
കൊച്ചി : അഡ്വ രൺജീത് ശ്രീനിവാസിന്റെ കൊലപാതകക്കേസിലെ എല്ലാ പ്രതികൾക്കും വധശിക്ഷ വിധിച്ചതിൽ പൂർണ സംതൃപ്തരാണെന്നും കേസ് അത്യപൂർവമായ ഒന്നാണെന്നും രണ്‍ജീതിന്റെ ഭാര്യയും അമ്മയും . പ്രതികൾക്ക് പരമാവധി ശിക്ഷ കൊടുത്ത കോടതി വിധിയിൽ സംതൃപ്തരാണ്. 770 ദിവസമായുള്ള കാത്തിരിപ്പിനാണ് അവസാനമായത്. ഞങ്ങൾക്കുണ്ടായ നഷ്ടം വളരെ വലുതാണ്. എങ്കിലും കോടതി വിധിയിൽ ആശ്വാസമുണ്ട്.
ഭഗവാന്റെ വേറൊരു വിധിയുണ്ട്, പ്രകൃതിയുടെ നീതിയുമുണ്ട്. ഞങ്ങൾ അത് കണ്ടില്ലെങ്കിലും നിങ്ങൾക്ക് കാണാൻ പറ്റും. അത് പുറകേ വരുമെന്ന പ്രതീക്ഷയുണ്ട്. അത്യപൂർവമായ കേസു തന്നെയാണ് ഇത്. ഒരു വീട്ടിൽ കയറി ഒരാളും ഇത്ര ക്രൂരമായി ചെയ്തിട്ടില്ല. സാധാരണ കൊലപാതകത്തിന്റെ രീതിയിൽ ഉൾപ്പെടില്ല ഇത്. വായ്ക്കരി പോലും ഇടാൻ പറ്റാത്ത രീതിയിലാണ് അദ്ദേഹത്തെ അവർ കാണിച്ചു വച്ചത്. അതുകണ്ടത് ഞാനും അമ്മയും അനിയനും എന്റെ മക്കളുമാണ്.
സത്യസന്ധമായി കേസ് അന്വേഷിച്ച് കോടതിയിൽ എത്തിച്ച ഡിവൈഎസ്പി ജയരാജിന്റെ നേതൃത്വത്തിലുള്ള ടീമിന് നന്ദി അറിയിക്കുന്നു. അതോടൊപ്പം തന്നെ പ്രോസിക്യൂട്ടറുടെ പരിശ്രമത്തിനു നന്ദി അറിയിക്കുന്നു. ഇവരോടുള്ള നന്ദിയൊന്നും പറഞ്ഞാൽ തീരില്ല. എല്ലാ കാര്യങ്ങളും വിശദമായി പരിശോധിച്ച ശേഷമാണ് കോടതി വധശിക്ഷ വിധിച്ചത്.’’–രൺജീത്തിന്റെ ഭാര്യ പറഞ്ഞു.
കോടതി രക്ഷിച്ചെന്നും കോടതി വിധിയിൽ സംതൃപ്തയാണെന്ന് രൺജീത്തിന്റെ അമ്മയും പ്രതികരിച്ചു. അത്യപൂർവമായ കേസു തന്നെയാണ് ഇതെന്ന് അമ്മയും പറഞ്ഞു.കേരളം ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിലാണ് രൺജീത് ശ്രീനിവാസിനെ കൊലപ്പെടുത്തിയതെന്ന് ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ. പൊലീസും പ്രോസിക്യൂഷനും ആത്മാർഥമായി പ്രവർത്തിച്ചതുകൊണ്ടാണ് പ്രതികൾക്ക് വധശിക്ഷ ലഭിച്ചത്. വിധിയെ സ്വാഗതം ചെയ്യുകയാണ്. കോടതി വിധി തീവ്രവാദികൾക്കെതിരെയുള്ള ശക്തമായ താക്കീതാണെന്നും ഗോപകുമാർ പറഞ്ഞു.
കേസിലെ 15 പ്രതികൾക്കും വധശിക്ഷയാണ് മാവേലിക്കര അഡീഷനൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി (ഒന്ന്) വി.ജി.ശ്രീദേവി വിധിച്ചത്. പ്രതികൾ ദയ അർഹിക്കുന്നില്ലെന്ന് വിധി പ്രസ്താവിച്ചകൊണ്ട് കോടതി പറഞ്ഞു. 2021 ഡിസംബർ 19 ന് രൺജീത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടിൽ കയറി കുടുംബാംഗങ്ങളുടെ മുന്നിലിട്ടു വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് അത്യപൂർവ വിധി.