പീഡനക്കേസിലെ പ്രതി സ്ത്രീകളുടെ പണം തട്ടുന്നത് പതിവാക്കിയ ആള്‍; ലീലാവിലാസങ്ങള്‍ ഫേസ്ബുക്ക് വഴിയും സിനിമാ വാഗ്ദാനം നല്‍കിയും

ദലിത് യുവതിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായ വ്യക്തി മറ്റ് തട്ടിപ്പ് കേസുകളിലും പ്രതിയെന്ന് പോലീസ്. കാസര്‍കോഡ് സ്വദേശിയായ സുല്‍ത്താന്‍ മന്‍സിലില്‍ മുഹമ്മദ് അന്‍സാറിനെയാണ് പീഡനക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഒട്ടേറെ തട്ടിപ്പ് കേസുകളിലും പ്രതിയാണ്. മങ്കട സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി എംപി മോഹനചന്ദ്രനാണ് ഇയാളെ പിടികൂടിയത്.

ഫേസ്ബുക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങള്‍ വഴി പലര്‍ക്കും ജോലി വാഗ്ദാനം ചെയ്തും സിനിമയില്‍ അവസരം തരാമെന്നും പറഞ്ഞ് ഇയാള്‍ ലക്ഷങ്ങളാണ് തട്ടിയെടുത്തതെന്നും പൊലീസ് പറയുന്നു. രാജ്യത്തെ പ്രധാന നഗരങ്ങളായ ബെംഗളൂരുവിലും ഹൈദരാബാദിലും ആഡംബര ഹോട്ടലുകളില്‍ മുറിയെടുത്ത് ഇവിടെ വച്ച് ആളുകളില്‍ നിന്നും പണം വാങ്ങി മുങ്ങുകയായിരുന്നു ഇയാളുടെ പതിവ്. മാത്രമല്ല സ്ത്രീകളുമായി അടുപ്പം നടിച്ച് അവരില്‍ നിന്നും സ്വര്‍ണവും വാങ്ങി പണയം വെപ്പിച്ച് പണം തട്ടുന്നതും ഇയാളുടെ പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുക്കത്തെ രണ്ട് യുവാക്കളില്‍ നിന്ന് തെലുങ്ക് സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്നുപറഞ്ഞ് രണ്ട് ലക്ഷം രൂപയും കോഴിക്കോട്ടെ രണ്ടുപേരുടെ മക്കളെ സിനിമയില്‍ ബാലതാരമാക്കാമെന്നു പറഞ്ഞ് 10,000 രൂപയും വാങ്ങി. കോഴിക്കോട്, സുല്‍ത്താന്‍ ബത്തേരി, കണ്ണൂര്‍, തൃശ്ശൂര്‍, കോട്ടയം, തിരുവനന്തപുരം, മൂന്നാര്‍, കോലഞ്ചേരി, എറണാകുളം, മലപ്പുറം എന്നിവിടങ്ങളിലെ ഒട്ടേറെപ്പേരില്‍നിന്ന് ഇത്തരത്തില്‍ പണവും സ്വര്‍ണവും തട്ടിയിട്ടുണ്ട്. യുവാവിനെക്കുറിച്ച് വിവരംലഭിച്ച പൊലീസ് ഫെയ്‌സ് ബുക്ക് വഴി ബന്ധപ്പെട്ട് ജോലി ആവശ്യമുള്ളയാളാണെന്ന വ്യാജേന ചാറ്റ് ചെയ്തു. തുടര്‍ന്ന് മൈസൂരുവിലെ സബര്‍ബന്‍ ബസ്സ്റ്റാന്‍ഡ് പരിസരത്തേക്ക് എത്തിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഈ സമയത്ത് കേരളത്തിലെ ഒരു സീരിയല്‍നടനും പ്രതിയുടെ കൂടെയുണ്ടായിരുന്നു.

നടന് സിനിമയില്‍ അവസരം നല്‍കാമെന്നുപറഞ്ഞ് രണ്ട് ലക്ഷത്തോളം രൂപ വാങ്ങാനുള്ള ശ്രമത്തിനിടയിലാണ് പിടിയിലാവുന്നത്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ് ഭാഷകള്‍ കൈകാര്യംചെയ്യുന്ന പ്രതി സംശയം തോന്നാത്ത വിധത്തില്‍ ഇരകളെ പരിചയപ്പെടും. തുടര്‍ന്ന് അവരുടെ വീട്ടില്‍പോയി വിശ്വാസം നേടിയ ശേഷമാണ് തട്ടിപ്പ് നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു.എസ്ഐ. മാരായ ആന്റണി, സുബൈര്‍, അന്വേഷണസംഘം ഉദ്യോഗസ്ഥരായ സതീശന്‍, ശശികുമാര്‍, പ്രദീപ്, എന്‍.ടി. കൃഷ്ണകുമാര്‍, എം. മനോജ്കുമാര്‍, രാമകൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Top