിടിക്കുകയായിരുന്നു. ഇതോടെ യുവാവിന്റെ വസ്ത്രങ്ങളിലും തീപടര്‍ന്നു പിടിച്ചു. ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്നു സമീപവാസികള്‍ ഓടിയെത്തി ഇരുവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Top