മലപ്പുറം: രണ്ടാംഘട്ട വോട്ടെടുപ്പില്‍ മലപ്പുറത്ത് തെരഞ്ഞെടുപ്പ് അട്ടിമറിച്ചു.മലപ്പുറത്ത് 105 ബൂത്തുകളിലും തൃശൂരിലെ ഒന്‍പത് ബൂത്തുകളിലും നാളെ റീപോളിങ് നടത്തും. ജില്ലാ കലക്ടര്‍ ടി. ഭാസ്കരന്റെ ശുപാര്‍ശ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ചു. മലപ്പുറത്തെ യന്ത്രത്തകരാര്‍ അസ്വാഭികമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. സാങ്കേതിക തകരാര്‍ ഉണ്ടായിട്ടില്ല. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണം. ഏതുതരം അന്വേഷണം വേണമെന്ന് പിന്നീട് തീരുമാനിക്കുമെന്നും കമ്മിഷന്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് അട്ടിമറിച്ചത്
മുസ്ലിം ലീഗുകാരാണെന്നാണ് വ്യാപകമായ ആരോപണം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വമ്പന്‍തോല്‍വി ഭയന്ന അവര്‍ മൂന്നൂറിലേറെ ബൂത്തുകളിെല വോട്ടിങ് യന്ത്രങ്ങള്‍ കേടാക്കുകയായിരുന്നുവെന്നാണ് സംശയം. സംഭവത്തിനു പിന്നില്‍ അട്ടിമറിയ്ക്കുള്ള ആസൂത്രിത പദ്ധതിയുണ്ടെന്ന് സാങ്കേതിക വിദഗ്ദ്ധരും വിശദീകരിക്കുന്നു.
കേരളത്തിന്റെ തെരഞ്ഞെടുപ്പു ചരിത്രത്തില്‍ മുമ്പുണ്ടായിട്ടില്ലാത്തതാണ് ഇത്തരത്തിലുള്ള അട്ടിമറി. മുസ്ലിം ലീഗിന്റെ ചിഹ്നമായ കോണിയൊഴിച്ച് ഒരു ചിഹ്നത്തിലുമുള്ള ബട്ടണുകള്‍ അമര്‍ത്താന്‍ കഴിയാത്തവിധം മെഷീനുകള്‍ തകരാറിലാക്കി. അവ പശവച്ചും സെലോ ടേപ്പുകള്‍ ഒട്ടിച്ചും കടലാസ് തിരുകിയും പ്രവര്‍ത്തിക്കാതാക്കി. പലയിടങ്ങളിലും മൂന്നുമണിക്കൂര്‍ വരെ വോട്ടിങ് സ്തംഭിച്ചു. കോണ്‍ഗ്രസ്- മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ നേര്‍ക്കുനേര്‍ മത്സരിക്കുന്ന നടക്കുന്ന സ്ഥലങ്ങളിലാണ് വ്യാപകമായി യന്ത്രങ്ങള്‍ കേടായത്. ചെറുകാവ്, ചേലമ്പ്ര, പോരൂര്‍, ചീക്കുഴി, വെട്ടം, ആനക്കയം, പാണ്ടിക്കാട്, ആലിപ്പറമ്പ്, മേലാറ്റൂര്‍, നിറമരുതൂര്‍, തവനൂര്‍, മാറഞ്ചേരി, കരുളായി, ചീക്കോട് ഗ്രാമപഞ്ചായത്തുകളിലെ ബൂത്തുകളിലാണ് യന്ത്രത്തകരാര്‍ ആദ്യം കണ്ടെത്തിയത്.
പോളിങ് ആരംഭിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മെഷീനുകള്‍ ഒന്നൊന്നായി തകരാറിലാകാന്‍ തുടങ്ങി. ഒരു ബൂത്തിലോ ഒരു പഞ്ചായത്തിലോ അല്ല, ജില്ലയില്‍ വ്യാപകമായി ഇത് സംഭവിച്ചു. മെഷീനിലെ ചില ബട്ടണുകള്‍ അമര്‍ത്താനാവാഞ്ഞതാണ് പ്രശ്‌നം. വ്യാപകമായി പരാതി ഉയര്‍ന്നപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ട് ജില്ലാ കളക്ടറോട് വിശദീകരണം തേടി. ജില്ലയിലെ 270 ബൂത്തുകളിലെ വോട്ടിങ് മെഷീനുകളാണ് തകരാറിലായത്.
വഴിക്കടവ് പഞ്ചായത്ത് മുതല്‍ തൃശ്ശൂര്‍ ജില്ലയുടെ അതിര്‍ത്തിവരെയുള്ള മുപ്പതോളം ബൂത്തുകളിലും സമാനമായ പ്രശ്‌നം കണ്ടെത്തി. അതിനിടെ, മലപ്പുറത്ത് 105 ബൂത്തുകളിലും തൃശൂരില്‍ നാല് ബൂത്തുകളിലും റീ പോളിങ്ങിന് കളക്ടര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ തുടര്‍നടപടി എന്തായിരിക്കണമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ നിശ്ചയിക്കട്ടെയെന്നും സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്യുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
വന്‍അട്ടിമറിയാണ് നടന്നതെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ നിഗമനം. ബാഹ്യ ഇടപെടല്‍ ഇല്ലാതെ ബട്ടന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്താനാവില്ലെന്ന് കമ്മീഷനിലെ വിദഗ്ദ്ധര്‍ പറഞ്ഞു. പരിശോധനയില്‍ മെഷീനുകളില്‍ ചിലതില്‍ പശ തേച്ചതായും, സെല്ലോ ടേപ്പും കടലാസും ബട്ടണുകള്‍ക്കിടയില്‍ തിരുകി വെച്ചതായും കണ്ടെത്തി. ലീഗ് പരാജയഭീതി നേരിടുന്ന താനൂര്‍, തിരൂര്‍ മേഖലകളിലെ ബൂത്തിലാണ് വോട്ടിങ് മെഷീനില്‍ പശ തേച്ചതായി കണ്ടെത്തിയത്. ചുങ്കത്തറ പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ വോട്ടിങ് മെഷീന്‍ മൂന്ന് തവണ തകരാറിലായതിനെ തുടര്‍ന്ന് അവിടെ പോളിങ് വേണ്ടെന്ന് വെച്ചിരുന്നു.
യന്ത്രത്തിലെ ബട്ടണില്‍ അമര്‍ത്തുമ്പോഴാണ് വോട്ട് രേഖപ്പെടുത്തുന്നത്. ബട്ടണില്‍ സൂപ്പര്‍ ഗ്ലൂവും ഫെവിക്യുക്കും പോലുള്ള പശ തേക്കുമ്പോള്‍ അത് വളരെ പെട്ടെന്ന് ഉണങ്ങി ബട്ടണ്‍ അമര്‍ത്താനാവാത്ത വിധം ഉറച്ചുപോകും. വോട്ടിങ് പ്രക്രിയ പൂര്‍ത്തിയാകുമ്പോള്‍ കേള്‍ക്കേണ്ട നീണ്ട ബീപ് ശബ്ദം കേള്‍ക്കാതായി. അപ്പോഴാണ് തകരാര്‍ സംഭവിച്ചതായി മനസിലായത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കൃത്രിമം കണ്ടെത്തിയത്.
അതിനിടെ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തുകയും യന്ത്രം തകരാറായതില്‍ അസ്വാഭാവികതയൊന്നുമില്ലെന്ന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. വന്‍അട്ടിമറിയാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവര്‍ത്തിക്കുമ്പോഴും ജില്ലാ കളക്ടര്‍ അത് അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. എത്ര മെഷീനുകള്‍ എവിടെയെല്ലാം കേടായെന്ന റിപ്പോര്‍ട്ടു തയ്യാറാക്കാന്‍ പോലും കളക്ടര്‍ക്കായില്ല. മുസ്ലിം ലീഗിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുന്നയാളാണ് കളക്ടറെന്ന് നേരത്തെ മുതല്‍ ആരോപണവുമുണ്ട്.
രാവിലെ വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടന്നിട്ടുണ്ടെന്ന് വാര്‍ത്തവന്നതോടെ മന്ത്രി മഞ്ഞളാംകുഴി അലി കളക്ടറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചര്‍ച്ചക്ക് ശേഷം മന്ത്രിയും കളക്ടറും പറഞ്ഞത് പോളിങ് ഉടന്‍ പുനരാരംഭിക്കുമെന്നാണ്. പക്ഷേ ഇതിന് തൊട്ടുപിന്നാലെ മുസ്ലിം ലീഗ് നേതാവ് കെ.പി.എ. മജീദ് റീ-പോളിങ് നടത്തണമെന്ന ആവശ്യപ്പെട്ടു. രാവിലെ പത്ത് മണിക്ക് മുമ്പാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. എന്നാല്‍ കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതാകട്ടെ വൈകിട്ട് 4.45 നും. 13 പഞ്ചായത്തുകളിലായ 105 ബൂത്തുകളില്‍ റീ-പോളിങ് നടത്തണമെന്നും കളക്ടര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇതിനിടെ ലീഗ് എംഎല്‍എമാര്‍ കളക്‌ട്രേറ്റില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
മണിക്കൂറുകളോളം പോളിങ് തടസ്സപ്പെട്ടപ്പോള്‍ കാത്തിരുന്ന് മുഷിഞ്ഞവര്‍ വോട്ട് ചെയ്യാതെ മടങ്ങാന്‍ തുടങ്ങി. അതോടെ പാര്‍ട്ടിപ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി ചിലയിടങ്ങളില്‍ വാക്കേറ്റവുമുണ്ടായി.
മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസും ലീഗും തമ്മില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. ലീഗിന്റെ ശക്തി കേന്ദ്രങ്ങളില്‍ അവരെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസുകാര്‍ സിപിഎം അടക്കമുള്ള പാര്‍ട്ടികളുമായി കൂട്ടുകെട്ടുണ്ടാക്കിയത് നേരത്തെ ചര്‍ച്ചയായിരുന്നു. അസാധാരണവും നാടകീയവുമായ മെഷീന്‍ തകരാര്‍ അട്ടിമറിയാണെന്നും ഗൗരവമായ അന്വേഷണം നടത്തണമെന്നും ബിജെപിയും സിപിഎമ്മും അടക്കമുള്ള പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.
വോട്ടിങ് മെഷീന്‍ തകരാറിലായതിനെത്തുടര്‍ന്ന് തൃശൂരില്‍ ഒന്‍പതിടത്ത് നാളെ റീപോളിങ് നടത്തും. തൃശൂരില്‍ അരിമ്പൂര്‍ പഞ്ചായത്തിലെ കുന്നത്തങ്ങാടി, എറവ് സൗത്ത്, തിരുവില്വാമലയിലെ പൂതനക്കര, പഴയന്നൂരിലെ വെള്ളാര്‍കുളം, അന്നമട, കയ്പമംഗലം, ഏങ്ങണ്ടിയൂര്‍, ചേലക്കര തുടങ്ങിയവിടങ്ങളിലാണ് നാളെ റീപോളിങ് നടക്കുക. തൃശൂരില്‍ അറുപതിലേറെ കേന്ദ്രങ്ങളില്‍ വോട്ടിങ് യന്ത്രം തകരാറിലായിരുന്നു.മലപ്പുറത്തെ വോട്ടിങ് യന്ത്രത്തകരാര്‍ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കത്ത് ലഭിച്ചാലുടന്‍ പ്രഖ്യാപനമുണ്ടാകും. ഇത് ഗൗരവമേറിയ സംഭവമാണെന്നും ചെന്നിത്തല പറഞ്ഞു.