അഗ്ര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം ഒത്തുതീർപ്പാക്കൻ നാട്ടുകൂട്ടത്തിന്റെ ശ്രമം. സംഭവത്തിൽ കുറ്റാരോപിതരായ പ്രതികൾ നൽകുന്ന 80,000 രൂപ വാങ്ങി കേസ് ഒത്തുതീർപ്പാക്കാൻ പെൺകുട്ടിയുടെ കുടുംബത്തോട് നാട്ടുകൂട്ടം ആവശ്യപ്പെടുകയായിരുന്നു. ഉത്തർപ്രദേശിലെ അലിഘട്ടിലാണ് സംഭവം നടന്നത്. ബുധനാഴ്ച്ച വൈകുന്നേരം വീട്ടിലേക്ക് പോകുന്ന വഴിയാണ് അതിക്രൂരമായി പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. സംഭവത്തെക്കുറിച്ച് പെൺകുട്ടി തന്റെ അമ്മയുടെ അനുജത്തിയോട് പറഞ്ഞു.
ചെറുപ്പത്തിലെ മാതാപിതാക്കൾ നഷ്ട്ടപ്പെട്ട കുട്ടി അമ്മായിയേടാണ് കാര്യങ്ങൾ പറയ്യാറുള്ളത്. തുടർന്ന് അമ്മായി സംഭവം കൂലിപ്പണിക്കാരനായ പെൺകുട്ടിയുടെ സഹോദരനെ അറിയിക്കുകയായിരുന്നു. തന്റെ അനുജത്തിക്ക് നീതി ലഭിക്കുന്നതിനായി എത്രയും പെട്ടെന്ന് യോഗം വിളിച്ച് ചേർക്കാൻ നാട്ടുകൂട്ടത്തോട് സഹോദരൻ ആവശ്യപ്പെടുകയായിരുന്നു. ഇതേതുടർന്ന് വ്യാഴാഴ്‌ച പഞ്ചായത്ത് യോഗം വിളിച്ച് ചേർത്തു. എന്നാൽ പൊൺകുട്ടിയും കുടുംബവും പ്രതീക്ഷിച്ച പോലെയായിരുന്നില്ല കാര്യങ്ങൾ നടന്നത്. സംഭവത്തിലുൾപ്പെട്ട പ്രതികൾ നൽകുന്ന തുക വാങ്ങി കേസ് ഒത്തുതീർപ്പാക്കാനായിരുന്നു പഞ്ചായത്ത് അവരോട് ആവശ്യപ്പെട്ടത്. ഇത് അംഗീകരിക്കാൻ പെൺകുട്ടിയും കുടുംബവും തയ്യാറായിരുന്നില്ല.
തുടർന്ന് വാഗ്ദാനം നിരസിച്ചതിനാൽ ഗ്രാമം വിട്ട് പുറത്ത് പോകരുതെന്ന് താക്കീത് നൽകി പഞ്ചായത്ത് പിരിച്ചുവിട്ടു. എന്നാൽ താക്കീത് വകവെയ്ക്കാതെ ശനിയാഴ്ച്ച രാത്രി സഹോദരൻ ഗ്രാമത്തിൽനിന്നും പുറത്തുചാടി അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി പ്രതികൾക്കെതിരെ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ നാല് പ്രതികൾക്കെതിരേ ഡെഹ്ലിഗേറ്റ് പൊലീസ് എഫ്എൽഎൽ രജിസ്റ്റർ ചെയ്തു. ലഖൻ (30), ലലിത് കുമാർ (22), വികാസ് (24), ചേതൻ (24) എന്നിവർക്കെതിരേയാണ് പൊലീസ് കേസെടുത്തത്. ഇതിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കേസിലെ പ്രധാന പ്രതി ചേതൻ ഒളിവിലാണ്. അതേസമയം നാട്ടുകൂട്ടത്തിലെ അംഗങ്ങൾക്കെതിരെ ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. പരിശോധനയിൽ പെൺകുട്ടി ലൈംഗികമായി പീഡനത്തിനിരയായതായി തെളിഞ്ഞതായി ഡെഹ്ലിഗേറ്റ് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ സുനിൽ കുമാർ സിംഗ് പറഞ്ഞു.