ബ്രൂവറി തുടങ്ങാന്‍ ഋഷിരാജ് സിംഗിന്റെ ശിപാര്‍ശ; ‘കേരളത്തിലെ വെള്ളത്തില്‍ നിര്‍മ്മിക്കുന്ന ബിയറിന് വിദേശ രാജ്യങ്ങളില്‍ വന്‍ ഡിമാന്റെന്ന്’

തിരുവനന്തപുരം: സംസ്ഥാനത്ത് ബ്രൂവറി ചര്‍ച്ചാ വിഷയമായി നില്‍ക്കെ ഇരിങ്ങാലക്കുടയില്‍ ബ്രൂവറി തുടങ്ങാന്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ ശിപാര്‍ശ. തൃശ്ശൂരില്‍ ബ്ലെന്‍ഡിംഗ് ആന്‍ഡ് ബോട്ടിലിങ് യൂണിറ്റ് തുടങ്ങുന്നതിനായി ശ്രീചക്ര ഡിസ്റ്റിലറി സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ ശിപാര്‍ശ കത്ത്. തൃശ്ശൂരിലെ ഇരിങ്ങാലക്കുടയില്‍ ബ്രൂവറി നിര്‍മ്മിക്കുന്നതിന് അനുമതി തേടി ശ്രീചക്ര സമര്‍പ്പിച്ച അപേക്ഷ ചീഫ് സെക്രട്ടറി നിരസിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഋഷിരാജ് സിംഗിന്റെ ശിപാര്‍ശ.

നിലവിലുള്ള അബ്കാരി പോളിസി അനുസരിച്ച് ബ്രൂവറി തുടങ്ങാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് സെക്രട്ടറി അനുമതി നിഷേധിച്ചത്. തുടര്‍ന്നാണ് ശ്രീചക്ര ഋഷിരാജ് സിംഗിന്റെ ശിപാര്‍ശയുമായി വീണ്ടും ചീഫ് സെക്രട്ടറിയെ സമീപിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിദേശ രാജ്യങ്ങളായ മസ്‌ക്കറ്റ്, യു.എ.ഇ, ബഹ്‌റിന്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും കമ്പനിയ്ക്ക് ധാരാളം ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ടെന്നും കേരളത്തിലെ വെള്ളത്തില്‍ നിര്‍മ്മിക്കുന്ന ബിയറുകള്‍ക്ക് വിദേശ രാജ്യങ്ങളില്‍ ഡിമാന്റ് ആണെന്നും കേരളത്തില്‍ കമ്പനി ആരംഭിച്ചാല്‍ കൂടുതല്‍ മദ്യം കയറ്റുമതി ചെയ്യാന്‍ കഴിയുമെന്നും ശിപാര്‍ശ കത്തില്‍ പറയുന്നു. ഇരിങ്ങാലക്കുടയില്‍ ബ്രൂവറി ആരംഭിച്ചാല്‍ പ്രത്യക്ഷത്തില്‍ 300 പേര്‍ക്കും പരോക്ഷമായി നിരവധി പേര്‍ക്കും തൊഴില്‍ ലഭ്യമാകുമെന്നും മദ്യം കയറ്റുമതി ചെയ്യുന്നതിനാല്‍ ഖജനാവിലേക്ക് വിദേശനാണ്യം ലഭിക്കുമെന്നും പറയുന്നുണ്ട്.

സംഭവത്തെക്കുറിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ റോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

സിംഗ് അണ്ണാ, നീങ്ക പെരിയവൻ

രാജസ്ഥാൻ മരുഭുമിയിലേക്ക് മണലും
അന്റാർട്ടിക്കയിലേക്ക് ഐസും കേറ്റി അയക്കുന്നതിന്റെ സാധ്യത മലയാളികൾ പ്രയോജനപ്പെട്ടു ത്തണമെന്ന് നമ്മുടെ ചിറ്റപ്പൻ മന്ത്രിയുടെ അരുളപ്പാടുകൾ അറിഞ്ഞിട്ടാവും എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിനും ആഫ്രിക്കയിലേക്ക് ബീയർ കയറ്റി അയക്കാൻ വെളിപാടുണ്ടായതെന്ന് തോന്നുന്നു.

ശ്രീ ചക്ര മുതലാളിക്ക് അനുവദിച്ച ബ്രൂവറിയിൽ നിന്ന് ആഫ്രിക്ക. യു എ ഇ, ബഹറിൻ, മസ്കറ്റ് തുടങ്ങിയ രാജ്യങ്ങളിലേക്ക് ബീയറ് കയറ്റി അയക്കാൻ സാധ്യത ഉണ്ടെന്നാണ് സിംഗ് പറയുന്നത്. സിംഗിന്റെ ഉത്തരവിന്റെ പ്രധാന ഭാഗത്തിൽ ശ്രീ ചക്ര മുതലാളിയെ ഉദ്ധരിച്ച് പറയുന്ന ഭാഗം വായിച്ച് എനിക്ക് കുളിര് കേറി- “കേരളത്തിലെ വെള്ളത്തിൽ നിർമ്മിക്കുന്ന ബീയറിന് വിദേശ രാജ്യങ്ങളിൽ വൻ ഡിമാന്റാണെന്ന് ” പറയുന്നുണ്ട്. ഈ വെള്ളത്തിന് മുന്നിൽ ഗംഗാജലം, , ഹന്നാൻ വെള്ളം, സംസം വെള്ളമൊക്കെ വെറും മലിന ജലം തന്നെ ..
സിംഗുമനസിൽ ഇല്ലോളം കള്ളമില്ല.
ലോകോത്തര ബീയർ കമ്പിനികൾ നമ്മുടെ വെള്ളമെടുത്ത് ബീയർ ഉണ്ടാക്കി നവകേരളം സൃഷ്ടിക്കുന്നത് കാണാൻ ഇടവരുത്തണെ ഫഗവാനെ എന്ന് പ്രാർത്ഥിക്കാം.

സിംഗ് ഈസ് കിംഗ്.

Top