കൊച്ചി: പതിനെട്ട് ദിവസത്തെ റിമാന്‍ഡ് തടവിന് ശേഷം ജയില്‍ മോചിതയായ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്്. കേസെടുത്തപ്പോള്‍ മുതല്‍ എഫ്‌ഐആറിന്റെ കോപ്പി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പോലീസ് അത് നല്‍കാന്‍ തയ്യാറായില്ല. അറസ്റ്റിലാവുന്നതിന്റെ രണ്ടു ദിവസം മുന്‍പ് ഞാന്‍ പത്തനംതിട്ട സിഐ സുനില്‍ കുമാറിനെ വിളിച്ചിരുന്നു. എഫ്‌ഐആറിന്റെ കോപ്പി എനിക്ക് തരില്ല എന്ന് സുനില്‍ കുമാര്‍ തീര്‍ത്തു പറഞ്ഞു. പ്രതിക്കും എഫ്‌ഐആറിന്റെ കോപ്പി നല്‍കണമെന്ന സുപ്രീം കോടതി ഉത്തരവിനെക്കുറിച്ചു പറഞ്ഞപ്പോള്‍ അദ്ദേഹം അങ്ങനെ ഒരു ഉത്തരവിനെ പറ്റി കേട്ടിട്ടുപോലുമില്ല എന്നാണ് പ്രതികരിച്ചതെന്നും അഴിമുഖം ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ രഹ്ന പറയുന്നു.
ഒരു കേസ് രജിസ്റ്റര്‍ ചെയ്ത് എഫ്‌ഐആര്‍ ഇട്ടു കഴിഞ്ഞാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ അത് വെബ്‌സൈറ്റില്‍ ചേര്‍ക്കണമെന്ന് നിയമമുണ്ട്. എന്നാല്‍ എന്റെ എഫ്‌ഐആറിന്റെ കോപ്പി വെബ്‌സൈറ്റിലും ലഭ്യമായിരുന്നില്ല. അതേപ്പറ്റി ചോദിച്ചപ്പോഴും ധാര്‍ഷ്ട്യത്തോടെയായിരുന്നു സിഐ സംസാരിച്ചത്.
പോലീസ് മഫ്ടിയില്‍ എന്റെ ഓഫീസില്‍ എത്തിയാണ് അറസ്റ്റ് ചെയ്തത്. ഓഫിസില്‍ എനിക്ക് ഭക്ഷണവുമായി വന്ന മനോജിനോട് എന്താണ് സംഭവിച്ചതെന്ന് സംസാരിക്കാന്‍ പോലും എന്നെ അനുവദിച്ചില്ല. ഞാന്‍ അറസ്റ്റിലായ വിവരം ആരെയും അറിയിക്കരുതെന്ന് മനോജിനോട് പറഞ്ഞ പോലീസുകാര്‍ തന്നെ പത്തനംതിട്ടയിലേക്ക് പോവുന്ന വഴി വാഹനത്തിലിരുന്ന് എന്റെ ഒപ്പം സെല്‍ഫി എടുത്ത് അത് മാധ്യമങ്ങള്‍ക്ക് അയച്ചു കൊടുത്തെന്നും രഹ്ന ഫാത്തിമ പറയുന്നു.