സ്വന്തം ലേഖകൻ
ദില്ലി: പതിനൊന്നുകാരൻ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് പരാതി നൽകിയ യുവതിക്കെതിരെ കേസെടുത്തു. പരാതി അടിസ്ഥാനരഹിതമാണെന്ന ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ വിധിക്ക് പിന്നാലെയാണ് യുവതിക്കെതിരെ കേസെടുത്തത്. 21കാരിയായ യുവതിക്കെതിരെയാണ് കേസെടുത്തത്. വീട്ടുടമസ്ഥൻറെ മകൻ പീഡിപ്പിച്ചെന്നാരോപിച്ചാണ് ഇവർ പരാതി നൽകിയത്.
കുട്ടിയുടെ വീട്ടിൽ ഈ യുവതി ഒരു വർഷത്തോളം ജോലി ചെയ്തിരുന്നു. രക്ഷിതാക്കൾ വീട്ടിലില്ലാതിരുന്ന സമയത്ത് കുട്ടി തന്നോട് മോശമായി പെരുമാറിയെന്നാണ് ആരോപണം. എന്നാൽ പരാതി അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്ന് പ്രിൻസിപ്പൽ മജിസ്ട്രേറ്റ് മുരാരി പ്രസാദ് സിംഗ് വിധിച്ചു.
ഇതേതുടർന്നാണ് യുവതിക്കെതിരെ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. പതിനൊന്നുകാരൻ തന്നെ ബാറ്റ് കൊണ്ട് അടിക്കുകയും തള്ളിയിട്ട് ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് യുവതി പരാതിയിൽ പറഞ്ഞിരുന്നു.
എന്നാൽ 11കാരൻറെ ഭാഗത്ത് നിന്നും ഇത്തരമൊരു പ്രവർത്തി ഉണ്ടായി എന്നത് വിശ്വസനീയമല്ലെന്ന് കോടതി നിരീക്ഷിച്ചു. യുവതി ആക്രമിക്കപ്പെട്ടിട്ടില്ലെന്ന മെഡിക്കൽ റിപ്പോർട്ടും കോടതി കണക്കിലെടുത്തു.


