അധോലോകത്തിന്റെ പ്രധാന വരുമാന സ്രോതസാണ് ഭീഷണിപ്പെടുത്തി വാങ്ങുന്ന പണം. പ്രമുഖരെയും വ്യവസായികളെയും സിനിമ താരങ്ങളെയുമാണ് ഇവര്‍ നിരന്തരം ഇരയാക്കുന്നത്. പണം വേണം ഇല്ലെങ്കില്‍ വധിക്കുമെന്നുമൊക്കെയുള്ള സ്ഥിരം അധോലോക ശൈലിയാണ് പൂജാരയുടെയും മാസ്റ്റര്‍പീസ്. എന്നാല്‍ നോട്ടമിട്ടിട്ടുള്ള ആളുകളോട് ഒരുതരത്തിലുള്ള അനുകമ്പയും പൂജാര കാട്ടാറില്ല.
ഇന്ത്യയില്‍നിന്ന് വിട്ട് നിന്നിരുന്നുവെങ്കിലും ഷാരൂഖ് ഖാനും കരണ്‍ ജോഹറും അടക്കമുള്ള വമ്പന്മാരെ പണമാവശ്യപ്പെട്ടും അല്ലാതെയും ഫോണ്‍കാളുകളിലൂടെ ഭീഷണിപ്പെടുത്തിയാണ് പൂജാര വീണ്ടും കളംപിടിച്ചത്. എന്നാല്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് നേരത്തെ ഫോണിലൂടെ വധഭീഷണി വന്നതോടെയാണ് കേരളത്തില്‍ രവി പൂജാരയെന്ന പേര് കൂടുതല്‍ ചര്‍ച്ചാവിഷയമായത്. തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമിന് വേണ്ടിയായിരുന്നു ചെന്നിത്തലയ്ക്ക് ഭീഷണി സന്ദേശമെത്തിയത്.
ഷാരൂഖ് ഖാനും കരണ്‍ ജോഹറിനും പുറമെ സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍ തുടങ്ങിയവരും പൂജാരയുടെ ഭീഷണികള്‍ക്ക് ഇരകളായിട്ടുണ്ട്. ഷാരൂഖിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ കരീം മോറാനിയോട് ഒരുതരത്തിലുള്ള ബന്ധവും ഇനി പുലര്‍ത്തരുതെന്ന് ആവശ്യപ്പെട്ടായിരുന്നു ഷാരൂഖിനെ ഭീഷണിപ്പെടുത്തിയത്. 2014ല്‍ ‘ഹാപ്പി ന്യൂയര്‍’ എന്ന സിനിമയുടെ റിലീസിംഗിനോട് അനുബന്ധിച്ചായിരുന്നു ഇത്.
യുവഗായകന്‍ അര്‍ജിത് സിംഗിനെ അഞ്ചുകോടി രൂപ ആവശ്യപ്പെട്ടാണ് പൂജാര ഭീഷണിപ്പെടുത്തിയത്. എന്നാല്‍, അത്രയും തുക നല്‍കാനാകില്ലെന്ന് അറിയിച്ചപ്പോള്‍ തന്റെ സുഹൃത്തിന് വേണ്ടി രണ്ട് പരിപാടികള്‍ സൗജന്യമായി ചെയ്തുകൊടുക്കണമെന്നായിരുന്നു ആവശ്യം. ജെ.എന്‍.യുവിലെ രാഷ്ട്രീയ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വിഘടനവാദി നേതാവ് സയീദ് അലി ഷാ ഗിലാനിക്കെതിരെയും ഭീഷണി ഉയര്‍ത്തി.
കര്‍ണാടക മന്ത്രിമാരായിരുന്ന റാംനാഥ് റായ്, യു.ടി ഖാദര്‍, അഭയ് ചന്ദ്ര ജെയ്ന്‍ എന്നിവരും മറ്റ് രണ്ട് നിയമസഭാംഗങ്ങളും പൂജാരയുടെ ഭീഷണി സന്ദേശങ്ങള്‍ക്ക് ഇരകളായിട്ടുണ്ട്. മുജാഹിദ്ദീന്‍ ഭീകരവാദി യാസിന്‍ ഭട്കലിന്റെ വക്കീലായ എം.എസ് ഖാനെയും ഫോണില്‍ വിളിച്ച് ഈയടുത്ത് പൂജാര കൊല്ലുമെന്ന് ഭീഷണി മുഴക്കിയിരുന്നു.
ദാവൂദിനോട് എതിര്‍ത്ത് ഡി കമ്പനിയില്‍നിന്ന് പുറത്തുവന്ന രാജനും പൂജാരയും ഗുരു സത്താം, ഡി കമ്പനിയിലെ അംഗങ്ങളായിരുന്ന വിനോദ് ഷെട്ടി, മോഹന്‍ കട്ടിയാന്‍ തുടങ്ങിയവരുമായി ചേര്‍ന്ന് ഇന്ത്യയ്ക്ക് പുറത്തുനിന്ന് തെക്കനേഷ്യയിലുടനീളം ഗ്യാംഗുകള്‍ രൂപീകരിച്ച് ബോളിവുഡ് താരങ്ങളെയും വമ്പന്‍ വ്യവസായികളെയും ഭീഷണിപ്പെടുത്തിയും പണംതട്ടിയും വളര്‍ന്നു.
2000ല്‍ പൂജാരയും സത്താമും ഛോട്ടാ രാജനുമായി വേര്‍പിരിഞ്ഞു. ദാവൂദിന്റെ അനുയായി ഛോട്ടാ ഷക്കീല്‍, ഛോട്ടാ രാജനുനേരെ നടത്തിയ വധശ്രമം സത്താമും പൂജാരയും ചേര്‍ന്ന് ചതിച്ചതാണെന്ന് രാജന്‍ ആരോപിച്ചതിനെത്തുടര്‍ന്നായിരുന്നു ഇത്. തന്നെ ഒറ്റുകൊടുത്തതാണെന്ന സംശയത്തെത്തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന വിനോദ് ഷെട്ടി, മോഹന്‍ കട്ടിയാന്‍ എന്നിവരെ മുംബയ് പനവേലില്‍വച്ച് രാജന്‍ വെടിവച്ചുകൊന്നു. തങ്ങളുടെ നിരപരാധിത്വം രാജന് മുന്നില്‍ തെളിയിക്കാന്‍ കഴിയാതെ വന്നതോടെയാണ് പൂജാരയും സത്താമും അവിടുന്ന് സലാം പറയുന്നത്.