തിരുവനന്തപുരം: തന്നെ ആര്‍.എസ്സ്.എസ്സ്‌കാരനാക്കുന്ന പ്രചാരണത്തിനെതിരെ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്. അനില്‍ അക്കര എം.എല്‍.എയുടെ ആരോപണം അടിസ്ഥാന രഹിതമാണ്. ജീവിതത്തിലൊരിക്കലും എ.ബി.വി.പിയുമായി ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സി.രവീന്ദ്രനാഥ് കുട്ടിക്കാലത്ത് എറണാകുളം ചേരാനെലൂര്‍ ആര്‍.എസ്.എസ് ശാഖാ അംഗമായിരുന്നുവെന്നും വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ തൃശൂര്‍ സെന്റ്‌തോമസ് കോളേജില്‍ എ.ബി.വി.പി.യുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി നോമിനേഷന്‍ നല്‍കിയെന്നുമാണ് അനിലിന്റെ ആരോപണം. ഇതെല്ലാം ശരിയെങ്കില്‍ ഇനി എന്തെല്ലാം കാണാനിരിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചിരുന്നു.
ബി.ജെ.പി സ്ഥാപക നേതാവ് ദീന്‍ ദയാല്‍ ഉപാദ്ധ്യായയുടെ ജന്മശതാബ്ദി സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ആഘോഷിക്കണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍ വിവാദമായതിന്റെ പശ്ചാത്തലത്തിലായിരുന്നു അനിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സര്‍ക്കുലര്‍ . ദീന്‍ ദയാലിന്റെ ജീവിതത്തെ ആസ്പദമാക്കി രചന, പ്രച്ഛന്നവേഷ മത്സരങ്ങള്‍ നടത്തണമെന്ന് ഡി.ഇ.ഒമാര്‍ക്കുള്ള സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്നു. കഴിഞ്ഞ ആഗസ്റ്റിലാണ് കേന്ദ്രത്തില്‍ നിന്ന് നിര്‍ദ്ദേശം ഉണ്ടായത്. എന്നാല്‍ ഇത്തരമൊരു തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ നിലപാട്. ഏതടിസ്ഥാനത്തിലാണ് ഡി.പി.ഐ സര്‍ക്കുലര്‍ നല്‍കിയതെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.