സുപ്രീം കോടതിയിലെ അസാധാരണ നടപടികള്‍: ജസ്റ്റിസ് ലോയയുടെ മരണം ദുരൂഹം; പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഉള്‍പ്പെടെ കള്ളക്കളികള്‍

ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ മുതിര്‍ന്ന ജഡ്ജിമാര്‍ പ്രതിഷേധിച്ച സംഭവത്തിനു ശേഷം സുപ്രിം കോടതി നടപടികള്‍ പുനരാരംഭിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സുപ്രീം കോടതി ബാര്‍ കൗണ്‍സില്‍ നാളെ അടിയന്തിരമായി യോഗം ചേരും. അതേസമയം, ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇന്ന് മാധ്യമങ്ങളെ കാണില്ല. നേരത്തെ അദ്ദേഹം ഉച്ചക്ക് മാധ്യമങ്ങളെ കാണുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ടായിരുന്നു.

ജുഡീഷ്യറിയിലെ അഴിമതിയെ കുറിച്ച് ഇന്ന് തുറന്നടിച്ച ജസ്റ്റിസ് ചെലമേശ്വര്‍ ഏതെല്ലാം കേസുകളിലാണ് അട്ടിമറി നടന്നതെന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറഞ്ഞില്ല. എന്നാല്‍ ജസ്റ്റിസ് ബി.എച്ച് ലോയ കേസ് ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ‘അതെ’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ലോയ കേസ് ഉള്‍പ്പടെ നിരവധി കേസുകളില്‍ അഴിമതി നടന്നതായാണ് സൂചന. കേസില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയിലാണ് ഇന്ന് വാദം നടക്കേണ്ടിയിരുന്നത്. സൊഹ്റാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മുംബൈ പ്രത്യേക സിബിഐ കോടതി ജഡ്ജിയായിരുന്ന ബി.എച്ച് ലോയ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോയയുടെ മരണത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ മാധ്യമപ്രവര്‍ത്തകന്‍ ബന്ദുരാജ് ശംഭാജി ലോണാണ് കോടതിയെ സമീപിച്ചത്. വിശദാന്വേഷണം ആവശ്യപ്പെട്ട് പഞ്ചാബ്-ഹരിയാന ഹൈക്കോടതി ബാറിലെ 470 അഭിഭാഷകര്‍ ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയിരുന്നു. സിബിഐയോ പ്രത്യേക അന്വേഷണസംഘമോ വിശദമായി അന്വേഷിക്കണമെന്നായിരുന്നു അഭിഭാഷകരുടെ ആവശ്യം. ജഡ്ജിമാരുടെ ജീവന്‍പോലും അപകടത്തിലാണെന്നത് നീതിന്യായവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അന്വേഷണം ആവശ്യപ്പെട്ട് ചില സാമൂഹ്യപ്രവര്‍ത്തകര്‍ ബോംബെ ഹൈക്കോടതി നാഗ്പുര്‍ ബെഞ്ചിലും ക്രിമിനല്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിസ്ഥാനത്തുണ്ടായിരുന്ന വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന ലോയയുടെ മരണത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്ന പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നിരുന്നു.

മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന ആവശ്യവുമായി കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകരും രംഗത്തെത്തി. അന്വേഷണം നടത്താന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് നാവികസേന മുന്‍ തലവന്‍ അഡ്മിറല്‍ എല്‍ രാംദാസും ചീഫ് ജസ്റ്റിസിന് കത്ത് നല്‍കി. കേസില്‍ പ്രത്യേക അന്വേഷണസംഘത്തെ ചുമതലപ്പെടുത്തണമെന്ന് ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജി ബി എച്ച് മര്‍ളപല്ലെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ജസ്റ്റിസ് ബി.എ,ച്ച്.ലോയയുടെ മരണത്തിലെ ദുരൂഹത

വെറും 48 വയസില്‍ തികച്ചും ആരോഗ്യവാനായ ലോയയുടെ മരണം വീട്ടുകാരെ തളര്‍ത്തിക്കളഞ്ഞു.മരണം അറിയിച്ച രീതി, പോസ്റ്റ്‌മോര്‍ട്ടം നടത്തിയ രീതി, മൃതദേഹം കൊണ്ടുവന്ന രീതി, ഉന്നതനായ ജഡ്ജിയുടെ മൃതദേഹത്തെ ആരും അനുഗമിക്കാതിരുന്നത്, അങ്ങനെ സംശയങ്ങള്‍ അന്നേ ഉയര്‍ന്നു. ഹൃദയാഘാതം മൂലം ജസ്റ്റിസ് ലോയ മരിച്ചുവെന്നാണ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്.

ഗുജറാത്തില്‍ അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷാ ആയിരുന്നു കേസിലെ മുഖ്യപ്രതി.ലോയയുടെ മരണത്തെ കുറിച്ച് വീട്ടുകാര്‍ ഒന്നും പ്രതികരിച്ചില്ല. നിറയെ ഭയമായിരുന്നു അവര്‍ക്ക്. ജീവനില്‍ കൊതിയുള്ളതുകൊണ്ട്. കേസില്‍ ഉള്‍പ്പട്ടവരെല്ലാം പ്രമുഖര്‍. ഇംഗ്ലീഷ് വാരികയായ കാരവന്‍ റിപ്പോര്‍്ട്ടര്‍ നിരഞ്ജന്‍ താക്ക്‌ലെ ആദ്യം ലോയയുടെ ബന്ധുക്കളെ സമീപിച്ചപ്പോള്‍ തണുത്ത പ്രതികരണമായിരുന്നു.എന്നാല്‍, ഏറ്റവുമൊടുവില്‍ ലോയയുടെ സഹോദരിയും ഡോക്ടറുമായ അനുരാധ ബിയാനി മനസ്തുറന്നപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്.

സൊഹ്‌റാബുദീന്‍ കേസില്‍ അനുകൂല വിധി പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് 100 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്‌തെന്നാണു അനുരാധ വെളിപ്പെടുത്തിയത്.മരിക്കുന്നതിനു കുറച്ചുദിവസങ്ങള്‍ക്കു മുന്‍പു ദീപാവലി ആഘോഷത്തിനായി ഗടേഗാവിലെ തറവാട്ടുവീട്ടില്‍ കൂടിയപ്പോഴാണ് ലോയ ബിയാനിയോട് ഇക്കാര്യം പറഞ്ഞത്.

സൊറാബുദീന്‍ കേസില്‍ അനുകൂല വിധി പുറപ്പെടുവിക്കാന്‍, അന്നത്തെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹിത് ഷാ 100 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നാണു ലോയ സഹോദരിയോട് പറഞ്ഞത്. അനുകൂല വിധി പറയാന്‍ ലോയയ്ക്കു വലിയ തോതില്‍ പണവും മുംബൈയില്‍ വീടും ചിലര്‍ കൈക്കൂലി കൊടുക്കാമെന്നു പറഞ്ഞിരുന്നതായി പിതാവ് ഹര്‍കിഷനും വെളിപ്പെടുത്തി. ബിയാനിയുടെ വെളിപ്പെടുത്തലിനെപ്പറ്റി മോഹിത് ഷായുടെയോ മറ്റുള്ളവരുടെയോ പ്രതികരണം ലഭ്യമായിട്ടില്ല.

2014 ഡിസംബര്‍ ഒന്നിനു പുലര്‍ച്ചെ നാഗ്പുരിലായിരുന്നു ലോയയുടെ മരണം. ഹൃദയാഘാതമാണു മരണകാരണമെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടെങ്കിലും ഭാര്യയെയോ ബന്ധുക്കളെയോ അറിയിക്കാതെ തിടുക്കത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതാണു ദുരൂഹത സൃഷ്ടിച്ചത്. ബിജെപി അധ്യക്ഷന്‍ അമിത് ഷാ, രാജസ്ഥാന്‍ ആഭ്യന്തര മന്ത്രി ഗുലാബ്ചന്ദ് കടാരിയ എന്നിവര്‍ പ്രതികളായ കേസില്‍ വിചാരണ നടത്തുന്ന ജഡ്ജി മരിച്ചത് അന്വേഷിക്കണം എന്നാവശ്യപ്പെട്ടു തൃണമൂല്‍ കോണ്‍ഗ്രസും സൊഹ്‌റാബുദീന്റെ സഹോദരനും രംഗത്തെത്തിയെങ്കിലും നടപടിയുണ്ടായില്ല. ലോയയുടെ ഭാര്യ ഷര്‍മിളയും മകന്‍ അനൂജും ഭയം കാരണം ഇപ്പോഴും ഒന്നും പറയുന്നില്ല.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വൈരുധ്യങ്ങള്‍, മരണശേഷം പാലിക്കേണ്ട നടപടിക്രമങ്ങളിലെ വീഴ്ചകള്‍, മൃതദേഹം ബന്ധുക്കള്‍ക്കു കൈമാറുമ്പോഴുള്ള അവസ്ഥ ഉള്‍പ്പെടെ അസ്വസ്ഥത സൃഷ്ടിക്കുന്ന ഒട്ടേറെ ചോദ്യങ്ങളാണു ലോയയുടെ പിതാവും സഹോദരിമാരും ഉയര്‍ത്തുന്നത്. നീതിപൂര്‍വമായ വിചാരണ ഉറപ്പാക്കാന്‍ കേസ് മഹാരാഷ്ട്രയിലേക്കു മാറ്റാന്‍ 2012ലാണു സുപ്രീം കോടതി ഉത്തരവിട്ടത്. ഒരു ജഡ്ജി തന്നെ വാദം പൂര്‍ണമായി കേള്‍ക്കണമെന്നും ഉത്തരവിട്ടു. മുംബൈയിലുണ്ടായിട്ടും അമിത് ഷാ ഒക്ടോബര്‍ 31നു കോടതിയില്‍ ഹാജരാകാഞ്ഞതിനെ ലോയ വിമര്‍ശിച്ചിരുന്നു. ഡിസംബര്‍ 15ലേക്കു കേസ് മാറ്റുകയും ചെയ്തു. ഡിസംബര്‍ ഒന്നിനായിരുന്നു ലോയയുടെ മരണം.

പോസ്റ്റ്മോര്‍ട്ടത്തിലെ കള്ളക്കളികള്‍

സഹജഡ്ജിയായ സപ്ന ജോഷിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ജസ്റ്റിസ് ലോയ നാഗ്പൂരില്‍ പോയത്. ആദ്യം പോകാന്‍ ഉദ്ദേശിച്ചിരുന്നില്ലെങ്കിലും, രണ്ട് സഹജഡ്ജിമാരുടെ നിര്‍ബന്ധം മൂലമാണ് ഒടുവില്‍ പോയത്.രാത്രി 11 ന് ഭാര്യ ശര്‍മിളയുമായി ഫോണില്‍ സംസാരിച്ചിരുന്നു.സര്‍ക്കാര്‍ ഗസ്റ്റ് ഹൗസായ രവിഭവനിലായിരുന്നു താമസം.ആ കോളിന് ശേഷം രാവിലെ അറിയുന്നത് കാര്‍ഡിയാക് അറസ്റ്റ് മൂലം ലോയ മരിച്ചുവെന്ന വിവരം.പുലര്‍ച്ചെ അഞ്ചിന് അതിഥിമന്ദിരത്തില്‍ ഒപ്പമുണ്ടായിരുന്ന ജഡ്ജി ബാര്‍ദെയാണ് മരണവിവരം ഭാര്യയെയും ബന്ധുക്കളെയും വിളിച്ചറിയിച്ചത്.

രാത്രി 12.30ന് ലോയയ്ക്കു നെഞ്ചുവേദനയുണ്ടായെന്നും ഓട്ടോറിക്ഷയില്‍ നാഗ്പുരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെന്നുമാണ് പറഞ്ഞത്. പിന്നീട് മറ്റൊരു ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും അവിടെ എത്തുന്നതിനു മുന്‍പു മരിച്ചു. പോസ്റ്റുമോര്‍ട്ടം നടത്തിയെന്നും ആര്‍എസ്എസ് പ്രവര്‍ത്തകനായ ഈശ്വര്‍ ബഹേതി മൃതദേഹം കുടുംബവീടായ ലത്തൂരിലെ ഗടേഗാവില്‍ എത്തിക്കുമെന്നുമാണു ലോയയുടെ പിതാവ് ഹര്‍കിഷന്‍, സഹോദരിമാരായ ഡോ. അനുരാധ ബിയാനി, സരിത മന്ധാനെ എന്നിവരെ ബാര്‍ദ അറിയിച്ചത്. നാഗ്പുരിലേക്ക് ചെല്ലേണ്ടെന്നും അറിയിച്ചു.

ഷര്‍ട്ടിന്റെ കോളറിലെ രക്തക്കറ

രാത്രി 11.30നാണു മൃതദേഹം ലത്തൂരിലെ കുടുംബവീട്ടില്‍ എത്തിക്കുന്നത്. ആംബുലന്‍സില്‍ ഡ്രൈവര്‍ അല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല. നാഗ്പുരില്‍ ഒപ്പമുണ്ടായിരുന്ന ജഡ്ജിമാരോ പൊലീസോ ആരും മൃതദേഹത്തെ അനുഗമിച്ചില്ല. നാഗ്പുരില്‍ വിവാഹത്തിനു ലോയയെ നിര്‍ബന്ധിച്ചു കൊണ്ടുപോയ സഹപ്രവര്‍ത്തകര്‍ പോലും ഉണ്ടായില്ല. മൃതദേഹത്തിന്റെ തലയ്ക്കു പിന്നില്‍ മുറിവുണ്ടായിരുന്നെന്നും ഷര്‍ട്ടിന്റെ കോളറില്‍ രക്തക്കറ ഉണ്ടായിരുന്നെന്നും സഹോദരി അനുരാധ പറയുന്നു. കണ്ണാടി മൃതദേഹത്തിന്റെ അടിയില്‍ വച്ചിരിക്കുന്ന നിലയിലായിരുന്നു. വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നു ഡോക്ടര്‍ കൂടിയായ അനുരാധ ആവശ്യപ്പെട്ടെങ്കിലും ലോയയുടെ സഹപ്രവര്‍ത്തകര്‍ നിരുല്‍സാഹപ്പെടുത്തി. ലോയയുടെ മൊബൈല്‍ ഫോണ്‍ നാലാം ദിവസമാണ് എത്തിച്ചത്. ഫോണിലെ കോള്‍ വിവരങ്ങളും സന്ദേശങ്ങളുമെല്ലാം മായ്ച്ചുകളഞ്ഞിരുന്നു. മരിച്ചയാളുടെ വസ്ത്രവും മറ്റു സാധനങ്ങളും പൊലീസാണ് എത്തിക്കേണ്ടതെങ്കിലും ഫോണ്‍ കൈമാറിയത് ആര്‍എസ്എസ് പ്രവര്‍ത്തകനായ ഈശ്വര്‍ ബഹേതിയാണ്.സംഭവത്തിന് രണ്ടുമൂന്ന് ദിവസം മുമ്പ് സര്‍, ഈ ആളുകളുടെ അടുത്ത് നിന്ന് മാറി സുരക്ഷിതാകൂ എന്ന് അഭ്യര്‍ത്ഥിക്കുന്ന സന്ദേശം ഫോണില്‍ വന്നിരുന്നു. എന്നാല്‍, സന്ദേശങ്ങളെല്ലാം ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്തിരുന്നു.

ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍

എന്തുകൊണ്ടാണ് ലോയയെ ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ വീട്ടുകാരെ അറിയിക്കാതിരുന്നത്? മരണം നടന്നയുടന്‍ വിവരം എന്തുകൊണ്ട് അറിയിച്ചില്ല? പോസ്റ്റ്‌മോര്‍ട്ടം എന്തിന് നടത്തി? ആരുശുപാര്‍ശ ചെയ്തു?ആദ്യം കൊണ്ട് പോയ കുപ്രസിദ്ധമായ ദണ്ടേ ആശുപത്രിയില്‍ എന്തുമരുന്നാണ് നല്‍കിയത്? വിഐപികള്‍ താമസിക്കുന്ന രവിഭവനില്‍ നിന്ന് ലോയയെ ഓട്ടോയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയത് എന്തുകൊണ്ട്? ഡോക്ടര്‍മാരും, ആശുപത്രി ജീവനക്കാരും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതിരുന്നത്..അങ്ങനെ ദുരൂഹതകളുടെ ശൃംഖല നീളുന്നു.

Top