സി.പി.എം. പ്രവര്‍ത്തകര്‍ പ്രതികളായ കുന്നംകുളം തൊഴിയൂരില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സുനിലിനെ വധിച്ച കേസില്‍ യഥാര്‍ഥപ്രതി കാല്‍നൂറ്റാണ്ടിനുശേഷം പിടിയില്‍. ജം ഇയ്യത്തുല്‍ ഹിസാനിയ സംഘടനയുടെ പ്രവര്‍ത്തകന്‍ ചാവക്കാട് പാലയൂര്‍ കറുപ്പം വീട്ടില്‍ മൊയ്‌തു എന്ന മൊയ്‌നുദീനെയാ(49)ണു ക്രൈംബ്രാഞ്ച് അറസ്‌റ്റ് ചെയ്‌തത്.
കേസുകളുടെ ചരിത്രത്തില്‍ അത്യപൂര്‍വ സംഭവമാണിത്. 1994-ലാണ് ആര്‍.എസ്.എസ്. കാര്യവാഹക് തൊഴിയൂര്‍ മനങ്കുളം വീട്ടില്‍ സുനില്‍ (19) കൊല്ലപ്പെട്ടത്. ആദ്യം കേസ് അന്വേഷിച്ച ലോക്കല്‍ പോലീസ് ഒമ്പതു സി.പി.എമ്മുകാരാണു കൊലപാതകം നടത്തിയതെന്നാണു കണ്ടെത്തിയത്. കേസില്‍ ജീവപര്യന്തം തടവിനുശിക്ഷിച്ച നാലു സി.പി.എം. പ്രവര്‍ത്തകര്‍ നാലുവര്‍ഷത്തിലേറെ ജയിലില്‍ കിടന്നിരുന്നു. പിന്നീട്, ഇവര്‍ക്ക് കേസില്‍ പങ്കില്ലെന്നുകണ്ട് ഹൈക്കോടതി കുറ്റവിമുക്തരാക്കി.
തുടര്‍ന്ന് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് പുതിയ അറസ്റ്റ്. തുടരന്വേഷണം നടത്തിയ പ്രത്യേകസംഘത്തിന് ജം ഇയ്യത്തുല്‍ ഇഹ്‌സാനിയയാണ് കൊലപാതകത്തിന് പിന്നിലെന്ന് സുപ്രധാന സൂചനലഭിച്ചിരുന്നു. 1994 ഡിസംബര്‍ നാലിന് പുലര്‍ച്ചെ രണ്ടുമണിക്കായിരുന്നു കൊലപാതകം. സുനില്‍, സഹോദരന്‍ സുബ്രഹ്മണ്യന്‍, അച്ഛന്‍, അമ്മ, മൂന്നു സഹോദരിമാര്‍ എന്നിവരെ വീട്ടിലെത്തിയ സംഘം ക്രൂരമായി ആക്രമിച്ചു. സുനിലിനെ വെട്ടിക്കൊന്നു.
ശബ്ദംകേട്ടുണര്‍ന്ന സുബ്രഹ്മണ്യന്റെ ഇടതുകൈ അറുത്തെടുത്താണ് സംഘം രക്ഷപ്പെട്ടത്. ആദ്യം കേസന്വേഷിച്ച ലോക്കല്‍ പോലീസ് സി.പി.എം. പ്രവര്‍ത്തകരായ വി.ജി. ബിജി, ബാബുരാജ്, അനുഭാവികളായ ഹരിദാസ്, റഫീക്ക്, ജയ്‌സണ്‍, ജയിംസ് ആളൂര്‍, ഷെമീര്‍, അബൂബക്കര്‍, സുബ്രഹ്മണ്യന്‍ എന്നിവരെ പ്രതികളാക്കി കേസെടുത്തു.
ഇവരില്‍ വി.ജി. ബിജി, ബാബുരാജ്, റഫീക്ക്, ഹരിദാസന്‍ എന്നിവരെ തൃശ്ശൂര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. കണ്ണൂര്‍ ജയിലില്‍ പ്രതികള്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ 2012-ല്‍ തീവ്രവാദവിരുദ്ധ സ്‌ക്വാഡിന്റെ അന്വേഷണത്തിലാണ് സുനില്‍ വധത്തില്‍ തീവ്രവാദസംഘടനയ്ക്ക് പങ്കുണ്ടെന്നു കണ്ടെത്തിയത്.
അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകള്‍ മുദ്രവെച്ച കവറില്‍ ഹൈക്കോടതിക്കു കൈമാറി. തുടര്‍ന്ന്, പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് പരിശോധിച്ച കോടതി ഇവരെ കുറ്റവിമുക്തരാക്കി.
കേസ് പരിഗണിച്ച ജസ്റ്റിസ് ദിനകര്‍, ശങ്കരനാരായണന്‍ എന്നിവരടങ്ങിയ ബെഞ്ച്, ജം ഇയ്യത്തുല്‍ ഇഹ്‌സാനിയയ്ക്കു ബന്ധമുണ്ടെന്നാരോപിക്കുന്ന എട്ടു കൊലപാതകങ്ങളും പുനരന്വേഷിക്കാന്‍ ഉത്തരവിട്ടു. 2017-ലാണ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്.
തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുടെ വീട്ടില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ ചേകന്നൂര്‍ മൗലവി തിരോധാനക്കേസ് പ്രതിയായ സൈതലവിയുടെ കൂട്ടാളിയാണെന്ന് സൂചനയുണ്ട്. ശനിയാഴ്ച മലപ്പുറത്തുനിന്നാണ് അറസ്റ്റുചെയ്തത്. കരാട്ടെ അധ്യാപകനായിരുന്ന മൊയ്‌നുദീന്‍ ഇപ്പോള്‍ ഹോട്ടല്‍ തൊഴിലാളിയാണ്.