
ഇടുക്കിയില്‍ വീണ്ടും ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങി. ശാന്തന്‍പാറയിലെ ഏലപ്പാട്ട ഭൂമിയില്‍ അനധികൃത റോഡ് നിര്‍മ്മാണം റവന്യു വിഭാഗം തടഞ്ഞു. ലോറിയും മണ്ണുമാന്തിയും പിടിച്ചെടുത്തു. ഒന്നര കിലോമീറ്ററില്‍ അധികം വഴിവെട്ടിയെടുത്തതിലാണ് ദേവികുളം അഡീഷണല്‍ തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള റവന്യു സംഘം നടപടിയെടുത്തത്.
വെടിമരുന്ന് ഉപയോഗിച്ച് പാറപൊട്ടിച്ചായിരുന്നു അനധികൃതമായി റോഡ് വെട്ടിയത്. എഡിഎമ്മിന്റെ അനുമതിയുണ്ടെന്ന് കാണിച്ചാണ് റോഡ് നിര്‍മ്മാണം നടത്തിവന്നിരുന്നത്. എന്നാല്‍ ചെറിയ വഴിവെട്ടാമെന്നതിന് അപ്പുറം സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിക്കാന്‍ അനുമതിയുണ്ടായിരുന്നില്ല. എന്നാല്‍ ഒന്നരക്കിലോമീറ്ററോളം വെടുമരുന്ന് ഉപയോഗിച്ച് പാറപ്പൊട്ടിച്ചാണ് ശാന്തന്‍പ്പാറയില്‍ ഏലത്തോട്ടത്തില്‍ റോഡ് വെട്ടാന്‍ ശ്രമം നടന്നത്.
പാപ്പാത്തിച്ചോലയിലെ കുരിശുപൊളിച്ചു മാറ്റിയതിന് മുഖ്യമന്ത്രി റവന്യു ഉദ്യോഗസ്ഥരെ ശാസിച്ചിരുന്നു. ഇതിന് പിന്നാലെ എല്‍ഡിഎഫ് യോഗത്തിലും റവന്യു മന്ത്രി ഇ ചന്ദ്രശേഖരനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ഒഴിപ്പിക്കല്‍ നടപടിയുമായി മുന്നോട്ട് പോകുമെന്ന് മന്ത്രിയും സിപിഐയും വ്യക്തമാക്കിയിരുന്നു.