സ്വന്തം ലേഖകൻ
മുംബൈ: കോട്ടയം പാലാ രാമപുരം സ്വദേശിനിയും മകനും മുംബൈയിൽ ഫ്‌ളാറ്റിൽ നിന്ന് ചാടി ജീവനൊടുക്കി. മുംബൈ ചാണ്ഡീവ്‌ലിയിലാണ് സംഭവം. പാലാ രാമപുരം സ്വദേശിയായ രേഷ്മ മാത്യു ട്രെഞ്ചിൽ (43), മകൻ ഗരുഡ് (ആറ്) എന്നിവരാണ് ജീവനൊടുക്കിയത്.
സംഭവത്തിൽ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി ഇവരുടെ അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. രേഷ്മയുടെ ഭർത്താവ് കോവിഡ് ബാധിച്ച് നേരത്തെ മരിച്ചിരുന്നു.
തിങ്കളാഴ്ച അർധരാത്രി 2.30ഓടെ രേഷ്മ താമസിച്ച ഫ്‌ളാറ്റിൽ നിന്നും മകനോടൊപ്പം ചാടുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. രേഷ്മയുടെ ആത്മഹത്യാ
കുറിപ്പിൽ അയൽക്കാർ നിരന്തരം ശല്യംചെയ്യുന്നതായി എഴുതിയിട്ടുണ്ട്.
ഫ്‌ളാറ്റിന് താഴെ താമസിക്കുന്നവർ തങ്ങളെ കുറിച്ച് പരാതിപ്പെടുന്നതായി ആത്മഹത്യാ
കുറിപ്പിൽ പറയുന്നു. മകൻ അമിതമായി ബഹളം വെക്കുന്നുവെന്ന് കാട്ടി സൊസൈറ്റി ബോർഡ് അംഗങ്ങളോടും പൊലീസിനോടും ഇവർ തങ്ങളെ കുറിച്ച് പരാതിപ്പെട്ടുവെന്നും കുറിപ്പിലുണ്ട്.
രേഷ്മയുടെ ഭർത്താവ് ശരത് മുലുക്തല മെയ് മാസത്തിലാണ് കൊവിഡ് ബാധിച്ച് മരിച്ചത്. വാരണാസിയിൽ വെച്ചായിരുന്നു മരണം. ഭർത്താവിനെ അവസാനമായി കാണാനോ അന്ത്യകർമങ്ങൾ ചെയ്യാനോ ഇവർക്ക് സാധിച്ചിരുന്നില്ല. ഭർത്താവിന്റെ മരണത്തോടെ രേഷ്മ വിഷാദാവസ്ഥയിലായിരുന്നു.
അയൽക്കാരനായ 33കാരനെതിരെയും ഇയാളുടെ മാതാപിതാക്കൾക്കെതിരെയുമാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരിക്കുന്നത്.