കോഴിക്കോട്: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ച കേടതിവിധിയുടെ പശ്ചാത്തലത്തില്‍ മല കയറിയ എറണാകുളം സ്വദേശിനി രഹന ഫാത്തിമ നേരത്തെ തന്നെ ഹിന്ദു മതത്തില്‍ താല്‍പ്പര്യമുള്ളയാള്‍. ചെറുപ്പത്തില്‍ തന്റെ മുസ്ലിം പേര് മാറ്റാന്‍ ഒരുപാട് ശ്രമിച്ചിട്ടുണ്ടെന്നും ഹിന്ദുവായി ജീവിക്കാന്‍ ഒരുപാട് കൊതിച്ചിട്ടുണ്ടെന്നുമായിരുന്നു രഹന ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
മദ്രസയില്‍ ഉസ്താദിന്റെ ഇലക്ട്രിക് വയര്‍ പിരിച്ചെടുത്തുണ്ടാക്കിയ തല്ലാന്‍ ഉപയോഗിച്ചിരുന്ന വടി ഖുര്‍ആന്‍ ആയത്തുകള്‍ കാണാതെ ഓതാന്‍ എന്നെ പഠിപ്പിച്ചെങ്കിലും ആണ്‍കുട്ടികള്‍ക്ക് ഇല്ലാത്ത അരുതുകള്‍ക്കും തലയില്‍ നിന്ന് തട്ടം അല്‍പം മാറിയാല്‍ കേട്ടിരുന്ന കണ്ണുപൊട്ടുന്ന ചീത്തയും നരകത്തില്‍ ഏറ്റവും വലിയ ശിക്ഷ തലമറക്കാത്ത സ്ത്രീക്കാണെന്നുള്ള ഓര്‍മിപ്പിക്കലും എന്നില്‍ അന്നേ മതത്തിനോട് വല്ലാത്ത വെറുപ്പ് ഉണ്ടാക്കിയെന്നും അഞ്ചില്‍ എത്തിയപ്പോഴേക്കും ഉസ്താദിന്റെ ശിക്ഷ എന്ന പേരിലുള്ള ചില ‘കരലാളനങ്ങള്‍’ എന്നെ മദ്രസയില്‍ പോകുന്നതില്‍ നിന്നും മടുപ്പിച്ചുവെന്നും കഴിഞ്ഞ വര്‍ഷം ഫേസ്ബുക്കിലിട്ട കുറിപ്പില്‍ രഹന വിശദീകരിച്ചിരുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം:
ഒരു പേരിൽ എന്തിരിക്കുന്നു ? ഇപ്പോൾ നടക്കുന്ന ചർച്ചകളില്നിന്ന് പേരിൽ റേസ് ,റിലീജിയൻ മസ്റ്റാണെന്ന് തോന്നുന്നു.
എനിക്ക് രെഹ്ന എന്ന് പേരിടാൻ ആയിരുന്നു അബ്ബക്ക് (മട്ടാഞ്ചേരി അറക്കൽ വീട്ടിൽ സെയ്ത് ഖാൻ മകൻ സുലൈമാൻ ഖാൻ) താല്പര്യം എന്നാൽ ഉമ്മ (ആലപ്പുഴ സ്വദേശി യൂസഫ് പഠാൻ മകൾ ഷംഷർ ബീഗം എന്ന പ്യാരിജാൻ) വല്ലുമ്മയുടെ പേരായ ഫാത്തിമ എന്നാണ് സ്‌കൂളിൽ ചേർക്കുമ്പോൾ കൊടുത്തത്. അത് മാറ്റാൻ വേണ്ടി ഞാൻ ഒരുപാട് വാശിപിടിച്ചെങ്കിലും 50രൂപയുടെ സ്റ്റാമ്പ് പേപ്പറിൽ അപേക്ഷ കൊടുക്കണം എന്ന കാരണത്താൽ നടന്നില്ല(രക്ഷിതാക്കളുടെ പേരിലെ ആഢ്യത്വം ജീവിതത്തിൽ ഉണ്ടായിരുന്നില്ല ,ടെലികോം കേബിൾ ഇടാൻ കുഴിയെടുക്കുക പോസ്റ്റിൽ കയറുക തുടങ്ങിയ കരാർ ജോലികൾ ചെയ്തിരുന്ന ആൾക്ക് അന്ന് 50രൂപ വലിയ തുക ആയിരുന്നു). സ്ക്ലൂളിലെ കൂട്ടുകാരുടെ സഫ്ന ,ജെറി, ധന്യ ,രഞ്ജിത തുടങ്ങിയ പേരുകൾ ഞാൻ ബഹുമാനത്തോടെ നോക്കി. സ്‌കൂളിൽ വേറെയും ഒരുപാട് ഫാത്തിമമാർ ഉണ്ടായിരുന്നു. എനിക്ക് ഇഷ്ടമല്ലായിരുന്ന എന്റെ പേര് ഞാൻ വെറുത്തു പേര് ചോദിക്കുന്നവരോട് രെഹന എന്നു വാശിപൂർവം പറഞ്ഞു. മദ്രസയിൽ ഉസ്താദിന്റെ ഇലക്ട്രിക് വയർ പിരിച്ചെടുത്തുണ്ടാക്കിയ തല്ലാൻ ഉപയോഗിച്ചിരുന്ന വടി ഖുർആൻ ആയത്തുകൾ കാണാതെ ഓതാൻ എന്നെ പഠിച്ചെങ്കിലും ആണ്കുട്ടികൾക്ക് ഇല്ലാത്ത അരുതുകൾക്കും തലയിൽ നിന്ന് തട്ടം അല്പം മാറിയാൽ കേട്ടിരുന്ന കണ്ണുപൊട്ടുന്ന ചീത്തയും നരകത്തിൽ ഏറ്റവും വലിയ ശിക്ഷ തലമറക്കാത്ത സ്ത്രീക്കാണെന്നുള്ള ഓര്മിപ്പിക്കലും എന്നിൽ അന്നേ മതത്തിനോട് വല്ലാത്ത വെറുപ്പ് ഉണ്ടാക്കി. 5ഇൽ എത്തിയപ്പോഴേക്കും ഉസ്താദിന്റെ ശിക്ഷ എന്ന പേരിലുള്ള ചില ‘കരലാളനങ്ങൾ’ എന്നെ മദ്രസയിൽ പോകുന്നതിൽ നിന്നും മടുപ്പിച്ചു. എന്ത് കൊണ്ട് പോകുന്നില്ലെന്ന് എല്ലാവരും ചോദിക്കുകയും ശിക്ഷിക്കുകയും ചെയ്‌തെങ്കിലും കാരണം എനിക്കാരോടും പറയാനായില്ല എനിക്കിഷ്ടമല്ല എന്നുമാത്രം പറഞ്ഞു. ഹിന്ദു പെണ്കുട്ടികൾ പട്ട് പാവാടയും ബ്ലൗസുമിട്ട് അമ്പലത്തിൽ പോകുന്നതും തിരിച്ചു സന്തോഷത്തോടെ ചന്ദനവും തൊട്ട് ഇലയിൽ പ്രസദവുമായി വരുന്നതും ഞാൻ അസൂയയോടെ നോക്കിനിന്നു. അടിച്ചു മതം പടിപ്പിക്കാത്ത സ്വാതന്ദ്ര്യമുള്ള അവരെ പോലെ ഹിന്ദു ആകാൻ ഞാൻ കൊതിച്ചു.കൂട്ടുകാരിൽ അധികവും ക്രിസ്ത്യൻ ആയിരുന്നതിനാലും എന്റെ വീട് ലൂർദ് മാതാ പള്ളിയുടെ അടുത്തായിരുന്നതിനാലും നമ്മടെ പള്ളിയിൽ പെണ്കുട്ടികള്ക്ക് പ്രവേശമില്ലാത്തതിനാലും ഞാനും കൂട്ടുകാരോടൊപ്പം ഞായറാഴ്ചകളിൽ കുർബാനക്ക് പോയി അപ്പവും വിഞ്ഞും കഴിച്ചു. തട്ടം ഊരി ബാഗിൽ വെച്ചു ക്ലാസ്സിലെ കൂട്ടുകാരോത്ത് വീട്ടുകാർ അറിയാതെ അമ്പലത്തിലും പോയി ചന്ദനവും തൊട്ട് നിവേദ്യവും കഴിച്ചു. അബ്ബക്ക് രോഗം മൂർച്ഛിച്ചതിനാൽ സ്‌കൂളിൽ പോക്ക്കുറവായിരുന്നെങ്കിലും sslc കഷ്ടിച്ചു പാസായി. മാർക് കുറവായിരുന്നതിനാൽ സിറ്റിയിൽ ഉള്ള പ്രൈവറ്റ് കോളേജിൽ ചേർത്തു. ലോകം കുറച്ചുകൂടെ വലുതായി. പുതിയ കാഴ്ചകളും ചിന്തകളും വന്നു എന്നാലും പേരിനോടുള്ള അനിഷ്ടം നിലനിന്നു. അതിനിടക്ക് അബ്ബയുടെ മരണവും ബന്ധുക്കളുടെ അവഗണനയും ആശ്വസിപ്പിക്കാൻ എന്നപേരിൽ വീട്ടില് വന്നിരുന്ന ഒരു ഉസ്താദ് അമ്മയെ രണ്ടാം ബീവി ആക്കികോളാമെന്നും എന്റടുത് വന്ന് രഹസ്യമായി നിന്നേം ഞാൻ നോക്കാമെന്ന് വഷളൻ ചിരിയോടെ പറഞ്ഞും എന്നെ ഇസ്ലാമോ ഫോബിക് ആക്കി. ഞാൻ കരുതി ഈ മതമാണ് പ്രശ്നമെന്ന് .എന്റെ അമ്പലവാസി ആയ ഒരു സുഹൃത്ത് വഴി കലൂരിലെ vhpക്ക് സ്വാധീനമുള്ള അമ്പലത്തിൽ പരിവർത്തനത്തിന് അപേക്ഷിച്ചു സൂര്യഗായത്രി എന്ന പേരും കണ്ടെത്തി. ഒരിക്കലും മുസ്ലീമിനെ കെട്ടില്ലെന്നും ഉറപ്പിച്ചു.
പേരിൽ അല്ല പ്രവർത്തിയിൽ ആണ് കാര്യമെന്ന് കരുതുന്നതിനാൽ ഇന്ന് എന്നെ രെഹനയെന്നോ സൂര്യയെന്നോ ഫാത്തിമയെന്നോ വിളിച്ചാലും വിളിക്കുന്ന ആളുടെ മനോഭാവത്തിനെ ഞാൻ വിലമതിക്കൂ.
‘ഹാദിയ’ നിന്നെ എനിക്ക് മനസിലാകും, എന്നാൽ പിന്നീട് കാലങ്ങൾ എടുത്തു ഞാൻ മനസിലാക്കിയ പോലെ ഈ മതങ്ങൾ തമ്മിൽ സ്ത്രീകൾക്ക് കക്കൂസ് കുഴിയും ചാണക കുഴിയും തമ്മിലുള്ള വെത്യാസമേ ഉള്ളെന്ന് നീയും മനസിലാക്കും എന്നെനിക്ക് ഉറപ്പാണ്.
സ്നേഹപൂർവം… പാത്തൂസ് ?